മുള്‍ട്ടാന്‍: ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം മുള്‍ട്ടാനില്‍ 500 റണ്‍സിലേറെ സ്‌കോര്‍ ചെയ്തിട്ടും ഇന്നിങ്‌സിനും 47 റണ്‍സിനും ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതിന്റെ നാണക്കേടില്‍ പാക്കിസ്ഥാന്‍. ഒന്നാം ഇന്നിങ്‌സില്‍ മൂന്നു ബാറ്റര്‍മാരുടെ സെഞ്ചറികള്‍ സഹിതം 556 റണ്‍സെടുത്ത ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് റണ്‍മല ഉയര്‍ത്തിയതോടെ ആന്റി ക്ലൈമാക്‌സായി പാക്കിസ്ഥാന് അവിശ്വസനീയമായ തോല്‍വി നേരിടേണ്ടി വന്നത്.


ആഗ സല്‍മാന്റെയും ആമിര്‍ ജമാലിന്റെയും പോരാട്ടത്തിനും അനിവാര്യമായ വിധിയെ തടുത്തുനിര്‍ത്താനായില്ല. ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാക്കിസ്ഥാന്‍, അഞ്ചാം ദിനം ആദ്യ സെഷന്‍ പോലും പൂര്‍ത്തിയാക്കാനാകാതെ 54.5 ഓവറില്‍ 220 റണ്‍സിന് എല്ലാവരും പുറത്തായി. അസുഖബാധിതനായ അബ്രാര്‍ അഹമ്മദ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്തില്ല. ഇതോടെ മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 1 - 0ന് മുന്നിലെത്തി.

ഒരു ഘട്ടത്തില്‍ ആറിന് 82 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാന്, ഏഴാം വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത ആഗ സല്‍മാന്‍ ആമിര്‍ ജമാല്‍ സഖ്യമാണ് തോല്‍വി ഭാരം കുറച്ചത്. 147 പന്തുകള്‍ ഇംഗ്ലിഷ് ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഇരുവരും, 109 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത്. പേസര്‍മാര്‍ നിരാശപ്പെടുത്തിയതോടെ സ്പിന്നര്‍മാരെ ആശ്രയിച്ച ഇംഗ്ലണ്ടിന്, ആദ്യ ഓവറില്‍ത്തന്നെ ആഗ സല്‍മാനെ പുറത്താക്കി ജാക്ക് ലീച്ച് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സല്‍മാന്‍ 84 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 63 റണ്‍സെടുത്തു. താരം ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചറിയും നേടിയിരുന്നു. ആമിര്‍ ജമാല്‍ 104 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു.

ഷഹീന്‍ അഫ്രീദി (14 പന്തില്‍ 10), നസീം ഷാ (മൂന്നു പന്തില്‍ ആറ്) എന്നിവരാണ് ഇന്നു പുറത്തായ മറ്റ് പാക്ക് താരങ്ങള്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചറി നേടിയ ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (0), ക്യാപ്റ്റന്‍ കൂടിയായ ഷാന്‍ മസൂദ് (22 പന്തില്‍ 11), സ്ഥാനക്കയറ്റം കിട്ടിയെത്തിയ സയിം അയൂബ് (35 പന്തില്‍ 25), ബാബര്‍ അസം (15 പന്തില്‍ 5), സൗദ് ഷക്കീല്‍ (33 പന്തില്‍ 29), മുഹമ്മദ് റിസ്വാന്‍ (19 പന്തില്‍ 10) എന്നിവരാണ് നാലാം ദിനം പുറത്തായ പാക്ക് താരങ്ങള്‍. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ഗസ് അറ്റ്കിന്‍സന്‍, ബ്രൈഡന്‍ കേഴ്‌സ് എന്നിവര്‍ രണ്ടു വീതവും ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

