- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
269 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി ശുഭ്മാന്‍ഗില്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 587 ന് പുറത്ത്; മുന്‍നിരയെ വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; ആതിഥേയര്‍ക്ക് 3 വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍
ബര്‍മിംഗ്ഹാം: സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയില്ലാതെ ഇറങ്ങിയിട്ടും ഒന്നാം ഇന്നിങ്ങ്സിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 20 ഓവറില്‍ മൂന്നിന് 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടും (37 പന്തില്‍ 18), ഹാരി ബ്രൂക്കുമാണ് (53 പന്തില്‍ 30) പുറത്താകാതെ നില്‍ക്കുന്നത്. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 25 റണ്‍സെടുക്കുന്നതിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായെത്തിയ പേസര്‍ ആകാശ്ദീപിന്റെ പ്രകടനമാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കു പ്രതീക്ഷയായത്.
മൂന്നാം ഓവറിലെ നാല്, അഞ്ച് പന്തുകളില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ ആകാശ് ദീപ് പുറത്താക്കി.30 പന്തില്‍ 19 റണ്‍സെടുത്ത സാക് ക്രൗലിയെ മുഹമ്മദ് സിറാജ് കരുണ്‍ നായരുടെ കൈകളിലെത്തിച്ചു.ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനില്‍പാണ് രണ്ടാം ദിനം വലിയ തകര്‍ച്ചയില്‍നിന്ന് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്.ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് 510 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.
ആദ്യ രണ്ടോവറില്‍ 13 റണ്‍സടിച്ച് തുടങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൂന്നാം ഓവറിലാണ് ആകാശ്ദീപ് ആദ്യപ്രഹരമേല്‍പ്പിച്ചത്. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ബെന്‍ ഡക്കറ്റിനെ ആകാശ്ദീപിന്റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറന്നു പിടിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പക്ഷെ ആകാശ്ദീപിന്റെ ഹാട്രിക്ക് മോഹം ജോ റൂട്ട് തടുത്തിട്ടു.
സാക്ക് ക്രോളിയും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടെ മുഹമ്മദ് സിറാജ് മൂന്നാം പ്രഹരമേല്‍പ്പിച്ചു.ഓഫ് സ്റ്റംപിന് പുറത്തുപോയെ സിറാജിന്റെ പന്തില്‍ ബാറ്റ് വെച്ച ക്രോളിയെ(19) ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ കൈയിലൊതുക്കി.ഇതോടെ 25-3ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് പതറി.എന്നാല്‍ നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി റൂട്ട്-ബ്രൂക്ക് സഖ്യം ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ട്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സെടുത്തു പുറത്തായി.റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇന്നിങ്സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.മത്സരത്തില്‍ 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോങ്ങിന്റെ പന്തില്‍ ഒലി പോപ് ക്യാച്ചെടുത്താണു ഗില്ലിനെ മടക്കിയത്.ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബര്‍മിങ്ങാമില്‍ ഗില്‍ സ്വന്തമാക്കിയത്.311 പന്തുകളില്‍നിന്നാണ് ഗില്‍ 200 റണ്‍സ് പിന്നിട്ടത്. രണ്ടാം ദിനവും ബാറ്റിങ് തുടര്‍ന്ന ഗില്‍ റെക്കോര്‍ഡ് പ്രകടനവുമായി ഗ്രൗണ്ട് വിട്ടു.
