ഹൈദരാബാദ്: ലഖ്‌നൗ സൂപ്പര്‍ ജയന്റസും ഐ പി എല്ലില്‍ നിന്ന് പുറത്ത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 6 വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത്.ലഖ്‌നൗ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.20 പന്തില്‍ അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മയാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍.

ലഖ്നൗ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് ഓപ്പണര്‍ അഥര്‍വ ടൈഡെയെ(13) തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും സ്‌കോറുയര്‍ത്തി. തകര്‍ത്തടിച്ച ഇരുവരും ടീം സ്‌കോര്‍ നൂറിനടുത്തെത്തിച്ചു. അഭിഷേക് ശര്‍മ 20 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്സറുമുള്‍പ്പെടെ 59 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 28 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് പുറത്തായതോടെ ടീം 140-3 എന്ന നിലയിലായി.

പിന്നാലെയെത്തിയ ഹെന്റിച്ച് ക്ലാസനും കാമിന്ദു മെന്‍ഡിസും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ ലഖ്നൗ പ്രതിരോധത്തിലായി. 17 ഓവറില്‍ ടീം 187 റണ്‍സിലെത്തി.ക്ലാസന്‍ 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ കാമിന്ദു മെന്‍ഡിസ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. എന്നാല്‍ അനികേത് വര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ടീമിനെ 18.2 ഓവറില്‍ ജയത്തിലെത്തിച്ചു.

നേരത്തേ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും ഹൈദരാബാദ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. അതോടെ പവര്‍പ്ലേയില്‍ ലഖ്നൗ സ്‌കോര്‍ കുതിച്ചു.ആദ്യ ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷായിരുന്നു കൂടുതല്‍ അപകടകാരി.

പവര്‍പ്ലേ അവസാനിച്ചതിന് ശേഷവും ഇരുവരും വെടിക്കെട്ട് തുടരുന്നതാണ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ടീം ഒമ്പതോവറില്‍ നൂറിലെത്തി. 115 ല്‍ നില്‍ക്കേ മാര്‍ഷിനെ ലഖ്നൗവിന് നഷ്ടമായി. 39 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സറുമടക്കം 65 റണ്‍സെടുത്താണ് താരം മടങ്ങിയത്. വണ്‍ഡൗണായി ഇറങ്ങിയ നായകന്‍ ഋഷഭ് പന്ത്(7) നിരാശപ്പെടുത്തിയതോടെ ടീം 124-2 എന്ന നിലയിലേക്ക് വീണു.

പിന്നാലെ മാര്‍ക്രമും നിക്കൊളാസ് പുരാനും ചേര്‍ന്ന് ടീമിനെ 150-കടത്തി. മാര്‍ക്രം 38 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ആയുഷ് ബദോനിയും(3) കൂടാരം കയറിയതോടെ ടീം 169-4 എന്ന നിലയിലായി. അവസാനഓവറുകളില്‍ പുരാന്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുതിച്ചു.പുരാന്‍ 26 പന്തില്‍ നിന്ന് 45 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ 205 റണ്‍സെടുത്തു.ഹൈദരാബാദിനായി ഈഷന്‍ മലിംഗ രണ്ട് വിക്കറ്റെടുത്തു.

പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ലഖ്നൗവിന് ജയിക്കണമായിരുന്നു. ഹൈദരാബാദ് നേരത്തേ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.