തിരുവനന്തപുരം: ലയണല്‍ മെസ്സിക്കൊരു ലോകകപ്പ്.. വിരാട് കോലിക്ക് ഐപിഎല്‍ കിരീടം... അതുപോലെ മലയാളികള്‍ സ്വപ്‌നം കണ്ടൊരു കാര്യമാണ് സഞ്ജു സാംസന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യക്കൊരു ലോകകിരീടം നേടുക എന്നത്. ആ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ ആഘോഷ തിമിര്‍പ്പിലാണ് മലയാളികള്‍. ഇന്നലെ രാത്രിമുഴുവന്‍ മലയാളി മികവില്‍ ഇന്ത്യ ലോക കിരീടം നേടിയതിന്റെ ആഘോഷമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയ ടീമില്‍ എല്ലാം മലയാളികള്‍ ഉണ്ടായിരുന്നു. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് കിരീടം എന്നതാണ് ഇക്കുറി ആഘോഷം ഇരട്ടിയാക്കിയത്. വിഴിഞ്ഞത്തിന്റെ പുത്രന്‍ വിശ്വകിരീടത്തിന്റെ നാഥനായപ്പോള്‍ ആനന്ദകണ്ണീരോടെ മലയാളികള്‍ നൃത്തംചെയ്യുകയായിരുന്നു. ഇന്നലെ രാത്രി നീണ്ട ആഘോഷങ്ങളായിരുന്നു നഗരങ്ങളില്‍.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണീര്‍ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഉച്ചത്തില്‍ ആര്‍ത്തിരമ്പിയ ഞയറാഴ്ച്ച. ഇതുവരെ കിവീസിനെ ടി20 ലോകകപ്പില്‍ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച രാജകീയവരവാണ് ഇന്ത്യ നടത്തിയത്. ചേട്ടന്‍ പുതുചരിത്രമെഴുതി. സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടി എഴുതപ്പെടുന്നു ഈ വിശ്വവേദിയില്‍. ഇതിലുമപ്പുറം എങ്ങനെയാണ് കാലത്തിന് നീതി പുലര്‍ത്താനാവുക.

ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ച പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് മാത്രം സ്വന്തം. 256 റണ്‍സ് എന്ന ഇന്ത്യയുടെ സ്‌കോറിനെതിരേ 19 ഓവറില്‍159 റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.

89 റണ്‍െസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ലോകകപ്പിലെ പ്ലെയര്‍ ഓഫ ദി ടൂര്‍ണമെന്റ് ആയതും സഞ്ജുവായിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍, പക്ഷേ, സഞ്ജു സാംസണ്‍ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് ഒരു അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കാന്‍ തയാറെടുക്കുന്നതിന്റെ നിശബ്ദതയായിരുന്നു. ഒടുവില്‍ ഗ്രൗണ്ടില്‍ ഇന്ത്യക്ക് ഏറ്റവും വേണ്ട സമയത്ത് ബാറ്റിംഗ് വിസ്‌ഫോടനം തീര്‍ത്താണ് സഞ്ജു ഇന്ത്യയിലേക്ക് കപ്പെത്തിക്കുന്നത്.

അര്‍ഹതപ്പെട്ട അംഗീകാരം തേടി വന്നപ്പോള്‍, സഞ്ജു അത് സ്വീകരിച്ചത് ഒരു രാജാവിനെപ്പോലെയായിരുന്നു. എതിരാളികളുടെ പന്തുകളെ അതിര്‍ത്തി കടത്തുമ്പോള്‍, അത് വെറും ബൗണ്ടറികളായിരുന്നില്ല, താന്‍ അനുഭവിച്ച വേദനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും അവന്‍ നല്‍കിയ മധുരപ്രതികാരമായിരുന്നു. ഇന്ന് സഞ്ജുവിന്റെ ബാറ്റിംഗില്‍ കാണുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പും കണ്ണീരും വിയര്‍പ്പുമുണ്ട്. തോല്‍വികളില്‍ പതറാതെ, വിജയത്തിനായി ദാഹിച്ചവന്റെ ഉള്‍കരുത്താണ് സഞ്ജുവിന്റെ ഓരോ ഇന്നിങ്‌സിലും തെളിയുന്നത്.

