- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്കറ്റ് കീപ്പിങ്ങിനിടെ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കൊണ്ട് ഋഷഭ് പന്തിന് പരിക്ക്; കാറപകടത്തിന് പിന്നാലെ ശസ്ത്രക്രിയകള്‍ നടത്തിയ വലതുകാല്‍മുട്ടില്‍ നീര്; നിര്‍ണായക അപ്ഡേറ്റുമായി നായകന്‍ രോഹിത് ശര്‍മ
പകരക്കാരനായി ധ്രുവ് ജുറേല്‍
ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്കേറ്റു. വിക്കറ്റ് കീപ്പിങ്ങിനിടയിലാണ് ഋഷഭിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. കാറപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയകള്‍ നടത്തിയ വലതുകാലിലാണ് പന്ത് കൊണ്ടത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജയെറിഞ്ഞ 37-ാം ഓവറിലാണ് പന്ത് കാല്‍മുട്ടിലിടിച്ച് ഋഷഭ് പന്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ ഋഷഭ് പന്ത് കാലില്‍ ഐസ് പാക്ക് കെട്ടിവെച്ചാണ് ഗ്രൗണ്ട് വിട്ടത്. പിന്നീട് ധ്രുവ് ജുറെലാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്.
കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ടെന്നും നാളെ രാവിലെയാകുമ്പോഴേക്ക് പരിക്ക് ഭേദമാകുമെന്നാണ് കരുതുന്നതെന്നും നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചു. 'ഋഷഭിന്റെ കാര്യത്തില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് പകരം ധ്രുവിനെ ഇറക്കിയത്. വലിയൊരു ശസ്ത്രക്രിയ ചെയ്ത കാല്‍മുട്ടിലാണ് വീണ്ടും പരിക്കേറ്റത്. മുട്ടില്‍ നീര് വന്നിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളില്‍ അത് ഭേദമാകുമെന്ന് വിശ്വസിക്കാം.'-രോഹിത് വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ ജഡേജയുടെ പന്ത് ഋഷഭിന്റെ കാല്‍മുട്ടിലെ ചിരട്ടയിലാണ് കൊണ്ടതെന്ന് രോഹിത് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ വലിയ ശസ്ത്രക്രിയകള്‍ നടത്തിയ ഇടതുകാലിന്റെ മുട്ടിലാണ് പന്തുകൊണ്ടത്. പന്ത് കൊണ്ടപ്പോള്‍ തന്നെ നീര് വന്നു. അതുകൊണ്ടാണ് മുന്‍കരുതലെന്ന നിലയില്‍ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടത്. ഋഷഭ് പന്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാവില്ല. അതുപോലെ ശസ്ത്രക്രിയ ചെയ്ത കാലായതിനാല്‍ റിസ്‌കെടുത്ത് കളിക്കാന്‍ ഋഷഭും തയാറായിരുന്നില്ല.
ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഋഷഭിന് കഴിഞ്ഞില്ല. ഈ പന്ത് ഋഷഭിന്റെ ഇടതു കാല്‍മുട്ടിലാണ് വന്നിടിച്ചത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 46ന് ഓള്‍ ഔട്ടായപ്പോള്‍ 20 റണ്‍സെടുത്ത ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര ഋഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യക്ക് നിര്‍ണായകമാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഋഷഭ് പന്തായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗില്‍ വലിയ പ്രതീക്ഷയാണുള്ളത്.
2022 ഡിസംബറിലായിരുന്നു ഋഷഭിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് ഓടിച്ച വാഹനം ഡല്‍ഹി-ദെഹ്‌റാദൂണ്‍ ഹൈവേയില്‍വെച്ച് ഡിവൈഡറിലിടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുകയായിരുന്നു താരം. അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്തിന്റെ തലയ്ക്കും കാലിനുമായിരുന്നു പരിക്കേറ്റത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ഉത്തരാഖണ്ഡ് പോലീസ് പറഞ്ഞത്.