അഞ്ചിന് 211 എന്ന നിലയില്‍നിന്ന് ഇന്ത്യന്‍ സ്‌കോര്‍ 500 പിന്നിടുന്നതില്‍ ഗില്ലിന്റെ പ്രകടനം നിര്‍ണായകമായി.137 പന്തുകള്‍ നേരിട്ട ജഡേജ 89 റണ്‍സെടുത്തു പുറത്തായി.108ാം ഓവറില്‍ ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്.വാലറ്റത്ത് 103 പന്തില്‍ 42 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും രണ്ടാം ദിവസം തിളങ്ങി.ഒന്നാംദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണു കളി അവസാനിപ്പിച്ചത്.ആക്രമണ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു മികച്ച തുടക്കം നല്‍കിയത് ഓപ്പണര്‍ ജയ്സ്വാള്‍ ആണെങ്കില്‍ വിക്കറ്റ് നഷ്ടങ്ങള്‍ക്കിടയില്‍ മധ്യനിരയെ താങ്ങിനിര്‍ത്തിയത് ക്യാപ്റ്റന്‍ ഗില്ലാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 66 റണ്‍സും ഇന്നിങ്സില്‍ നിര്‍ണായകമായി.
ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും ഗില്‍ സെഞ്ചറി നേടിയിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം.ന്യൂബോളില്‍ താളം കണ്ടെത്താതെ വലഞ്ഞ കെ.എല്‍.രാഹുലിനെ (2) ക്രിസ് വോക്സ് ബോള്‍ഡാക്കി.മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ കരുണ്‍ നായര്‍ (31) തുടര്‍ച്ചയായ ബൗണ്ടറികളിലൂടെ ഇന്ത്യയെ വിക്കറ്റ് വീഴ്ചയുടെ സമ്മര്‍ദത്തില്‍നിന്ന് കരകയറ്റി.അതുവരെ പതുങ്ങിനിന്ന ജയ്സ്വാളും കരുണിന്റെ വരവോടെ ആക്രമണത്തിലേക്കു തിരിഞ്ഞു.90 പന്തില്‍ 80 റണ്‍സാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്.
ജയ്സ്വാളിനു കൂട്ടായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വീണ്ടും ആവേശമായി. ഗുഡ് ലെങ്ത് പന്തുകള്‍ക്കു മുന്‍പില്‍ പ്രതിരോധക്കോട്ട കെട്ടിയ ജയ്സ്വാള്‍ ഷോര്‍ട് ബോളുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സ്‌കോറുയര്‍ത്തിയത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 69 പന്തില്‍ 62 റണ്‍സ് നേടിയിരുന്ന ജയ്സ്വാള്‍ രണ്ടാം സെഷനില്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചു. ഒടുവില്‍ ആറാം ടെസ്റ്റ് സെഞ്ചറിക്ക് 13 റണ്‍സ് അകലെ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ടില്‍ ജയ്സ്വാള്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ ഏഴാം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍ തുടര്‍ച്ചയായ ഏഴാം അര്‍ധ സെഞ്ചറിയാണ് നേടിയത്.
ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഒരു സ്പെഷലിസ്റ്റ് ബാറ്ററുടെ കുറവോടെയാണ് ഇന്ത്യ ഇന്നലെ മത്സരത്തിനിറങ്ങിയത്.മധ്യനിരയില്‍ ലീഡ്സിലേതിനു സമാനമായ കൂട്ടത്തകര്‍ച്ച ഭയന്ന ഇന്ത്യയെ കാത്തത് ക്യാപ്റ്റന്‍ ഗില്ലിന്റെ കരളുറപ്പാണ്.നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പമുള്ള 47 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം ഋഷഭ് പന്ത് (25) പുറത്തായി.പ്രതീക്ഷയോടെയെത്തിയ നിതീഷ് കുമാറിന് (1) 6 പന്തുകള്‍ മാത്രമായിരുന്നു ആയുസ്സ്.2 വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത 50 റണ്‍സിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍. എന്നാല്‍ ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി പുറത്താകാതെ നില്‍ക്കുന്ന ഗില്ലിന്റെയും രവീന്ദ്ര ജഡേജയും പോരാട്ടം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
പിന്നാലെ ഗില്‍ ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം(42) സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു.ആദ്യ ടെസ്റ്റിലേതുപോലെ വാലറ്റം തകര്‍ന്നടിഞപ്പോള്‍ അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.