മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിനായുള്ള കളിക്കാരെ നിലനിർത്തുന്നതിനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഓൾറൗണ്ടർ ശർദ്ദുൽ താക്കൂറിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. ലേലത്തിനു മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്നും ട്രേഡിലൂടെയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ മൂന്നുതവണ ട്രേഡ് ചെയ്യപ്പെടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡും ഷർദുൽ താക്കൂറിന് സ്വന്തമായി. ഓൾ-ക്യാഷ് ഡീൽ വഴിയാണ് താക്കൂറിന്റെ കൈമാറ്റം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

മോശം ഫോമിനെ തുടർന്ന് 2025-ലെ മെഗാ ലേലത്തിൽ വിറ്റുപോകാതിരുന്ന ഷർദുൽ താക്കൂറിനെ, പരിക്കേറ്റ മോഹ്സിൻ ഖാനു പകരക്കാരനായി ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചിരുന്നു. സീസൺ ആരംഭത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താക്കൂർ ആദ്യ രണ്ടു മത്സരങ്ങളിൽ ആറു വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ പിന്നീട് 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 11.02 എന്ന ഉയർന്ന ഇക്കണോമി റേറ്റോടെയാണ് സീസൺ അവസാനിപ്പിച്ചത്.

ഐപിഎൽ കരിയറിൽ ഷർദുൽ താക്കൂറിന്റെ ഏഴാമത്തെ ടീമാണ് മുംബൈ. പഞ്ചാബ് കിംഗ്സ്, റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി കാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈയ്ക്കും വേണ്ടി കളിക്കുന്ന ചുരുക്കം ചില താരങ്ങളുടെ പട്ടികയിലും ഷർദുൽ താക്കൂർ ഇടംപിടിച്ചിട്ടുണ്ട്. ഇതുവരെ 105 ഐപിഎൽ മത്സരങ്ങളിൽ കളിച്ച ഷർദുൽ താക്കൂർ 107 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 30.31 ശരാശരിയിലും 9.43 ഇക്കണോമി റേറ്റിലുമാണ് ഈ നേട്ടം.

കൂടാതെ 42 ഇന്നിംഗ്സുകളിൽ നിന്ന് 325 റൺസും 139.48 സ്ട്രൈക്ക് റേറ്റോടെ നേടിയിട്ടുണ്ട്. ബാറ്റിംഗിൽ താക്കൂറിന്റെ സംഭാവനയും മുംബൈ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-ൽ റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് താരത്തെ പഞ്ചാബ് കിംഗ്സിൽ നിന്ന് സ്വന്തമാക്കിയിരുന്നു. 2023 സീസണിന് മുമ്പ് ഡൽഹി കാപിറ്റൽസിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും ഷർദുൽ താക്കൂറിനെ ട്രേഡ് ചെയ്തിരുന്നു. ഈ രണ്ടു കൈമാറ്റങ്ങളും ഓൾ-ക്യാഷ് ഡീലുകളായിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ എസ്സെക്സിനായി കളിക്കാനും താക്കൂർ കരാർ ഒപ്പിട്ടിരുന്നു.