- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണം
അഹമ്മദാബാദ്: ടീമെന്ന നിലയിൽ ലോകത്തെ ഏറ്റവും അപകടകാരികളാണ് ഓസീസ് ക്രിക്കറ്റ് ടീം. താളം വീണ്ടെടുത്താൽ ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കെൽപ്പുള്ള 11 പേരുടെ സംഘം. ഈ ലോകകപ്പിന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം അത്രയ്ക്ക് ഫോമിൽ ആയിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പര തോൽവിയോടെ ഫേവറേറ്റുകളുടെ ഗണത്തിലായിരുന്നില്ല പാറ്റ് കമ്മിൻസും സംഘവും. തുടർച്ചയായ രണ്ട് തോൽവിയോടെ ടീം നോക്കട്ടിലെത്തുമോ എന്ന ആശങ്ക പോലുമുണ്ടായി. അവിടന്ന് അങ്ങോട്ട് തോൽവി അറിയാതെ കുതിക്കുകയായിരുന്നു ഈ സംഘം. ക്യാപ്ടനെന്ന നിലയിൽ പാറ്റ് കമ്മിൻസ് ഒന്നിനൊന്ന് മികച്ചു നിന്നു. ഇതോടെ ആറാം ലോകക്കപ്പിൽ ഓസീസ് മുത്തമിട്ടു.
മൂന്നാം ലോകകിരീടം സ്വന്തം നാട്ടിൽ നേടാമെന്ന പ്രതീക്ഷവെച്ച ടീം ഇന്ത്യയ്ക്ക് ഫൈനലിൽ കാലിടറുകയായിരുന്നു. 2003ലെ തോൽവിയെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു ഇന്നലെ അഹമ്മദാബാദിൽ രോഹിതും കൂട്ടരും തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യയെ എല്ലാ അർത്ഥത്തിലും നിലംപരിശാക്കിയ പ്രകടനം. 20 വർഷങ്ങൾക്ക് ശേഷം ഓസീസിനോട് പകരം ചോദിക്കാൻ ടീമൊരുക്കിയ കോച്ച് ദ്രാവിഡിനും ഇത് ഇരട്ടക്കണ്ണീരായി.
ഐസിസി ടൂർണമെന്റുകളിലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം എന്നത് പകരംവെയ്ക്കാനാകാത്ത ഒരു ശക്തിയാണ്. ഒരു ലോകകപ്പ് ടൂർണമെന്റിന് മുമ്പോ അതിന് ശേഷമോ ഒരുപക്ഷേ നിങ്ങൾക്ക് അത്രയും കരുത്തരായ ഒരു ടീമിനെ കാണാൻ കഴിഞ്ഞേക്കില്ല. ഈ പറഞ്ഞ കാര്യത്തിന് ക്രിക്കറ്റ് ചരിത്രത്തിൽ നിരവധിയുണ്ട് ഉദാഹരണങ്ങൾ. അക്കൂട്ടത്തിലേക്ക് ഒടുവിലിതാ ഇന്ത്യയിൽ നടന്ന 13-ാം ലോകകപ്പും.
ആദ്യ ഏഴ് ഓവറുകൾക്കുള്ളിൽ ഓസീസിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്താൻ സാധിച്ചു എന്നത് മാത്രമായിരുന്നു 240 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് സാധിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് - മാർനസ് ലബുഷെയ്ൻ സഖ്യം മത്സരവും കിരീടവും ഇന്ത്യയിൽ നിന്ന് സ്വന്തമാക്കി. ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ സെഞ്ചുറി നേടിയ ഹെഡും അർധ സെഞ്ചുറി നേടിയ ലബുഷെയ്നും ചേർന്ന് ബാറ്റിങ് വിരുന്ന് തന്നെ കാഴ്ചവെച്ചു.
2003-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമെന്നോണം ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി ഒരു തോൽവി. അന്ന് ദുരന്തനായകനായത് സൗരവ് ഗാംഗുലിയായിരുന്നു. ഇന്ന് രോഹിത് ശർമ്മയും. ഇന്ത്യൻ ആരാധകർക്ക് തങ്ങളുടെ മനസിൽ നിന്ന് ഇന്നും മായ്ച്ചുകളയാൻ സാധിക്കാത്ത നീറുന്ന ഓർമകളിലൊന്നാണ് 2003 മാർച്ച് 23-ാം തീയതി ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ആ ഫൈനൽ. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും യുവരാജ് സിങ്ങും സഹീർ ഖാനും ശ്രീനാഥുമെല്ലാം അടങ്ങിയ അന്നത്തെ ടീം ഫൈനലിൽ ഓസീസിനെ കീഴടക്കി കിരീടവുമായി മടങ്ങുമെന്ന് തന്നെ ഇന്ത്യൻ ആരാധകർ കരുതി.
