- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയെച്ചൊലി തുടങ്ങിയ തര്‍ക്കം; ഇന്ത്യ ഇനി പാകിസ്ഥാനില്‍ കളിക്കില്ല; പാകിസ്ഥാന് ഇന്ത്യയിലും; ഇരുരാജ്യങ്ങള്‍ തമ്മില്‍ 2027 വരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍; തീരുമാനം പ്രഖ്യാപിച്ച് ഐസിസി
ഇന്ത്യ പാകിസ്ഥാനിലേക്കില്ല, പാകിസ്ഥാന് ഇന്ത്യയിലേക്കും; ഐസിസി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആതിഥ്യമരുളുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയെച്ചൊല്ലി ബിസിസിഐയും പിസിബിയും തുടങ്ങിയ തര്‍ക്കത്തിന് വിരാമമിട്ട് ഐസിസിയുടെ പ്രഖ്യാപനം. സുരക്ഷ കാരണങ്ങളുയര്‍ത്തി ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ മറ്റൊരു രാജ്യത്ത് നടത്തും. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ വരുന്നില്ലെങ്കില്‍ തിരിച്ചും വരില്ലെന്ന പാക് നിലപാടും ഐസിസി അംഗീകരിച്ചു.
ഇതോടെ 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനായും പാകിസ്താന്‍ ഇന്ത്യന്‍ മണ്ണിലുമെത്തില്ല. പോയ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്ഥാന്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും..
2024 മുതല്‍ 2027 വരെ ഐസിസിക്ക് കീഴില്‍ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ക്കാണ് നിഷ്പക്ഷ വേദിയൊരുക്കുക. എന്നാല്‍ മത്സങ്ങള്‍ നടക്കുന്നത് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കീഴിയിലായിരിക്കും. ചുരുക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു വേദിയില്‍ നടക്കും. പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തുള്ള നിഷ്പക്ഷ വേദിയിലും നടക്കും.
2025 ഫെബ്രുവരിയിലും മാര്‍ച്ചിലും നടക്കാനിരിക്കുന്ന ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി (പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്)ക്കും ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 (ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്) 2026 ഐസിസി പുരുഷ ടി20 ലോകകപ്പിനും ഇത് ബാധകമാകും. (ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നത്). 2028 ലെ ഐസിസി വനിതാ ടി 20 ലോകകപ്പിന്റെ നടത്തിപ്പ് അവകാശം പാകിസ്താന് ലഭിച്ചു. ആ ടൂര്‍ണമെന്റിലും നിഷ്പക്ഷ വേദി ക്രമീകരണം ബാധകമാകും.
ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവാന്‍ സാധ്യത കൂടുതലാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവ കളിക്കാന്‍ പാകിസ്ഥാന്‍ ടീമും ഇന്ത്യയിലേക്ക് വരില്ല. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്.
2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഐസിസി വൈകാതെ പുറത്തുവിടും. 2017ലാണ് ഏറ്റവുമൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് പാകിസ്താന്‍ ജേതാക്കളായിരുന്നു. അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള വേദികള്‍.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്നതാണ് എ ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ലാഹോറായിരന്നു ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ടിയിരുന്നത്.