2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്ക് എതിരെ സമ്മര്‍ദ്ദത്തിന് കീഴില്‍ കളത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ സൂക്ഷിക്കണം എന്ന് ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡ് . ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റത് ഉറങ്ങിക്കിടക്കുന്ന ഒരു ഭീമനെ ഉണര്‍ത്തിയിട്ടുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനോട് ടെസ്റ്റ് പരമ്പര 3-0ന് തോറ്റതോടെ ഇന്ത്യന്‍ ടീം വാലിയ രീതിയില്‍ ഉള്ള വിമര്‍ശനമാണ് കേള്‍ക്കുന്നത്. ലോക ചാംപ്യന്‍ഷിപ് ഫൈനല്‍ പ്രതീക്ഷ അസ്തമിക്കുന്ന രീതിയില്‍ ഇന്ത്യയെ എത്തിക്കാന്‍ കിവീസ് തോല്‍വി കാരണമായി. ഇനി ഓസ്ട്രേലിയന്‍ പരമ്പരയിലെ നാല് മത്സരങ്ങള്‍ എങ്കിലും ടീമിന് ജയിക്കണം ഫൈനല്‍ ഉറാപ്പിക്കാന്‍.

2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയ ടീമിന്റെ ഭാഗമാകാന്‍ പോകുന്ന ജോഷ് ഹേസില്‍വുഡ്, ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ന്നിരിക്കാമെന്ന് വിശ്വസിക്കുന്നു.

''അത് ഉറങ്ങിക്കിടക്കുന്ന ഒരു ഭീമനെ ഉണര്‍ത്താം. ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല. അവര്‍ മനോഹരമായി തിരിച്ചുവരും എന്ന് കരുതുന്നു. ചില താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പര ആയതിനാല്‍ ആ സമ്മര്‍ദ്ദം അവര്‍ക്ക് ഉണ്ടാകും.''

''എന്തായാലും കിവീസിന് അഭിനന്ദനം. ഇന്ത്യയില്‍ 3-0 ന് ജയിക്കുക എന്നത് അവിശ്വസനീയമാണ്. അത് ബുദ്ധിമുട്ടാണ്. അവിടെ ഒരു കളി ജയിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.'' താരം പറഞ്ഞു.