കൊളംബോ: ലോകകപ്പ് സെമിയിൽ ഇന്ത്യയെ എത്തിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ വാനോളം പുകഴ്ത്തി ബൗളിംഗ് പരിശീലകൻ മോണെ മോർക്കൽ. പ്രകടനം താരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ കഠിനാധ്വാനത്തെയും മാനസിക കരുത്തിനെയും മോർക്കൽ പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് മോർക്കൽ സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്.

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ മുൻപ് പലപ്പോഴും സെലക്ഷൻ ചർച്ചകളിൽ തിരിച്ചടിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളിൽ ടീമിനുള്ളിൽ വലിയ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മോർക്കൽ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 97 റൺസ് കേവലം ഒരു രാത്രിയിലെ പ്രകടനം മാത്രമല്ലെന്നും, ശ്രദ്ധാകേന്ദ്രമല്ലാത്ത സമയങ്ങളിൽ പോലും അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മോർക്കൽ എടുത്തുപറഞ്ഞു. "സഞ്ജു മികച്ച നിലവാരമുള്ള കളിക്കാരനാണ്. നെറ്റ്സിൽ എപ്പോഴും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ലഭിച്ച അവസരത്തിൽ തന്റെ ക്ലാസ്സും പരിചയസമ്പത്തും അദ്ദേഹം തെളിയിച്ചു," മോർക്കൽ പറഞ്ഞു.

ടൂർണമെന്റുകൾക്കിടയിൽ ടീം കോമ്പിനേഷനുകൾ മാറുമ്പോഴും, താരങ്ങൾക്ക് പെട്ടെന്ന് വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും സഞ്ജു എപ്പോഴും തയ്യാറെടുത്തിരുന്നു എന്നതാണ് മോർക്കൽ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. പരിശീലകർ എന്ന നിലയിൽ താരത്തിന് അമിത സമ്മർദ്ദം നൽകാതെ പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രൊഫഷണൽ സ്പോർട്സിൽ എപ്പോഴും തയ്യാറായിരിക്കുക എന്നതാണ് പ്രധാനം. സഞ്ജു തന്റെ ശാന്തത നിലനിർത്തുകയും ആ കഠിനമായ ഘട്ടത്തിലൂടെ പോരാടി മുന്നേറുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണിത്," മോർക്കൽ കൂട്ടിച്ചേർത്തു.