- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസിങ് സ്റ്റാര്‍ ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരായ തോല്‍വി: വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം; 'അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' എന്ന് ജിതേഷ് ശര്‍മ
വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം
ദോഹ: റൈസിങ് സ്റ്റാര്‍ ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരെ സൂപ്പര്‍ ഓവറില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ എ പുറത്തായത്. തോല്‍വിയിലേക്ക് നയിച്ചത് തന്ത്രം പാളിയതിനാലാണെന്ന വിമര്‍ശനം ശക്തമാണ്. സൂപ്പര്‍ ഓവറില്‍ യുവ സെന്‍സേഷനും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് സൂര്യവംശിയെ കളത്തില്‍ ഇറക്കാന്‍ മടിച്ചതിനാലാണ് വിമര്‍ശനം. വമ്പനടിക്കാരായ വൈഭവും പ്രിയാന്‍ഷ് ആര്യയും ഉണ്ടെന്നിരിക്കെ, മധ്യനിര താരങ്ങളെ ക്രീസിലിറക്കിയ ജിതേഷ് ശര്‍മ, തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു എന്ന തരത്തില്‍ പരിഹാസമുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ സൂപ്പര്‍ ഓവറില്‍ വൈഭവിനെ കളിപ്പിക്കേണ്ടെന്ന് ടീമംഗങ്ങള്‍ കൂട്ടായി തീരുമാനമെടുത്തതെന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ പ്രതികരിച്ചത്. അന്തിമ തീരുമാനം തന്റേതായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ചാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ടോപ് ഓഡറില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളേക്കാള്‍ നല്ലത്, ഡെത്ത് ഓവറുകള്‍ കൈകാര്യെ ചെയ്യാന്‍ മിടുക്കുകാണിക്കുന്നവരെ സൂപ്പര്‍ ഓവറില്‍ ഇറക്കാനായിരുന്നു പ്ലാന്‍. സീനിയര്‍ താരമെന്ന നിലയില്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്നും മത്സരശേഷമുള്ള പ്രസന്റേഷന്‍ സെറിമണിയില്‍ ജിതേഷ് ശര്‍മ പറഞ്ഞു.
''ടീമില്‍ വൈഭവും പ്രിയാന്‍ഷും പവര്‍പ്ലേയില്‍ നന്നായി കളിക്കുന്നവരാണ്. അതേസമയം ഡെത്ത് ഓവറുകളില്‍ അഷുതോഷിനും രമണ്‍ദീപിനും നന്നായി കളിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സൂപ്പര്‍ ഓവര്‍ ലൈനപ്പ് ടീം കൂട്ടായി സ്വീകരിച്ച തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഞാന്‍ ഏറ്റെടുക്കുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍, ഞാന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നു'' -ജിതേഷ് പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അവസാന രണ്ടോവറുകളില്‍ എസ്.എം. മെഹറോബും യാസിര്‍ അലിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ 194ല്‍ എത്തിച്ചത്. നമന്‍ ധിര്‍ എറിഞ്ഞ 19ാം ഓവറില്‍ മെഹറോബ് 28 റണ്‍സ് അടിച്ചെടുത്തു. നാല് സിക്സറുകളും ഒരു ഫോറും നേടി. 20-ാം ഓവറില്‍ യാസിര്‍ അലി 22 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ വൈഭവ് 19 റണ്‍സ് അടിച്ചെടുത്തു. പ്രിയാന്‍ഷ് ആര്യയും സ്‌കോര്‍ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറില്‍ 49 റണ്‍സിലെത്തി. നാലാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാന്‍ഷ് 23 പന്തില്‍ 44 റണ്‍സെടുത്തു. ഇന്ത്യ അവസാന പന്തില്‍ മൂന്നു റണ്‍സ് ഓടിയെടുത്താണ് സ്‌കോര്‍ 194ല്‍ എത്തിച്ചത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്, ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ പന്തില്‍ തന്നെ ജിതേഷ് ശര്‍മ ക്ലീന്‍ ബൗള്‍ഡ്. തൊട്ടടുത്ത പന്തില്‍ അശുതോഷ് ശര്‍മയും പുറത്തായതോടെ പൂജ്യം റണ്ണിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. ബംഗ്ലാദേശിന് ജയിക്കാന്‍ ഒരു റണ്ണ്. മറുപടി ബാറ്റിങ്ങില്‍ സുയാഷ് ശര്‍മ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ യാസില്‍ അലി പുറത്ത്. തൊട്ടടുത്ത പന്ത് വൈഡ് എറിഞ്ഞതോടെ ബംഗ്ലാദേശ് ഫൈനലില്‍.
നിര്‍ണായക സൂപ്പര്‍ ഓവറില്‍ വെടിക്കെട്ട് താരം വൈഭവിനെ ബാറ്റിങ്ങിന് ഇറക്കാത്ത തീരുമാനത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് വൈഭവ്. നാലു ഇന്നിങ്‌സുകളില്‍നിന്ന് 239 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഈ മത്സരത്തിലും പതിനാലുകാരന്‍ നാലു സിക്‌സടക്കം 15 പന്തില്‍ 38 റണ്‍സെടുത്തു. എന്നിട്ടും താരത്തെ സൂപ്പര്‍ ഓവറില്‍ കളിപ്പിക്കാത്ത തീരുമാനം വലിയ മണ്ടത്തരമായെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.