ടൂർണമെന്റിലുടനീളം സച്ചിൻ കാഴ്ചവെച്ച മിന്നുന്ന ബാറ്റിങ് ഫോം തന്നെയായിരുന്നു ആ പ്രതീക്ഷകൾക്ക് പിന്നിൽ. എന്നാൽ എല്ലാ പ്രതീക്ഷകളും അന്നത്തെ ആ മൈറ്റി ഓസീസ് തല്ലിക്കെടുത്തി. ടോസിന്റെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരത്തിൽ ഓസീസിനെതിരേ ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 125 റൺസിന് ഓൾഔട്ടായി ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. ആ തോൽവിയുടെ ഓർമ മനസിലേക്ക് വന്നിട്ടോ മറ്റോ, ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനയച്ചു.
ആ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ ഓവറുകളിൽ തന്നെ ഓസീസ് ബാറ്റർമാർ ഇന്ത്യയ്ക്ക് മനസിലാക്കിക്കൊടുത്തു. അന്നത്തെ മികച്ച ഓപ്പണിങ് ജോഡിയായിരുന്ന ആദം ഗിൽക്രിസ്റ്റ് - മാത്യു ഹെയ്ഡൻ സഖ്യം 14 ഓവറിൽ അടിച്ചുകൂട്ടിയത് 105 റൺസ്. അപ്പോൾ തന്നെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്നും പോയിരുന്നു. ഗില്ലി 48 പന്തിൽ നിന്ന് 57 റൺസെടുത്തും ഹെയ്ഡൻ 54 പന്തിൽ നിന്ന് 37 റൺസെടുത്തും പുറത്തായ ശേഷമായിരുന്നു ഓസീസ് തങ്ങളുടെ തനി നിറം പുറത്തെടുത്തത്.
ഇന്ത്യയ്ക്കെതിരേ എന്നും തിളങ്ങാറുള്ള ക്യാപ്റ്റൻ റിക്കി പോണ്ടിങ്, നാലാമൻ ഡാമിയൻ മാർട്ടിനെ കൂട്ടുപിടിച്ച് സ്‌കോർബോർഡിൽ ചേർത്തത് 234 റൺസ്. സെഞ്ചുറി നേടിയ പോണ്ടിങ് 121 പന്തിൽ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്സറുകളുടെയും അകമ്പടിയിൽ നേടിയത് 140 റൺസ്. മാർട്ടിൻ 84 പന്തിൽ നിന്ന് നേടിയത് 88 റൺസും. 50 ഓവർ അവസാനിച്ചപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് സ്‌കോർബോർഡിലെത്തിയത് 359 റൺസ്.
ഓസീസ് സ്‌കോർ 300 കടന്നപ്പോൾ തന്നെ ഇന്ത്യയുടെ പരാജയം പേടിച്ചിരുന്ന ആരാധകർ കണ്ടത് ആദ്യ ഓവറിൽ തന്നെ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സച്ചിന്റെ പുറത്താകലായിരുന്നു. മഗ്രാത്തിനെതിരേ ഒരു ബൗണ്ടറിയോടെ തുടങ്ങിയ സച്ചിന് പക്ഷേ അഞ്ചാം പന്തിൽ പിഴച്ചു. ബാറ്റിൽ തട്ടി ഉയർന്ന പന്ത് മഗ്രാത്ത് കൈക്കലാക്കുമ്പോൾ ഗാലറിയിൽ ഓസീസ് ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. കാരണം വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ തങ്ങളെ തല്ലിത്തകർത്ത അയാൾക്ക് മാത്രമേ ഇത്ര വലയൊരു വിജയലക്ഷ്യത്തിലേക്ക് പൊരുതി നോക്കാൻ സാധിക്കൂ എന്നത് അവർക്കറിയാമായിരുന്നു. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായി. വീരേന്ദർ സെവാഗിന്റെ 82 റൺസ് ഇന്നിങ്‌സും 47 റൺസെടുത്ത രാഹുൽ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. എന്നിട്ടും തോറ്റത് 125 റൺസിന്.
