അഹമ്മദാബാദ്: ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. ടി20 ഫോർമാറ്റിൽ ഇതുവരെ 30 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 18 തവണ ഇന്ത്യ വിജയിച്ചപ്പോൾ 11 മത്സരങ്ങളിൽ ബ്ലാക്ക് ക്യാപ്‌സ് വിജയം കണ്ടു. ന്യൂസിലൻഡിനെതിരായ ഇന്ത്യൻ വിജയങ്ങളിൽ ബാറ്റിംഗ് നിര നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

ടി20യിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക

1. സൂര്യകുമാർ യാദവ്: ന്യൂസിലൻഡിനെതിരെ ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനാണ്. കിവീസിനെതിരെ കളിച്ച 13 മത്സരങ്ങളിൽ നിന്നായി 58.44 എന്ന മികച്ച ശരാശരിയിൽ 526 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ചുറിയും നാല് അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു.

2. രോഹിത് ശർമ്മ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പട്ടികയിൽ രണ്ടാമത്. കിവീസിനെതിരെ 17 മത്സരങ്ങളിൽ നിന്നായി 511 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. 2024-ൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച ഹിറ്റ്മാൻ ന്യൂസിലൻഡിനെതിരെ ആറ് അർദ്ധസെഞ്ചുറികളും നേടിയിട്ടുണ്ട്.

3. കെ.എൽ. രാഹുൽ: ന്യൂസിലൻഡിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ഓപ്പണർ കെ.എൽ. രാഹുൽ. വെറും 8 മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ചുറികളടക്കം 322 റൺസാണ് രാഹുൽ സ്വന്തമാക്കിയത്.

4. ഇഷാൻ കിഷൻ: 2026 ലോകകപ്പിലെ ഇന്ത്യയുടെ മിന്നും താരം ഇഷാൻ കിഷനാണ് പട്ടികയിൽ നാലാമത്. കിവീസിനെതിരെ കളിച്ച 11 മത്സരങ്ങളിൽ നിന്നായി 28.90 ശരാശരിയിൽ 318 റൺസാണ് ഇഷാൻ നേടിയത്. നിലവിൽ തകർപ്പൻ ഫോമിലാണ് ഈ യുവതാരം.

5. വിരാട് കോഹ്‌ലി: റൺ മെഷീൻ വിരാട് കോഹ്‌ലിയാണ് അഞ്ചാം സ്ഥാനത്ത്. വെറും 10 മത്സരങ്ങളിൽ നിന്നായി 34.55 ശരാശരിയിൽ 311 റൺസ് കോഹ്‌ലി നേടിയിട്ടുണ്ട്. രണ്ട് അർദ്ധസെഞ്ചുറികളാണ് കിവീസിനെതിരെ വിരാടിന്റെ സമ്പാദ്യം.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര കിവീസിനെതിരെ മികച്ച റെക്കോർഡുള്ളവരാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി എത്തുന്ന ന്യൂസിലൻഡ് ഒട്ടും പിന്നിലല്ല. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ കളിക്കുന്ന ബ്ലാക്ക് ക്യാപ്‌സ് ഇന്ത്യയുടെ കിരീടസ്വപ്നങ്ങൾക്ക് വലിയ ഭീഷണിയാണ്.