ലോകകപ്പിന്റെ ആ വലിയ വേദിയില്‍ അവനൊരു അത്ഭുതമായി മാറി. ഫൈനലില്‍ ബാറ്റു വീശുമ്പോള്‍ അതൊരു കായികതാരത്തിന്റെ ആവേശം മാത്രമല്ലായിരുന്നു. വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു. ബൗണ്ടറികളിലേക്ക് പന്ത് പറക്കുമ്പോള്‍, അത് ഓരോ മലയാളിയുടെയും അഭിമാനത്തിന്റെ കൂടി ശബ്ദമായിരുന്നു. ഫൈനലില്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ കുറിച്ചത്. ഈ ലോകകപ്പില്‍ മാത്രം 24 സിക്‌സുകളും നേടി. ട്വന്റി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ സഞ്ജു തന്റെ പേരിലാക്കി.

20 സിക്‌സുകള്‍ നേടിയ ന്യൂസിലന്‍ഡിന്റെ ഫിന്‍ അലനെയാണ് താരം മറികടന്നത്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരിലായി. 2016 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 85 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ് താരം മാര്‍ലന്‍ സാമുവല്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും പാകിസ്താന്റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ച്വറി നേടുന്ന താരമായി സഞ്ജു മാറി.

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡില്‍ 2014 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ കോഹ്ലി നേടിയ 77 റണ്‍സും താരം മറികടന്നു. ലോകകപ്പില്‍ അഞ്ചു മത്സരങ്ങളില്‍നിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. 97 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി: 80.25, സ്‌ട്രൈക്ക് റേറ്റ്: 199.37 ഇതില്‍പരം അയാളിനി എന്താണ് തെളിയിക്കേണ്ടത്.

ഒരു പുഴ പാറക്കെട്ടിനെ അലിയിച്ചു കളയുന്നത് പോലെ, തന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് സഞ്ജു ഇന്ന് സംശയങ്ങളുടെ എല്ലാ കോട്ടകളെയും തകര്‍ത്തിരിക്കുന്നു. പരാജയങ്ങളെ പടികളാക്കി, വിജയങ്ങളെ ലക്ഷ്യമാക്കിയുള്ള ഈ യാത്ര വിജയ തീരമണഞ്ഞിരിക്കുന്നു. ഈ ലോകകപ്പ് നേട്ടം ഒരു സ്വപ്നം പോലെയാണെന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വീകരിച്ച് സഞ്ജു സാംസണ്‍ പറഞ്ഞത്. ആനേട്ടത്തിന് പിന്നില്‍ ഒരു 'ദൈവത്തിന്റെ കയ്യൊപ്പ്' പതിഞ്ഞിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വെളിപ്പെടുത്തലും ഇരട്ടിമധുരമായിരുന്നു.

സഞ്ജുവിന്‍രെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു: ഇപ്പോള്‍ അനുഭവിക്കുന്ന വികാരം വാക്കുകള്‍ക്ക് അതീതമാണ്. എല്ലാറ്റിനോടും അതിയായ നന്ദിയും കടപ്പാടുമുണ്ട്. സത്യം പറഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് മൊട്ടിട്ടതാണ് ഈ സ്വപ്നം. 2024ലെ ലോകകപ്പ് ടീമില്‍ ഇടം നേടുകയും കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്തതു മുതല്‍ ഞാന്‍ മനസില്‍ കണ്ട നിമിഷമാണിത്. പിന്നീടുള്ള നാളുകള്‍ അതിനുവേണ്ടിയുള്ള പ്രയത്നമായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ന്യൂസീലന്‍ഡിനെതരായ പരമ്പരയ്ക്കുശേഷം ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്റെ സ്വപ്നങ്ങളത്രയും നാമാവശേഷമായി.

എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ ദിവസങ്ങളായിരുന്നു അത്. പക്ഷേ, ദൈവത്തിന് നമുക്ക് മുന്നില്‍ മറ്റൊരു വഴി തുറക്കും. ആ സ്വപ്നത്തെ പിന്തുടരാനുള്ള ചങ്കൂറ്റത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ ലഭിച്ചത്. ഒരുപാട് മുന്‍ താരങ്ങള്‍ എന്നെ പിന്തുണച്ചെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ സച്ചിന്‍ സാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പല തവണ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഉപദേശത്തിനപ്പുറം മറ്റെന്താണ് നമുക്ക് വേണ്ടത്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ഇത് എന്ന സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണ്. ഇതെനിക്ക് ഇപ്പോള്‍ തന്നെ ആഘോഷിക്കണം-വികാരാധീനനായി സഞ്ജു പറഞ്ഞു.