ലോകകപ്പുകളുടെ ചരിത്രമെടുത്താൽ ഓസീസിനെ പോലെ ആധിപത്യം പുലർത്തിയ മറ്റൊരു ടീമില്ല. 1975, 1987, 1996, 1999, 2003, 2007, 2015 ഇപ്പോൾ 2023-ലേത് അവരുടെ എട്ടാം ലോകകപ്പ് ഫൈനലായിരുന്നു. 1987, 1999, 2003, 2007, 2015 വർഷങ്ങളിൽ ജേതാക്കളായ ഓസീസ് ടീം ഒടുവിലിതാ 2023-ലും കിരീടവുമായി മടങ്ങുന്നു. അന്ന് പോണ്ടിങ്ങും സംഘവുമായിരുന്നു ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയതെങ്കിൽ ഇത്തവണ പാറ്റ് കമ്മിൻസും സംഘവും ആ ചടങ്ങ് പൂർത്തിയാക്കി. 1983, 2003, 2011 വർഷങ്ങൾക്ക് പിന്നാലെ ഇത്തവണ നാലാം ഫൈനൽ കളിച്ച ഇന്ത്യയ്ക്ക് രണ്ടാം ഫൈനൽ തോൽവി.
2003 ലോകകപ്പിൽ റൺവേട്ടയിൽ മുന്നിൽ ഒരു ഇന്ത്യൻ താരമായിരുന്നു. 11 കളികളിൽ നിന്ന് 673 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കർ. അന്ന് അദ്ദേഹം ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 20 വർഷങ്ങൾക്കിപ്പുറം ഈ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു ഇന്ത്യൻ താരം. വിരാട് കോലി. അന്ന് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും കിരീടം ലഭിക്കാത്ത നിരാശയിലിരുന്ന സച്ചിനെ പോലെ ഇത്തവണ കോലിയും.
ഇക്കുറി സെമികളിലെ ചരിത്രം തിരുത്തിയായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. 2011ലേയും 2015-ലേയും സെമി കടമ്പ മറികടക്കാനാവാത്ത ചരിത്രം തിരുത്തിയെഴുതിയാണ് ഇത്തവണ ഫൈനലിലെത്തിയത്. സെമിയിൽ കണക്കുകൾ കൂട്ടിവെച്ച് കളത്തിലിറങ്ങിയ കിവീസിന് പക്ഷേ ചരിത്രം കുറിക്കാൻ തുനിഞ്ഞിറിങ്ങിയ ഒരാളുടെ ഐതിഹാസിക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. വിരാട് കോലിയെന്ന റൺമെഷീന്റെ. അയാൾ ക്രീസിലിറങ്ങി റൺവേട്ടയ്ക്ക് തുടക്കമിട്ടതോടെ റെക്കോഡുകളെല്ലാം കടപുഴകി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ റൺസ്, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്നിവയെല്ലാം ഈ ഇന്നിങ്സിൽ വിരാട് കോലി സ്വന്തമാക്കി. കോലിക്ക് പിന്നാലെ ശ്രേയസ്സ് അയ്യരും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറുയർത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡും പോരാടാനുറച്ചവരായിരുന്നു. തുടക്കം മോശമായെങ്കിലും നായകൻ വില്ല്യംസണും ഡാരി മിച്ചലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 39-2 എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്‌കോർ 200-കടത്തി. എന്നാൽ വില്ല്യംസണും പിന്നാലെ വന്ന ലാഥവും വേഗത്തിൽ പുറത്തായത് കിവീസിന് തിരിച്ചടി നൽകി. മിച്ചലും ഗ്ലെൻ ഫിലിപ്സും സ്‌കോറുയർത്തിയപ്പോൾ കിവീസിന് ജയപ്രതീക്ഷ കൈവന്നു. എന്നാൽ ആ പോരാട്ടങ്ങളെല്ലാം വിഫലമായി. 2019-ലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടി. എന്നാൽ, ഫൈനലിൽ എത്തിയപ്പോൾ ഓസീസ് എന്ന മഹാമേരുവിനെ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞതുമില്ല.
സ്പോർട്സ് ഡെസ്ക്