- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എല്‍ രാഹുലിനെ ബാംഗ്ലൂര്‍ വിട്ടത് 5 റണ്‍സില്‍ നില്‍ക്കെ; പിന്നാലെ 53 പന്തില്‍ 93 റണ്‍സുമായി ഡല്‍ഹിയുടെ വിജയശില്‍പ്പി; ബൗളിങ്ങിലും നന്നായി തുടങ്ങിയിട്ടും ലക്ഷ്യം കാണാതെ ബാംഗ്ലൂര്‍; നാലില്‍ നാലും ജയിച്ച് ഡല്‍ഹി മുന്നോട്ട്
നാലില്‍ നാലും ജയിച്ച് ഡല്‍ഹി മുന്നോട്ട്
ബംഗളുരു: ബാംഗ്ലൂരിന് ഇന്ന് നിര്‍ഭാഗ്യത്തിന്റെ രാത്രി.നന്നായി തുടങ്ങിയ ബാറ്റിങ്ങ് മികച്ച സ്‌കോറാക്കാന്‍ കഴിയാത്തതിന് പിന്നാലെ സമാനരീതിയില്‍ നന്നായി തുടങ്ങിയ ബൗളിങ്ങും ലക്ഷ്യം കണ്ടില്ല.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ആറ് വിക്കറ്റിന്റെ വിജയം.ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു.53 പന്തില്‍ 93 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഡല്‍ഹി ജയിച്ചു കയറിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി തുടക്കത്തില്‍ തന്നെ പതറി. ടീമിന് 10 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.ഫാഫ് ഡുപ്ലെസിസ്(2), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്(7) എന്നിവര്‍ നിരാശപ്പെടുത്തി.ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പോറലും(7) മടങ്ങിയതോടെ ടീം 30-3 എന്ന നിലയിലായി.എന്നാല്‍ കെ.എല്‍ രാഹുല്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നു.
അക്ഷര്‍ പട്ടേല്‍(15) പുറത്തായെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമായി ചേര്‍ന്ന് രാഹുല്‍ ടീമിനെ വിജയത്തിലെത്തിച്ചു. രാഹുല്‍ 53 പന്തില്‍ നിന്ന് ഏഴ് ഫോറും ആറ് സിക്‌സറുകളുമുള്‍പ്പെടെ 93 റണ്‍സെടുത്തു. സ്റ്റബ്‌സ് 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയത്തിലെത്തി.കെ എല്‍ രാഹുലിന്റെ വ്യക്തിഗത സ്‌കോര്‍ 5ല്‍ നില്‍ക്കെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കൂടിയായ രജത് രാഹുലിനെ വിട്ടുകളഞ്ഞിരുന്നു.ഇവിടുന്നാണ് രാഹുല്‍ ടിമിന്റെ രക്ഷകനായത്.ബാംഗ്ലൂരിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 2ഉം യാഷ്ദയാല്‍ സുയാഷ് ശര്‍മ്മ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണെടുത്തത്.ബെംഗളൂരുവിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഫിലിപ് സാള്‍ട്ടിന്റെ വെടിക്കെട്ടാണ് ടീമിന് കരുത്തായത്.ആദ്യ ഓവറുകളില്‍ സാള്‍ട്ട് കത്തിക്കയറിയതോടെ ആര്‍സിബി മൂന്നോവറില്‍ അമ്പത് റണ്‍സ് കടന്നു.എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി.17 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും നാല് ഫോറുകളുമുള്‍പ്പെടെ സാള്‍ട്ട് 37 റണ്‍സെടുത്തു.
സാള്‍ട്ട് പുറത്തായതിന് പിന്നാലെ ടീം വന്‍ തകര്‍ച്ച നേരിട്ടു.പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണാനായത്. ദേവ്ദത്ത് പടിക്കല്‍(1), വിരാട് കോലി(22), ലിയാം ലിവിങ്സ്റ്റണ്‍(4),ജിതേഷ് ശര്‍മ(3) എന്നിവര്‍ പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. ടീം 102-5 എന്ന നിലയിലേക്ക് വീണു.
നായകന്‍ രജത് പാട്ടിദാര്‍ ക്രീസില്‍ നിലയുറപ്പിച്ച് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുല്‍ദീപ് യാദവ് വിക്കറ്റെടുത്തതോടെ ആര്‍സിബി തകര്‍ന്നു. 25 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം. ക്രുനാല്‍ പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളില്‍ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ടിം ഡേവിഡ് 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു.ഡല്‍ഹിക്കായി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
ഈ ഐപിഎല്‍ സീസണിലെ അപരാജിതരായ ഏക ടീമാണ് ഡല്‍ഹി. കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഡല്‍ഹി നിലവില്‍ രണ്ടാമതാണ്.അഞ്ചില്‍ 3 ജയവുമായി ആര്‍സിബി മൂന്നാമതുണ്ട്.അഞ്ചില്‍ 4 ജയവുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്.