ന്യൂഡല്‍ഹി: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിര മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും രാജ്യാന്തര ക്രിക്കറ്റിലെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി സൂചന. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ഇരുവരും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഇടമുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടീം ഇന്ത്യയുടെ ലോകകപ്പ് പ്ലാനില്‍ നിലവില്‍ കോലിയും രോഹിതും ഇല്ലെന്ന് ബിസിസിഐയിലെ ഉന്നതന്‍ പറഞ്ഞതായി ദൈനിക് ജാഗരണാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിക്കാമെന്ന ഇരുവരുടെയും ആഗ്രഹം പരിഗണിച്ചേക്കില്ലെന്നും പകരം ഒക്ടോബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഈ പരമ്പരയോടെ വിരമിക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കുമെന്നുമാണ് സൂചന. ഇനി ലോകകപ്പ് ടീമിലെ സ്ഥാനത്തില്‍ എന്തെങ്കിലും സാധ്യത കാണണമെങ്കില്‍ ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബറില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ കോലിയും രോഹിതും കളിക്കാന്‍ തയാറായെങ്കില്‍ മാത്രമേ ഏകദിന ലോകകപ്പിനുള്ള ടീമില്‍ പരിഗണിക്കാന്‍ പോലും സാധ്യതയുള്ളൂ. അല്ലാത്തപക്ഷം ഇരുവരുമില്ലാത്ത ടീം ഇന്ത്യയാകും കിരീടം തേടിയിറങ്ങുകയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ടെസ്റ്റിലും ട്വന്റി20യിലും ഇല്ലാത്തതിനാല്‍ തന്നെ ഏകദിനങ്ങളില്‍ മാത്രമേ രോഹിതിന്റെയും കോലിയുടെയും കളി കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകുകയുള്ളൂ.

ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം ഗില്‍ പുറത്തെടുത്തതും ജയത്തോളം പോന്ന സമനില ടീം ഇന്ത്യ നേടിയതും രോഹിതിന്റെ സാധ്യതകള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മങ്ങലേല്‍പ്പിക്കുന്നുണ്ട്. സമീപഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലും ഗില്‍ തന്നെയാകും ക്യാപ്റ്റനെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്വന്റി20യിലും ടെസ്റ്റിലും തലമുറമാറ്റം വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് ബിസിസിഐ.

അതേസമയം ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലെന്ന് സെലക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഈ പരമ്പരയോടെ ഇരുവരുടെയും അന്താരാഷ്ട്ര കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നും അതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസീസ് പരമ്പരയ്ക്കു ശേഷം ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിജയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റനെന്ന നിലയിലെ സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിരവധി യുവതാരങ്ങളും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ 2027 ലോകകപ്പിന് യുവതാരങ്ങളുമായി തന്നെ തുടരാനാണ് സെലക്ടര്‍മാരുടെ നീക്കം.

2027 ഓക്ടോബര്‍-നവംബറില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ടീമില്‍ തുടരുന്നത്. അപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 40 വയസ്സും കോലിക്ക് 38 വയസ്സും പൂര്‍ത്തിയാകും. ഏകദിനത്തിനുമാത്രമായി രണ്ടുവര്‍ഷത്തിലേറെക്കാലം ഇരുവരെയും നിലനിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാസങ്ങളുടെ ഇടവേളയിലെത്തുന്ന മത്സരങ്ങള്‍ക്കായി ഫിറ്റ്നസും മത്സരശേഷിയും നിലനിര്‍ത്താന്‍ ഇവര്‍ക്കു കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.