- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്'? രണ്ട് ഓപ്ഷനുകള്‍ നല്കി അവതാരകന്‍; നിര്‍വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍; ലക്‌നൗ ടീമിന് രൂക്ഷവിമര്‍ശനം
ലക്‌നൗ പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍
ലക്‌നൗ: ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകാനിരിക്കെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളും റീല്‍സുകളുമാണ് പ്രമുഖ ടീമുകള്‍ പുറത്തുവിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡയും റസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ നടത്തുന്ന സംഭാഷണങ്ങളുമായി മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഋഷഭ് പന്ത് നയിക്കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ടീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുമായി നടത്തിയ ഒരു അഭിമുഖമാണ് വന്‍ വിമര്‍ശനത്തിന് കാരണമായത്. ക്രിക്കറ്റ് കളത്തില്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ഹൃദയം തകര്‍ത്ത തോല്‍വിയേത് എന്ന ചോദ്യമാണ് വിമര്‍ശനങ്ങള്‍ക്ക് നിദാനം. ഈ ചോദ്യം ഉള്‍പ്പെടുന്ന ലഘു അഭിമുഖം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ്, കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.
'കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്?' എന്ന ചോദ്യമുയര്‍ത്തി, അവതാരകന്‍ നല്‍കുന്ന രണ്ട് ഓപ്ഷനുകളില്‍നിന്ന് ഒന്ന് തിരഞ്ഞെടുക്കാനായിരുന്നു മില്ലറിനു നല്‍കിയ നിര്‍ദ്ദേശം. 2023ല്‍ ഗുജറാത്ത് ൈടറ്റന്‍സ് താരമായിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഫൈനലിലേറ്റ തോല്‍വി, 2014ല്‍ പഞ്ചാബ് കിങ്‌സ് താരമായിരിക്കെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വി എന്നിവയാണ് ആദ്യ ഓപ്ഷനുകളായി നല്‍കിയത്. നിര്‍വികാരമായ മുഖഭാവത്തോടെ 2023ലെ തോല്‍വിയാണ് മില്ലര്‍ തിരഞ്ഞെടുത്തത്.
2023ലെ ഫൈനല്‍ തോല്‍വിയോ അതോ 2021 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതോടെ എന്ന അടുത്ത ചോദ്യത്തിന്, ലോകകപ്പില്‍നിന്ന് പുറത്തായത് എന്ന് മില്ലറിന്റെ ഉത്തരം. 2021 ലോകകപ്പിലെ പുറത്താകലോ 2019 ലോകകപ്പിലോ പുറത്താകലോ എന്ന മൂന്നാം ചോദ്യത്തിനും 2021ലെ പുറത്താകലെന്നു തന്നെ നിര്‍വികാരമായ ഉത്തരം. 2021ലെ പുറത്താകലോ 2024ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയോ എന്ന ചോദ്യത്തിന്, ഇന്ത്യയോടേറ്റ തോല്‍വിയെന്ന് ഉത്തരം.
2024ലെ തോല്‍വിയോ 2023 ലോകകപ്പിലെ സെമിഫൈനല്‍ തോല്‍വിയോ എന്ന് അടുത്ത ചോദ്യം. 2024ലെ തോല്‍വിയെന്ന് മില്ലര്‍ ഉത്തരം നല്‍കുമ്പോള്‍, ആ തോല്‍വിയാണോ 2025 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയോ എന്ന് വീണ്ടും ചോദ്യം. 2024ലെ തോല്‍വി തന്നെയെന്ന് മില്ലര്‍ ആവര്‍ത്തിക്കുന്നിടത്താണ് വിഡിയോ പൂര്‍ണമാകുന്നത്. ''ഹൃദയം തകര്‍ത്ത തോല്‍വികള്‍ ഇതു മതി. മില്ലറിനു വേണ്ടി ഈ സീസണില്‍ കിരീടം നേടണം' എന്ന വാചകത്തോടെയാണ് വിഡിയോ അവസാനിക്കുന്നതെങ്കിലും, മില്ലറിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന വിഡിയോയാണ് ഇതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
ഐപിഎല്‍ സീസണിനു തുടക്കമാകാനിരിക്കെ, കരിയറിലെ ഏറ്റവും വേദനിപ്പിച്ച തോല്‍വിയേക്കുറിച്ചുള്ള ചോദ്യം തീര്‍ത്തും അനാവശ്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധി ഉപയോഗിക്കാത്ത, ചൂഷണസ്വഭാവമുള്ള ചോദ്യവും അഭിമുഖവുമാണ് ഇതെന്നാണ് വാദം. മാത്രമല്ല, ടീമിലെ പ്രധാനപ്പെട്ട താരത്തിന്റെ മനസ്സിടിക്കുന്ന തരത്തിലുള്ള ഇത്തരമൊരു സമീപനത്തിനു പിന്നിലെ യുക്തിയെയും അവര്‍ ചോദ്യം ചെയ്യുന്നു. ഒരു താരത്തിന്റെ വൈകാരികതയെ വിറ്റ് കാശാക്കാനാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശ്രമിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് ലക്‌നൗവിന്റെ ആദ്യ മത്സരം.