- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയത്തിലേക്ക് നീങ്ങിയ ഗുജറാത്തിന് തടയിട്ടത് വില്ല്യം ഒറൗര്‍ക്ക്; അഭിമാനപ്പോരില്‍ ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്; ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയത് 33 റണ്‍സിന്
ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ആശ്വാസ ജയം. 236 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ലക്നൗവിന് 33 റണ്‍സ് വിജയം. 57 റണ്‍സ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.
ലഖ്‌നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റേത് മികച്ച തുടക്കമായിരുന്നു.സായ് സുദര്‍ശനും(21) ശുഭ്മാന്‍ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറില്‍ 85-ലെത്തി. ഇരുവരുടെയും വിക്കറ്റുകള്‍ വീണതിന് പിന്നാലെ ബട്‌ലറും റൂഥര്‍ഫോര്‍ഡും സ്‌കോറുയര്‍ത്തി. ബട്‌ലര്‍(33) പുറത്തായതോടെ ഷാരൂഖ് ഖാനെയും കൂട്ടുപിടിച്ച് റൂഥര്‍ഫോര്‍ഡ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി.ഇതോടെ ഇന്നിംസിന്റെ ഉത്തരവാദിത്തം റൂഥര്‍ഫോര്‍ഡും ഷാറൂഖ് ഖാനും ഏറ്റെടുത്തു.
മികച്ച രീതിയില്‍ ആക്രമണം നടത്തിയ ഷാറൂഖ് ഖാനും റൂഥര്‍ഫോര്‍ഡും ലക്നൗവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 40 പന്തില്‍ നിന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 16-ാം ഓവറില്‍ റൂഥര്‍ഫോര്‍ഡിനെ വില്‍ ഓറുര്‍കെ പുറത്താക്കി. 22 പന്തില്‍ 38 റണ്‍സ് നേടിയാണ് റൂഥര്‍ഫോര്‍ഡ് മടങ്ങിയത്. തൊട്ടുപിന്നാലെ ഷാറൂഖ് ഖാന്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. 17-ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ തെവാട്ടിയയെയും വില്‍ ഓറുര്‍കെ മടക്കിയയച്ചു. 29 പന്തില്‍ 57 റണ്‍സ് നേടിയ ഷാറൂഖ് ഖാനെ ആവേശ് ഖാന്‍ പുറത്താക്കി. പിന്നാലെ വന്നവര്‍ക്കൊന്നും സംഭാവന ചെയ്യാനാകാതെ വന്നതോടെ ഗുജറാത്ത് പരാജയം സമ്മതിക്കുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 202 റണ്‍സെടുത്തു. ലഖ്‌നൗവിനായി വില്ല്യം ഒറൗര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.നേരത്തേ ലഖ്നൗ നിശ്ചിത 20-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും പവര്‍ പ്ലേയില്‍ അടിച്ചുതകര്‍ത്തു. ആറോവറില്‍ ടീം 53-ലെത്തി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ലഖ്‌നൗ സ്‌കോര്‍ കുതിച്ചു. ഒമ്പതോവറില്‍ ലഖ്‌നൗ 83 റണ്‍സിലെത്തി. പിന്നാലെ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
ടീം സ്‌കോര്‍ 91 ല്‍ നില്‍ക്കേ മാര്‍ക്രം പുറത്തായി. 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്താണ് താരം പുറത്തായത്. എന്നാല്‍ പിന്നീടിറങ്ങിയ നിക്കൊളാസ് പുരാനുമൊത്ത് മാര്‍ഷ് സ്‌കോറുയര്‍ത്തി. മാര്‍ഷും പുരാനും അതിവേഗം സ്‌കോറുയര്‍ത്തിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ടീം 15 ഓവറില്‍ 160 റണ്‍സാണ് അടിച്ചെടുത്തത്.
17-ാം ഓവറില്‍ മാര്‍ഷ് സെഞ്ചുറിയും തികച്ചു. ടീമിനെ ഇരുന്നൂറ് കടത്തിയാണ് മാര്‍ഷ് കൂടാരം കയറിയത്. 64 പന്തില്‍ നിന്ന് 10 ഫോറും എട്ട് സിക്‌സറുകളുമടക്കം മാര്‍ഷ് 117 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ ലഖ്‌നൗ 235 റണ്‍സെടുത്തു. പുരാന്‍ 27 പന്തില്‍ നിന്ന് 56 റണ്‍സും പന്ത് ആറ് പന്തില്‍ നിന്ന് 16 റണ്‍സുമെടുത്തു പുറത്താവാതെ നിന്നു.