- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹര്‍നൂര്‍ സിംഗിന്റെ സെഞ്ചുറി മികവിൽ പഞ്ചാബിന് മികച്ച സ്‌കോർ; എട്ടാം വിക്കറ്റിൽ പ്രേരിത്-മായങ്ക് സഖ്യം കൂട്ടിച്ചേർത്തത് 114 റണ്‍സ്; അങ്കിത് ശര്‍മ്മയ്ക്ക് നാല് വിക്കറ്റ്; കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം
മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബ് ഉയർത്തിയ 436 റണ്‍സിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്നെത്തിയ കേരളത്തിന് മോശം തുടക്കം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എടുത്തിട്ടുണ്ട്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബേസിലിന്റെ (4) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. വത്സല്‍ ഗോവിന്ദ് (7), അങ്കിത് ശര്‍മ (2) എന്നിവരാണ് ക്രീസില്‍. ഹര്‍നൂര്‍ സിംഗ് (170) സെഞ്ചുറി നേടിയപ്പോള്‍ പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
രണ്ടാം ദിനം 6 വിക്കറ്റിന് 240 റണ്‍സെന്ന നിലയിലാണ് പഞ്ചാബ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ന് ആദ്യം നഷ്ടമായത് കൃഷ് ഭഗതിന്റെ (28) വിക്കറ്റാണ്. പിന്നാലെ ഹര്‍നൂറിനെ നിധീഷ് ബൗള്‍ഡ് ആക്കി. പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരുടെ ബാറ്റിംഗും പഞ്ചാബിന് തുണയായി.എട്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന സെഷനില്‍ പ്രേരിത് ദത്തയെ അഹമ്മദ് ഇമ്രാന്‍ ബൗള്‍ഡ് ആക്കിയപ്പോള്‍, ആയുഷ് ഗോയലിനെ (4) അങ്കിത് ശര്‍മ പുറത്താക്കി.
ആദ്യ ദിനം, പഞ്ചാബിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. ഹര്‍നൂര്‍ സിംഗും പ്രഭ്സിമ്രാനും (23) ചേര്‍ന്ന് 52 റണ്‍സ് ചേര്‍ത്തു. പിന്നീട് ഉദയ് സഹാരണിനൊപ്പം (37) ഹര്‍നൂര്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിനായി ബൗളിംഗിൽ തിളങ്ങിയ അങ്കിത് ശര്‍മ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ എന്‍ പി, ബാബാ അപരാജിത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ഭേദപ്പെട്ട തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹര്‍നൂര്‍-പ്രഭ്സിമ്രാന്‍ (23) സഖ്യം 52 റണ്‍സ് ചേര്‍ത്ത് അടിത്തറയിട്ടിരുന്നു.
പ്രഭ്സിമ്രാനെ ബൗള്‍ഡാക്കി അപരാജിതാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഉദയ് സഹാരണ്‍ (37) ഹര്‍നൂര്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഉദയ് സഹാരണിനെ ബൗള്‍ഡാക്കി അങ്കിത് ശര്‍മ കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അന്‍മോല്‍പ്രീത് സിംഗ് (1), നമന്‍ ധിര്‍ (1), രമണ്‍ദീപ് സിംഗ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 162 എന്ന നിലയിലായി പഞ്ചാബ്. എന്നാൽ, പഞ്ചാബിനെ ചെറിയ സ്കോറിൽ പുറത്താക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾക്ക് പ്രേരിത് ദത്തയും മായങ്ക് മർകണ്ഡെയും തിരിച്ചടിയേൽപ്പിച്ചു.




