- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയിലേക്ക് കുതിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിന്‍സ്; തൊട്ടുപിന്നാലെ കോലിയെയും വീഴ്ത്തി; നൈറ്റ്വാച്ച്മാന്‍ ആകാശ് ദീപും വന്നപോലെ മടങ്ങി; മെല്‍ബണില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം; ബോക്‌സിങ് ഡേ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ
ബോക്‌സിങ് ഡേ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ അവസാന സെഷനില്‍ വിരാട് കോലിയുടേതടക്കം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അവസാന സെഷനില്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടമായത് രണ്ടാം ദിവസം ഇന്ത്യയ്ക്കു തിരിച്ചടിയായി. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയും (നാല്) പുറത്താകാതെനില്‍ക്കുന്നു. അവസാന ഓവറുകള്‍ നേരിടാന്‍ ഇറങ്ങിയ നൈറ്റ്വാച്ച്മാന്‍ ആകാശ്ദീപാണ് ഇന്ത്യന്‍ നിരയില്‍ ഒടുവില്‍ പുറത്തായത്. 13 പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുത്തില്ല. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 310 റണ്‍സ് വേണം.
83 പന്തില്‍ 35 റണ്‍സെടുത്താണു വിരാട് കോലി പുറത്താകുന്നത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 118 പന്തുകള്‍ നേരിട്ട യശസ്വി ജയ്‌സ്വാള്‍ 82 റണ്‍സെടുത്തു മടങ്ങി.ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (അഞ്ച് പന്തില്‍ മൂന്ന്), കെ.എല്‍. രാഹുലും (53 പന്തില്‍ 21) നേരത്തേ പുറത്തായിരുന്നു. പാറ്റ് കമിന്‍സാണു രണ്ടു പേരെയും പുറത്താക്കിയത്.
പിന്നാലെയെത്തിയ യശസ്വി ജയ്‌സ്വാളും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. എന്നാല്‍ 82 റണ്‍സെടുത്ത ജയ്‌സ്വാള്‍ റണ്‍ഔട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്‌കോര്‍ 154 ല്‍ നില്‍ക്കെ കോലിയും 159ല്‍ ആകാശ്ദീപും വീണു. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സെടുത്തിരുന്നു.
മോശം തുടക്കം, തിരിച്ചുവരവ്, തിരിച്ചടി
ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. കെഎല്‍ രാഹുല്‍ 24 റണ്‍സിന് പുറത്തായി. പിന്നാലെ വിരാട് കോലിയും യശസ്വി ജയ്സ്വാളും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 118 പന്തില്‍ 82 റണ്‍സടിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നാലെ 36 റണ്‍സെടുത്ത് വിരാട് കോലിയും ക്രീസ് വിട്ടു. നൈറ്റ്വാച്ച്മാന്‍ ആയെത്തിയ ആകാശ് ദീപിനും അധികം ആയുസുണ്ടായിരുന്നില്ല. 13 പന്ത് നേരിട്ട ആകാശ് ദീപിന് അക്കൗണ്ട് തുറക്കാനായില്ല. ആറ് റണ്‍സോടെ ഋഷഭ് പന്തും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ചുറിയുമായി സ്മിത്ത്
സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിക്കരുത്തിലാണ് ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലെത്തിയത്. 197 പന്തുകള്‍ നേരിട്ട സ്മിത്ത് 140 റണ്‍സെടുത്തു. 167 പന്തുകളിലാണ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34ാം സെഞ്ചറി തികച്ചത്. മെല്‍ബണിലെ അഞ്ചാം സെഞ്ചുറിയുമാണിത്. മൂന്ന് സിക്‌സുകളും 13 ഫോറുകളും നേടിയ താരം ആകാശ്ദീപിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.
സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72) എന്നിവര്‍ ഓസീസിനായി അര്‍ധ സെഞ്ചറി നേടി തിളങ്ങി. ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്‌സ് ക്യാരി (41 പന്തില്‍ 31), പാറ്റ് കമിന്‍സ് (63 പന്തില്‍ 49), മിച്ചല്‍ സ്റ്റാര്‍ത്ത് (36 പന്തില്‍ 15), നേഥന്‍ ലയണ്‍ (18 പന്തില്‍ 13) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനങ്ങള്‍.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 86 ഓവറില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 49 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിന്‍സിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്ക് ജഡേജയുടെ പന്തില്‍ ബോള്‍ഡായി. ആകാശ്ദീപിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പുറത്താകല്‍. സ്മിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് ബെയ്ല്‍സ് ഇളക്കുകയായിരുന്നു.
ആദ്യ ദിനം 89 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ഓസ്‌ട്രേലിയയ്ക്കായി കൂട്ടിച്ചേര്‍ത്തത്. സാം കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്‌ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 23 ഓവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 122 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ആകാശ്ദീപ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.