- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവികളിൽ ഉലയുന്ന ചെന്നൈയ്ക്ക് മുന്നിൽ കരുത്തരായ ഡൽഹി; ഓപ്പണർമാരുടെ ഫോം മഞ്ഞപ്പടയ്ക്ക് തലവേദന; സഞ്ജുവിനും ഇത് അഗ്നിപരീക്ഷ; മധ്യനിരയിൽ ആ താരം എത്തുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും; ചെപ്പോക്കിൽ ജയിച്ചു കയറാൻ അക്സർ പട്ടേലും സംഘവും

ചെന്നൈ: തുടർച്ചയായ മൂന്ന് തോൽവികളുടെ ആഘാതത്തിൽ ഉലയുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് ഇന്ന് അഗ്നിപരീക്ഷ. ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസിനെയാണ് ചെന്നൈ നേരിടുന്നത്. സ്വന്തം തട്ടകമായ ചെപ്പോക്കിൽ വൈകിട്ട് 7.30-നാണ് മത്സരം. രാജസ്ഥാൻ, പഞ്ചാബ്, ബെംഗളൂരു ടീമുകളോട് ദയനീയമായി കീഴടങ്ങിയ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈയെ വലയ്ക്കുന്നത് പ്രമുഖ താരങ്ങളുടെ ഫോമില്ലായ്മയാണ്. ടി20 ലോകകപ്പിലെ മിന്നും ഫോം സഞ്ജു സാംസണെ തുണയ്ക്കുന്നില്ല. നായകൻ ഋതുരാജ് ഗെയ്ക്‌വാദും റൺസ് കണ്ടെത്താൻ പാടുപെടുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 10 വിക്കറ്റ് മാത്രം വീഴ്ത്തിയ ബൗളിങ് നിരയും തീർത്തും നിഷ്പ്രഭമാണ്. എം.എസ്. ധോണിയുടെ തിരിച്ചുവരവിനെപ്പറ്റി അനിശ്ചിതത്വം തുടരുമ്പോൾ പരിക്കേറ്റ ഡെവാൾഡ് ബ്രെവിസിന്റെ അഭാവവും തിരിച്ചടിയാണ്.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ ചെന്നൈയ്ക്ക് പിന്നീട് പഞ്ചാബ് കിങ്‌സിനോടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും കാലിടറി. ബാറ്റിങ്ങിലും ബൗളിങ്ങിലും താളം കണ്ടെത്താൻ വിഷമിക്കുന്ന അഞ്ചുതവണത്തെ ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാൻ ഇനിയും കാത്തിരിക്കുകയാണ്. ഹോം ഗ്രൗണ്ടിലെ കാണികൾക്ക് മുന്നിലെങ്കിലും ആ പഴയ പ്രതാപം വീണ്ടെടുക്കാനാണ് ഋതുരാജും സംഘവും ഇറങ്ങുന്നത്.
മറുവശത്ത്, മികച്ച ബാലൻസുള്ള ടീമുമായാണ് ഡൽഹി ക്യാപ്പിറ്റൽസ് എത്തുന്നത്. ലക്നൗ സൂപ്പർ ജയന്റ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും തകർത്തുകൊണ്ട് തുടങ്ങിയ അവരുടെ ജൈത്രയാത്ര കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഒരു റണ്ണിന് തോറ്റതോടെയാണ് അല്പം മങ്ങിയത്. എങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും അവർ ചെന്നൈയേക്കാൾ ഒരുപടി മുന്നിലാണ്.
മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഡൽഹിയുടെ യുവതാരം സമീർ റിസ്‌വി തന്നെയാണ്. കഴിഞ്ഞ സീസണുകളിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ തിളങ്ങിയ റിസ്‌വി ഇത്തവണ ഡൽഹിക്ക് വേണ്ടിയാണ് ചെപ്പോക്കിലിറങ്ങുന്നത്. നിലവിൽ തകർപ്പൻ ഫോമിലുള്ള താരം മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് 160 റൺസ് അടിച്ചുകൂട്ടിക്കഴിഞ്ഞു. ഇതിൽ രണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങളും ഉൾപ്പെടും. തന്റെ പഴയ തട്ടകത്തിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന റിസ്‌വിയെ എങ്ങനെ പൂട്ടാം എന്നതാകും ചെന്നൈ ബൗളർമാരുടെ പ്രധാന വെല്ലുവിളി.
യുവതാരങ്ങളായ ആയുഷ് മാത്രെയും സർഫറാസ് ഖാനും മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. പഞ്ചാബിനെതിരെ ആയുഷ് നേടിയ 73 റൺസും ബെംഗളൂരുവിനെതിരെ സർഫറാസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയും ചെന്നൈയ്ക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ ഇന്നത്തെ നിർണായക മല്സരത്തില് മറ്റ് ബാറ്റർമാർ കൂടി ഫോമിലെത്തേണ്ടതുണ്ട്.
ഗുജറാത്ത് ടൈറ്റൻസിനോട് അവസാന പന്തിൽ തോറ്റാണ് ഡൽഹി ചെന്നൈയിലെത്തുന്നത്. 210 റൺസ് പിന്തുടരുന്നതിനിടെ കെ.എൽ. രാഹുൽ നടത്തിയ പോരാട്ടം (52 പന്തിൽ 92) വിഫലമായി. ഡേവിഡ് മില്ലർ സിംഗിൾ നിരസിച്ചതും കുൽദീപ് യാദവ് റണ്ണൗട്ടായതും ഡൽഹിക്ക് തിരിച്ചടിയായി. എങ്കിലും സമിർ റിസ്‌വിയുടെ തകർപ്പൻ ഫോമും മുകേഷ് കുമാർ, ടി. നടരാജൻ എന്നിവരുടെ ബൗളിങ്ങും ഡൽഹിയെ അപകടകാരികളാക്കുന്നു.
ചെപ്പോക്കിലെ പിച്ച് കഴിഞ്ഞ കളിയിൽ ബാറ്റിങ്ങിനെ തുണച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇവിടെ 400-ലധികം റൺസാണ് പിറന്നത്. ആകാശത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. നേർക്കുനേർ കണക്കുകളിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള നേർക്കുനേർ കണക്കുകൾ പരിശോധിക്കുമ്പോൾ ചെന്നൈയ്ക്കാണ് വ്യക്തമായ മേൽക്കൈ ഉള്ളത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് കൊമ്പുകോർത്തത്. ഇതിൽ 19 മത്സരങ്ങളിലും വിജയം മഞ്ഞപ്പടയ്ക്കൊപ്പമായിരുന്നു. അതേസമയം 12 മത്സരങ്ങളിലാണ് ഡൽഹിക്ക് വിജയിക്കാൻ സാധിച്ചത്. ഈ മുൻതൂക്കം നിലനിർത്താൻ ചെന്നൈ ശ്രമിക്കുമ്പോൾ, കണക്കുകളിലെ ദൂരം കുറയ്ക്കാനാണ് ഡൽഹി ലക്ഷ്യമിടുന്നത്.
സാധ്യത ഇലവൻ
ചെന്നൈ: സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, ശിവം ദുബെ, കാർത്തിക് ശർമ, സർഫറാസ് ഖാൻ, ജാമി ഓവർട്ടൺ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി.
ഡൽഹി: കെ.എൽ. രാഹുൽ, പാതും നിസ്സങ്ക, നിതീഷ് റാണ, സമിർ റിസ്‌വി, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്ഷർ പട്ടേൽ (ക്യാപ്റ്റൻ), വിപ്രാജ് നിഗം, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി. നടരാജൻ.


