- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം; ടൂര്‍ണമെന്റില്‍ രണ്ട് ടീം ഏറ്റുമുട്ടുന്നത് മൂന്നാം തവണ; ഏഷ്യ കപ്പ് തിരികെ പിടിക്കാന്‍ ഇന്ത്യയും; പകരം വീട്ടാന്‍ പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍: ഫൈനല്‍ മത്സരം വൈകിട്ട് ഏഴിന്
ദുബൈ: ഏഷ്യാ കപ്പ് ടി20യുടെ തിരശ്ശീല ഇന്ന് ഇന്ത്യപാകിസ്ഥാന്‍ ഏറ്റുമുട്ടലോടെ വീഴുന്നു. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് രണ്ട് ടീമുകളും തമ്മില്‍ മുഖാമുഖം വരുന്നത്. ഇന്ത്യ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുമ്പോള്‍, പാകിസ്ഥാന്‍ ഏറ്റുവാങ്ങിയ രണ്ട് തോല്‍വികളും ഇന്ത്യയ്ക്കെതിരെയായിരുന്നു. അതുകൊണ്ട് തന്നെ, ഇന്ന് നടക്കുന്ന പോരാട്ടം ''കിരീടം നിലനിര്‍ത്തല്‍ കണക്കുതീര്‍ക്കല്‍'' എന്ന നിലയില്‍ കാണപ്പെടുന്നു. ഏഷ്യാ കപ്പിന്റെ നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ അവസാന ഓവര്‍ വരെ വിയര്‍ത്താണ് വിജയം കരസ്ഥമാക്കിയത്. 202 റണ്‍സ് പിന്തുടര്‍ന്ന ലങ്കന്‍ ബാറ്റര്‍മാര്‍ സൂപ്പര്‍ ഓവര്‍ വരെ ഇന്ത്യയെ പരീക്ഷിച്ചെങ്കിലും അവസാനം ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ കരുത്താണ് അഭിഷേക് ശര്‍മ. അഭിഷേക് ശര്‍മയുടെ അതിവേഗ തുടക്കം ടീമിന് സ്ഥിരം ആധാരം നല്‍കുന്നുണ്ട്. തുടര്‍ച്ചയായ സെഞ്ച്വറി നിരക്കിലേക്ക് ഉയര്‍ന്നുവരുന്ന ഇയാള്‍ക്കൊപ്പം ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരും ആക്രമണശേഷിയുള്ളവരാണ്.
ബൗളിങില്‍ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ കൂട്ടായ്മ പാകിസ്ഥാന്‍ മുമ്പും പ്രതിസന്ധിയിലാക്കിയിരുന്നു. പേസര്‍ ജസ്പ്രിത് ബുംറ പൂര്‍ണ്ണ ഫോമില്‍ എത്തിയിട്ടില്ലെങ്കിലും നിര്‍ണായക അവസരങ്ങളില്‍ അദ്ദേഹം ടീമിന്റെ ആശ്രയസ്ഥാനമാണ്. എന്നാല്‍ ഫീല്‍ഡിങിലെ പിഴവുകള്‍ ഇന്ത്യയുടെ തലവേദനയായി തുടരുന്നു. പരിക്കേറ്റിരുന്ന ഹര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവര്‍ കളിക്കാന്‍ സജ്ജരാണെന്ന് പരിശീലകര്‍ വ്യക്തമാക്കി.
പാകിസ്ഥാന്റെ പ്രധാന വെല്ലുവിളി ബാറ്റിങ് നിരയിലെ അനിശ്ചിതത്വമാണ്. സാഹിബ്‌സാദ ഫര്‍ഹാന്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ഫഖര്‍ സമാന്റെ മോശം ഫോമും ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുടെ തിരിച്ചുവരവില്ലായ്മയും അവരെ ബാധിക്കുന്നു. ഹസന്‍ തലത്, മുഹമ്മദ് ഹാരിസ് എന്നിവരും ഇടയ്ക്കിടെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയാണ് കുറവ്.
ബൗളിങിലാണ് പാകിസ്ഥാന്‍ കരുത്തുറ്റത്. ഷഹീന്‍ ഷാ അഫ്രീദിയുടെ തിരിച്ചുവരവ്, ഫഹീം അഷ്‌റഫിന്റെയും ഹാരിസ് റൗഫിന്റെയും മികവ്, കൂടാതെ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് ഇവരുടെ പ്രകടനങ്ങള്‍ ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകും. ഇരു ടീമുകളും എല്ലാ സാധ്യതകളും തുറന്നിടുന്ന സാഹചര്യത്തില്‍, ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാവുമെന്നാണ് പ്രതീക്ഷ.