മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ ആരവങ്ങളെ നിശബ്ദമാക്കി, ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ആ 22-കാരൻ ഇന്ത്യൻ ആരാധകരെ മുൾമുനയിൽ നിർത്തിയിരുന്നു. ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനായി പട നയിച്ച ജേക്കബ് ബെഥേൽ വെറും ഏഴ് റൺസകലെയാണ് വീണതെങ്കിലും, ആ ഇന്നിംഗ്‌സ് ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കും. 48 പന്തിൽ 105 റൺസുമായി വില്ലനായി മാറിയ ബെഥേലിന്റെ പോരാട്ടം അവസാന ഓവറിൽ സഞ്ജുവിന്റെയും ഹാർദിക്കിന്റെയും മികവിൽ റണ്ണൗട്ടിലൂടെയാണ് അവസാനിച്ചത്.

ബെഥേലിന്റെ ഈ പോരാട്ടത്തിന് പിന്നിലൊരു കൗതുകകരമായ കഥയുണ്ട്. നാല് വർഷം മുമ്പ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് സെമിയിൽ ഏറ്റുമുട്ടുമ്പോൾ ബെഥേൽ സ്റ്റേഡിയത്തിലുണ്ടായിരുന്നു—പക്ഷേ കളിക്കാരനായല്ല, വെറുമൊരു ആരാധകനായി! അന്ന് ജോസ് ബട്ട്‌ലറും അലക്‌സ് ഹെയ്‌ൽസും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതയ്ക്കുമ്പോൾ ഗാലറിയിൽ കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടുകയായിരുന്നു ഈ താരം.

അണ്ടർ 19 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ സമയത്താണ് ബെഥേൽ അന്ന് കളി കാണാൻ പോയത്. ഇക്കാര്യം ഐസിസി പ്രതിനിധി ബെഥേലിനോട് പറഞ്ഞപ്പോള്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. എന്നാല്‍ ഐസിസി പ്രതിനിധ വീഡിയോ കാണിച്ചുകൊടുത്തപ്പോള്‍ ബെഥേല്‍ അത് താന്‍ തന്നെയാണെന്ന് സമ്മതിച്ചു.

വരുൺ ചക്രവർത്തിയെ ഒരോവറിൽ മൂന്ന് സിക്‌സറുകൾക്ക് പറത്തിയാണ് ബെഥേൽ തന്റെ വരവറിയിച്ചത്. ബുംറയൊഴികെ ഇന്ത്യയുടെ എല്ലാ ബൗളർമാരും ആ ബാറ്റിന്റെ ചൂടറിഞ്ഞു. വരുന്ന ഐപിഎൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് വേണ്ടിയാണ് ബെഥേൽ പാഡ് കെട്ടുന്നത്. ലോകകപ്പിലെ ഇതേ ഫോം തുടർന്നാൽ ഐപിഎല്ലിലും ബെഥേൽ എതിരാളികൾക്ക് വലിയ ഭീഷണിയാകുമെന്നുറപ്പാണ്.