തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് ഏതൊരു താരത്തിന്റേയും ലക്ഷ്യം. പ്രകടനമികവുണ്ടായിട്ടും അതിന് കഴിയാത്ത കേരളത്തിന്റെ താരമാണ് അനന്തപത്മനാഭന്‍. അതിന് ശേഷം കേരളത്തില്‍ ഗസ്റ്റായി കളിക്കുന്ന മധ്യപ്രദേശുകാരന്‍ ജലജ് സക്സേനയും മലയാളിയുടെ നൊമ്പര ക്രിക്കറ്ററാകുന്നു. 38-ാം വയസ്സിലും ദേശീയ തലത്തിലെ മികച്ച സ്പിന്നറാണ് സ്‌കസേന. കേരളത്തെ വീണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച പ്രതിഭ. അപക്ഷേ ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് ബിസിസിഐ ദൈവങ്ങള്‍ സക്സേനയ്ക്കായി വഴിയൊരുക്കുന്നില്ല. പ്രകടനമികവാണ് മാനദണ്ഡമെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ ഈ താരത്തിന് മുന്നില്‍ തുറക്കേണ്ടതാണ്. പക്ഷേ ആരും അതിന് തയ്യാറാകില്ലെന്നതാണ് വസ്തുത. ഗോഡ് ഫാദര്‍മാരില്ലെങ്കില്‍ പ്രകടനമികവു കൊണ്ടും ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് ജലജ് സക്സേന.

2017ലാണ്് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. 96/97 സീസണില്‍ സൂപ്പര്‍ ലീഗിലും 95/96 സീസണിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവുമായിരുന്നു അതിനു മുമ്പ് കേരളത്തിന്റെ മികച്ച പ്രകടനം. 2018-19ലും കേരളം ക്വാര്‍ട്ടറിലെത്തി. അതിന് ശേഷം വീണ്ടും ക്വാര്‍ട്ടറിലെത്തുകയാണ് കേരളം ഇത്തവണ. ഇതില്‍ ശ്രദ്ധേയമാകുന്നത് ജലജ് സക്സേന എന്ന താരത്തിന്റെ പ്രകടനമാണ്. കേരളത്തിന് സക്സേന കളിക്കാനെത്തിയ ആദ്യ സീസണിലും കേരളത്തിന് രഞ്ജി ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് മൂന്നാം തവണ കേരളം ക്വാര്‍ട്ടറിലേക്ക് എത്തുന്നു അപ്പോഴും താരം സക്സേന തന്നെ.

ബിഹാറിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ രഞ്ജി ട്രോഫിയില്‍ പുതിയ റെക്കോര്‍ഡിട്ട് കേരളത്തിന്റെ ജലജ് സക്സേന രഞ്ജി ട്രോഫിയിലെ ഇതിഹാസ തുല്യനാകുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റു ചെയ്യാനിറങ്ങിയ ബിഹാറിനെതിരെ അഞ്ചു വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്. 7.1 ഓവറുകള്‍ പന്തെറിഞ്ഞ ജലജ് സക്സേന 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. രണ്ടാം ഇന്നിംഗ്സിലും അഞ്ചു വിക്കറ്റ്. രഞ്ജി ട്രോഫിയില്‍ താരത്തിന്റെ 31-ാമത് അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ആദ്യ ഇന്നിംഗ്സിലേത്. അപ്പോഴാണ് റിക്കോര്‍ഡ് കിട്ടിയത്. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടി സക്സേന റിക്കോര്‍ഡ് ബുക്കിലെ നേട്ടം കൂടി.

ബിഹാറിനെതിരായ പ്രകടനത്തോടെ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സക്സേനയുടെ പേരിലായി. ജലജ് സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന 19ാമത്തെ ടീമാണു ബിഹാര്‍. മുന്‍ ഇന്ത്യന്‍ പേസര്‍ പങ്കജ് സിങ്ങിന്റെ (18) റെക്കോര്‍ഡാണു 38 വയസ്സുകാരനായ സക്സേന മറികടന്നത്. രഞ്ജിയില്‍ 421 വിക്കറ്റുകള്‍ ആകെ വീഴ്ത്തിയിട്ടുള്ള താരം വിക്കറ്റ് വേട്ടയില്‍ ആദ്യ പത്തിലുണ്ട്.

നിലവിലെ സീസണിനിടെ 6000 റണ്‍സും 400 വിക്കറ്റുകളുമെന്ന നേട്ടത്തിലേക്കും സക്സേന എത്തിയിരുന്നു. കേരളത്തില്‍ എത്തും മുന്‍പ് മധ്യപ്രദേശിനായി തിളങ്ങിയ താരം 159 വിക്കറ്റുകളും 4041 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 38 വയസ്സുകാരനായ സക്സേനയ്ക്ക് ഇതുവരെ ദേശീയ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിലുള്ള സര്‍വാതെയും നിലവില്‍ കേരളത്തിന് വേണ്ടിയാണ് കളിക്കുന്നത്. കേരളത്തിന് വേണ്ടി കളിച്ച ഒന്‍പത് സീസണും മോശമാക്കിയില്ല സക്സേന. അങ്ങനെ 38-ാം വയസ്സിലും കേരളത്തെ ക്വാര്‍ട്ടറില്‍ എത്തിക്കുകയാണ് ഈ പ്രതിഭ. വിക്കറ്റ് വീഴ്ത്തിയും ആവശ്യമുള്ളപ്പോഴെല്ലാം റണ്‍സെടുത്തും ക്ലാസ് കാട്ടുന്ന മാസ്റ്റര്‍ താരം.

രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍ (ടീമുകളുടെ എണ്ണം, താരം എന്ന ക്രമത്തില്‍)

19 ജലജ് സക്സേന

18 പങ്കജ് സിങ്

16 സുനില്‍ ജോഷി

16 ആര്‍. വിനയ് കുമാര്‍

16 ഷഹബാസ് നദീം

16 ആദിത്യ സര്‍വാതെ

മധ്യപ്രദേശ് ക്രിക്കറ്റില്‍ 2005-ലാണ് ജലജിന്റെ കരിയര്‍ ആരംഭിക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തില്‍ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന. രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ജലജ് സക്സേന. മുന്‍ ഇന്ത്യന്‍ ടീം സ്പിന്നര്‍ ബിഷന്‍ സിങ് ബേദിയെ പിന്തള്ളിയാണ് ജലജ് പത്താം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.