- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാന്‍ താരത്തെ ടീമിലെടുത്ത് ആകെ പെട്ട് സണ്‍റൈസേഴ്സിനും കാവ്യാ മാരനും; സൈബര്‍ ആക്രമണം ശക്തമായതോടെ എക്സ് അക്കൗണ്ട് പൂട്ടി
പാക്കിസ്ഥാന്‍ താരത്തെ ടീമിലെടുത്ത് ആകെ പെട്ട് സണ്‍റൈസേഴ്സിനും കാവ്യാ മാരനും

ലണ്ടന്‍: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരലേലത്തില്‍ പാക്കിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ആകെ പെട്ട് സണ്‍റൈസേഴ്സും കാവ്യ മാരനും. തീരുമാനത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് സണ്‍ റൈസേഴ്‌സ് ഫ്രാഞ്ചൈസി നേരിടുന്നത്. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സണ്‍റൈസേഴ്സ് ലീഡ്സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.
കലാനിധി മാരന്റെ നേതൃത്വത്തിലുള്ള ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയായ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് സണ്‍റൈസേഴ്സ് ലീഡ്സ്. 2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തില്‍, ഇന്ത്യന്‍ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്സിന്റെ ഈ നീക്കം വലിയ വിവാദമാകുകയാണ്.
ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാക്കിസ്താന്‍ കളിക്കാരനെ ടീമിലെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാര്‍ അഹമ്മദ് മുന്‍പ് ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്.
ലണ്ടനില്‍ നടന്ന ലേലത്തില്‍ സിഇഒ കാവ്യാ മാരനും ഹെഡ് കോച്ച് ഡാനിയല്‍ വെട്ടോറിയും നേരിട്ട് പങ്കെടുത്തിരുന്നു. ഇതോടെ കാവ്യാ മാരനെതിരെയും വിമര്‍ശനമുണ്ട്. കരാര്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. എക്‌സ് നിയമങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് കാണിക്കുന്നുണ്ടെങ്കിലും, സസ്‌പെന്‍ഷന്റെ കൃത്യമായ കാരണം എക്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


