തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പുമായുള്ള വിവാദം ചൂട് പിടിക്കവെ സഞ്ജു സാംസണെ പരസ്യമായി പിന്തുണച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍.ഏഴു ദിവസത്തിനകം വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്‌സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിനു പിന്നില്‍ കെസിഎയ്ക്കും പങ്കുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമര്‍ശനം.ഇതിന് പിന്നാലെ തുറന്നുപറച്ചിലുമായി കെസിഎ അധികൃതരും സഞ്ജുവും രംഗത്തെത്തിയിരുന്നു.ടി20 പരമ്പരയിലെ മോശം പ്രകടനം കൂടിയായതോടെ സഞ്ജുവിനെതിരെ കെസിഎ കടുപ്പിക്കുകയും ചെയ്തു.വിഷയം കൂടുതല്‍ ചര്‍ച്ചയിലേക്ക് നീങ്ങവെയാണ് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയത്.

കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന.എന്നാല്‍ കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും നോട്ടീസില്‍ പറയുന്നുണ്ട്.വിഷയത്തില്‍ കെസിഎയുടെ നിലപാട് തേടുന്നതിനു പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തെന്നും നോട്ടിസിലുണ്ട്.

കാരണം കാണിക്കല്‍ നോട്ടീസ് പുറത്തുവന്നതിന് പിന്നാലെ ശ്രീശാന്ത് പ്രതികരണവുമായി രംഗത്തെത്തി.എന്ത് നടപടിയുണ്ടായാലും തന്റെ സഹതാരത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നു ശ്രീശാന്ത് വ്യക്തമാക്കി.ഇതില്‍ സഞ്ജുവെന്നല്ല പകരം സച്ചിനായാലും നിധീഷായാലും താന്‍ അവര്‍ക്കൊപ്പമുണ്ടാകും.കെസിഎ അവരുടെ അധികാരം പ്രയോഗിക്കട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.കൂടാതെ കെസിഎയുടെ നടപടിയെയും താരം വിമര്‍ശിച്ചു.

'ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. 'ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും. അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ.. ശ്രീശാന്ത് പറഞ്ഞു.സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍നിന്ന് മികച്ച ഒരുപിടി താരങ്ങള്‍ നമുക്കുണ്ട്. സച്ചിന്‍ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്? നമ്മുടെ താരങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പോലും അവര്‍ തയാറല്ല എന്നതാണ് വസ്തുത.

'കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോള്‍ അവര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു. എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?'ശ്രീശാന്ത് ചോദിച്ചു.''കെസിഎ അവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.സത്യം പുറത്തുകൊണ്ടുവരാന്‍ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടി സ്വീകരിക്കുമോ?'ശ്രീശാന്ത് ചോദിച്ചു