പുനെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം 301 റണ്‍സിന്റെ നിര്‍ണായക ലീഡുമായി ന്യൂസിലന്‍ഡ് ഡ്രൈവിംഗ് സീറ്റില്‍. രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്ന കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. ടോം ബ്ലണ്ടല്‍ (70 പന്തില്‍ 30*), ഗ്ലെന്‍ ഫിലിപ്‌സ് (29 പന്തില്‍ 9*) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ഇതുവരെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം മാത്രമാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്.

അഞ്ച് വിക്കറ്റില്‍ നാലും വീഴ്ത്തിയത് വാഷിങ്ടന്‍ തന്നെയാണ്. അശ്വിനാണ് ഒരു വിക്കറ്റ്. ക്യാപ്റ്റന്‍ ടോം ലാഥം (133 പന്തില്‍ 86), ഡെവോണ്‍ കോണ്‍വെ (25 പന്തില്‍ 17), വില്‍ യങ് (28 പന്തില്‍ 23), രചിന്‍ രവീന്ദ്ര (13 പന്തില്‍ ഒന്‍പത്), ഡാരില്‍ മിച്ചല്‍ (23 പന്തില്‍ 18) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ കിവീസ് ബാറ്റര്‍മാര്‍.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 103 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിനെതിരെ സ്പിന്‍ കെണിയൊരുക്കി വീഴ്ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ തകര്‍ന്നടിയുകയായിരുന്നു. മിച്ചല്‍ സാന്റ്നറുടെ ഇടംകൈയന്‍ സ്പിന്നിനു മുന്നില്‍ പതറിയ ഇന്ത്യ 156 റണ്‍സിന് കൂടാരം കയറിയിരുന്നു. രവീന്ദ്ര ജഡേജ (38), ശുഭ്മാന്‍ ഗില്‍ (30), യശസ്വി ജയ്സ്വാള്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), വിരാട് കോലി (1) എന്നിവരെല്ലാം പൂര്‍ണ പരാജയമായി. ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

46 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ (60 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (72 പന്തില്‍ 30), വിരാട് കോലി (ഒന്‍പതു പന്തില്‍ ഒന്ന്), ഋഷഭ് പന്ത് (19 പന്തില്‍ 18), സര്‍ഫറാസ് ഖാന്‍ (24 പന്തില്‍ 11), ആര്‍. അശ്വിന്‍ (അഞ്ച് പന്തില്‍ നാല്), ആകാശ് ദീപ് (അഞ്ച് പന്തില്‍ ആറ്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ദിവസം തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ 22ാം ഓവറില്‍ എല്‍ബിഡബ്ല്യു ആയാണ് ഗില്‍ മടങ്ങുന്നത്. തൊട്ടുപിന്നാലെ സാന്റ്‌നറുടെ പന്തില്‍ വിരാട് കോലി ബോള്‍ഡായി. സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സാണ് യശസ്വി ജയ്‌സ്വാളിനെയും ഋഷഭ് പന്തിനെയും പുറത്താക്കിയത്. സ്‌കോര്‍ 95ല്‍ നില്‍ക്കെ സര്‍ഫറാസിനെ സാന്റ്‌നര്‍ വില്യം ഒറൂക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും പുറത്താക്കി സാന്റ്‌നര്‍ നാലാം വിക്കറ്റ് സ്വന്തമാക്കി. പൊരുതിനിന്ന ജഡേജ 44ാം ഓവറില്‍ സാന്റ്‌നറുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. വാലറ്റം പൊരുതാതെ മടങ്ങിയതോടെ ഇന്ത്യ 156ന് ഓള്‍ഔട്ട്.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്ക് മുന്നില്‍ കടുത്ത വെല്ലുവിളി

സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.

153 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയതിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ എളുപ്പം പുറത്താക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്തത് ക്യാപ്റ്റന്‍ ടോം ലാഥമിന്റെ ചെറുത്തുനില്‍പ്പാണ്. 86 റണ്‍സെടുത്ത ലാഥം ആണ് കിവീസ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ-ലാഥം സഖ്യം 36 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 17 റണ്‍സെുത്ത കോണ്‍വെയെ വാഷിംഗ്ടണ്‍ സുന്ദറാണ് മടക്കിയത്.

പിന്നാലെ വില്‍ യങിനെ(23) കൂട്ടുപിടിച്ച് ലാഥം കിവീസ് ലീഡ് ഉയര്‍ത്തി. യങിനെ അശ്വിന്‍ മടക്കിയതിന് പിന്നാലെ രചിന്‍ രവീന്ദ്രയെ(9) സുന്ദര്‍ വീഴ്ത്തിയതോടെ കീവിസ് തകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡാരില്‍ മിച്ചലിനെയും(18), ടോം ബ്ലണ്ടലിനെയു കൂട്ടുപിടിച്ച് ലാഥം നടത്തിയ പോരാട്ടം കിവീസിന് മികച്ച ലീഡുറപ്പിച്ചു. രണ്ടാം ദിനത്തിലെ കളി തീരുന്നതിന് മുമ്പ് ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.