മുള്‍ട്ടാനില്‍ ഇംഗ്ലീഷ് റണ്‍മല

നേരത്തെ, കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചറിയുമായി ഹാരി ബ്രൂക്കും (317) ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ജോ റൂട്ടും (262) ക്രീസില്‍ നങ്കൂരമിട്ടതോടെയാണ് ടെസ്റ്റ് റണ്‍വേട്ടയില്‍ കൊടുമുടി കീഴടക്കി ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 7 വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സുമായി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ഡിക്ലയര്‍ ചെയ്ത സന്ദര്‍ശകര്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ ഉയര്‍ത്തിയാണ് പാക്കിസ്ഥാനെ വിറപ്പിച്ചത്. ടെസ്റ്റില്‍ കഴിഞ്ഞ 86 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. മാത്രമല്ല, പാക്കിസ്ഥാനില്‍ ഒരു സന്ദര്‍ശക ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2004ല്‍ മുള്‍ട്ടാനില്‍ത്തന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 675 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ 556 റണ്‍സിന്റെ മികച്ച ടോട്ടലുയര്‍ത്തിയ പാക്കിസ്ഥാന് ആ സ്‌കോര്‍ ഒന്നുമല്ലെന്ന് ബോധ്യമായത് ബ്രൂക്കിന്റെയും റൂട്ടിന്റെയും ബാറ്റിങ് കണ്ടപ്പോഴാണ്. 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സുമായി നാലാംദിനം ബാറ്റിങ് ആരംഭിക്കുമ്പോള്‍ സെഞ്ചറി പിന്നിട്ട് നില്‍ക്കുകയായിരുന്നു റൂട്ടും (176*) ബ്രൂക്കും (141*). ബാറ്റര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളികളില്ലാതിരുന്ന പിച്ചില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ബ്രൂക്ക് 310 പന്തുകളില്‍ കന്നി ട്രിപ്പിള്‍ സെഞ്ചറി നേട്ടത്തിലെത്തി.

ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചറിയും ബ്രൂക്കിന്റെ പേരിലായി. പതിവ് ശൈലിയില്‍ ബാറ്റിങ് തുടര്‍ന്ന റൂട്ട് ടെസ്റ്റിലെ ആറാം ഡബിള്‍ സെഞ്ചറി നേട്ടത്തിനു പുറമേ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു. ഇരുവരും നാലാം വിക്കറ്റില്‍ നേടിയ 454 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണ്. വിക്കറ്റു നേടാനാവാതെ 150 ഓവറുകളാണ് പാക്ക് ബോളര്‍മാര്‍ക്ക് പന്തെറിയേണ്ടി വന്നത്.

മുള്‍ട്ടാനില്‍ പിറന്ന റെക്കോര്‍ഡുകള്‍

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആറ് പാക്കിസ്ഥാന്‍ ബോളര്‍മാരാണ് 100 റണ്‍സിലധികം വഴങ്ങിയത്. ഇത് റെക്കോര്‍ഡാണ്. മുന്‍പ് ഒരിക്കല്‍ മാത്രമേ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറു ബോളര്‍മാര്‍ 100 റണ്‍സിലധികം വഴങ്ങിയിട്ടുള്ളൂ. അത് 2004ല്‍ ശ്രീലങ്കയ്ക്കെതിരെ സിംബാബ്വെയായിരുന്നു.

454 ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടാണ് ഹാരി ബ്രൂക്കും ജോ റൂട്ടും ചേര്‍ന്ന് ഇന്നലെ നേടിയ 454 റണ്‍സ്. 1957ല്‍ വെസ്റ്റിന്‍ഡീസിനെതിരെ പീറ്റര്‍ മേയും കോളിന്‍ കൗഡ്രിയും ചേര്‍ന്നുള്ള 411 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ന്നു.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചറിക്കായുള്ള ഇംഗ്ലണ്ടിന്റെ 34 വര്‍ഷത്തെ കാത്തിരിപ്പ് ഇന്നലെ ഹാരി ബ്രൂക്കിലൂടെ സഫലമായി. 1990ല്‍ ട്രിപ്പിള്‍ സെഞ്ചറി നേടിയ ഗ്രഹാം ഗൂച്ചിനുശേഷം ഒരു ഇംഗ്ലണ്ട് താരത്തിന്റെ ആദ്യ ട്രിപ്പിള്‍.

823 ടെസ്റ്റിലെ ഉയര്‍ന്ന നാലാമത്തെ മികച്ച ഇന്നിങ്‌സ് സ്‌കോറാണിത്. 1997ല്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടിയ 952 റണ്‍സാണ് ഒന്നാമത്. 1938ല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 903 റണ്‍സ് നേടിയശേഷമുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടീം സ്‌കോറും ഇതാണ്.

പാക്കിസ്ഥാനിലും ഇന്ത്യയിലും ശ്രീലങ്കയിലും ഡബിള്‍ സെഞ്ചറികള്‍ നേടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരവും ആദ്യ ഇംഗ്ലിഷ് താരവുമായി ജോ റൂട്ട്. വീരേന്ദര്‍ സേവാഗ്, മഹേല ജയവര്‍ധനെ എന്നിവരാണ് ഒപ്പമുള്ളത്.