മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് സൂപ്പര്‍താരം വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രോഹിത് ശര്‍മക്കു പിന്നാലെയാണ് 14 വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍കോലി അവസാനിപ്പിച്ചത്.

കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തിയതായി രവി ശാസ്ത്രി പറഞ്ഞു. 'വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനു ഒരാഴ്ച മുമ്പ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞുവെന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. യാതൊരു പശ്ചാത്താപവുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴും അദ്ദേഹത്തിന് യാതൊരു സന്ദേഹവുമില്ലായിരുന്നു. അപ്പോള്‍ എനിക്കു തോന്നി, അതെ, ഇതാണ് ശരിയായ സമയം. മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം' -ശാസ്ത്രി ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കളിയുടെ എല്ലാ മേഖലകളിലും കോലിക്ക് മികച്ച സംഭാവന നല്‍കാനായി. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം 120 ശതമാനം അദ്ദേഹം സമര്‍പ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടോ മൂന്നോ വര്‍ഷംകൂടി കളിക്കാമായിരുന്നു. സ്‌ക്വാഡിലെ മറ്റുള്ളവരേക്കാള്‍ ഫിറ്റ്‌നസുള്ള താരമാണ്. പക്ഷേ, മാനസികമായി വേറൊരു തലത്തിലായിരുന്നു വിരാട്. നിങ്ങളുടെ ശരീരം എത്രത്തോളം ഫിറ്റ്‌നസുള്ളതാണെന്നത് അവിടെ പ്രശ്മല്ല, മനസ്സ് മതിയെന്ന് പറഞ്ഞാല്‍ അവസാനിപ്പിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.