- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിയിൽ ഇംഗ്ലണ്ടിനെ പൂട്ടാൻ 'കുൽദീപ് മന്ത്രം'; സ്പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മൈക്കൽ വോൺ; ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കാൻ കുൽദീപിന് സാധിക്കുമെന്നും വിശകലനം

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഇന്ത്യക്ക് 'മാസ്റ്റർ പ്ലാനുമായി' മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് വോണിന്റെ നിർദേശം. ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കാൻ കുൽദീപിന്റെ ചൈനാമാൻ ബൗളിങ്ങിന് സാധിക്കുമെന്ന് വോൺ ചൂണ്ടിക്കാട്ടി.
"എല്ലാ ഫോർമാറ്റിലും ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ചരിത്രമാണ് കുൽദീപിനുള്ളത്. അദ്ദേഹത്തിന്റെ പന്തുകൾ വായിച്ചെടുക്കാൻ ഇംഗ്ലീഷ് താരങ്ങൾ ഇപ്പോഴും പാടുപെടുന്നു. മധ്യനിരയിൽ അധികമായി ഒരു ബാറ്ററെ ഉൾപ്പെടുത്തുന്നതിനേക്കാൾ, വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള കുൽദീപിനെപ്പോലൊരു ബൗളറെയാണ് ഇന്ത്യക്ക് ആവശ്യം. തിലക് വർമയെയോ ശിവം ദുബെയെയോ മാറ്റിനിർത്തി കുൽദീപിനെ പരീക്ഷിക്കണം"- വോൺ വിശകലനം ചെയ്തു.
ഇംഗ്ലണ്ടിനെതിരെ ട്വന്‍റി20യിൽ മികച്ച ട്രാക്ക് റെക്കോർഡാണ് കുൽദീപിന്റേത്. 6.41 എന്ന മിന്നും ഇക്കോണമിയിൽ എട്ട് വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. വലങ്കയ്യൻ ബാറ്റർമാർ കൂടുതലുള്ള ഇംഗ്ലീഷ് നിരയെ കുഴപ്പിക്കാൻ കുൽദീപിന്റെ സ്പിൻ വൈവിധ്യങ്ങൾക്ക് സാധിക്കും. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും നയിക്കുന്ന സ്പിൻ വിഭാഗത്തിന് കുൽദീപിന്റെ സാന്നിധ്യം കൂടുതൽ കരുത്തേകും.
ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ബാറ്റിങ് ആഴത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യ, സെമി പോലൊരു നിർണായക പോരാട്ടത്തിൽ ടീം ബാലൻസിൽ മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവിനും സംഘത്തിനും വോണിന്റെ ഈ 'ഗൂഗ്ലി' തന്ത്രം സ്വീകാര്യമാകുമോ എന്ന് വ്യാഴാഴ്ച അറിയാം.


