ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും, ഇക്കാര്യത്തില്‍ ബിസിസിഐ നിലപാട് അംഗീകരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ സുരക്ഷയ്ക്കാണു പ്രാധാന്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു വേണ്ടി പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണു തുടക്കം മുതല്‍ ബിസിസിഐ സ്വീകരിച്ച നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരങ്ങളെല്ലാം പാക്കിസ്ഥാനില്‍ തന്നെ വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടര്‍ന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം നീണ്ടു.

ടൂര്‍ണമെന്റിലെ എല്ലാ കളികളും പാക്കിസ്ഥാനില്‍ തന്നെ നടത്തണമെന്നാണ് പാക്ക് സര്‍ക്കാരിന്റെ നിലപാട്. അതേസമയം ചാംപ്യന്‍സ് ട്രോഫി വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐസിസി വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരുന്നുണ്ട്. ടൂര്‍ണമെന്റ് നടത്തിപ്പിനായി രണ്ടു പ്ലാനുകളാണ് ഐസിസി പാനലിനു മുന്‍പില്‍ വയ്ക്കുക.

ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് വ്യക്തമായതോടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ യു.എ.ഇയിലോ ശ്രീലങ്കയിലോ വെച്ച് നടത്താനാണ് ഐ.സി.സിയുടെ ശ്രമം. എന്നാല്‍ ഇതിനോട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് യോജിപ്പില്ല. പാക് ടീം ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ വരെ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും സെമിയും ഫൈനലും പാക്കിസ്ഥാനു പുറത്ത് 'ന്യൂട്രല്‍' വേദിയില്‍ നടത്തുകയെന്നതാണ് ആദ്യത്തെ വഴി. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കും. ഈ സാധ്യത അംഗീകരിക്കപ്പെട്ടാല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താനാണു സാധ്യത. മറ്റു ടീമുകള്‍ക്കും യുഎഇയില്‍ കളിക്കാനെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഇന്ത്യ നോക്കൗട്ടില്‍ കടന്നില്ലെങ്കില്‍ സെമി ഫൈനലും ഫൈനലുകളും പാക്കിസ്ഥാനില്‍ തന്നെ നടത്തുകയെന്നതാണു മറ്റൊരു വഴി.