മുംബൈ: ദക്ഷിണാഫ്രിക്കയില്‍ മിന്നും സെഞ്ചുറികളുമായി ആരാധകരുടെ മനംകവര്‍ന്ന ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ നിറംമങ്ങിയ പ്രകടനത്തോടെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിലെ 26 റണ്‍സൊഴിച്ചാല്‍, പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കടന്നില്ല. പരമ്പരയില്‍ ഇനിയുമൊരു മത്സരം ശേഷിക്കേ മലയാളി താരത്തിന്റെ മോശം പ്രകടനത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ഓപ്പണറായി ഇറങ്ങാന്‍ അവസരം ലഭിച്ചിട്ടും താരം കാര്യമായി സ്‌കോര്‍ ചെയ്യാതെ പുറത്താകുന്നത് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ പൂനെയില്‍ അവസാനിച്ച അവസാന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ 53 റണ്‍സ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യ പരമ്പര നേടിയതോടെ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതുവരെ ടീമില്‍ അവസരം ലഭിക്കാതെ പോയ രമണ്‍ദീപ് സിങിനും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹര്‍ഷിത് റാണയ്ക്കും രണ്ട് മത്സരങ്ങളില്‍ ടീമില്‍ ഇടം ലഭിച്ചിട്ടും ബാറ്റിംഗ് പൊസിഷനില്‍ വൈകി ഇറങ്ങേണ്ടിവന്ന ധ്രുവ് ജുറെലിനും അവസാന മത്സരത്തില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമെന്നാണ് സൂചന.

ഷോര്‍ട്ട് ബോള്‍ കെണി

കൊല്‍ക്കത്തയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26, ചെന്നൈയിലെ രണ്ടാംമത്സരത്തില്‍ അഞ്ച്, രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ മൂന്ന്, പുണെയിലെ നാലാംമത്സരത്തില്‍ ഒന്ന് എന്നിങ്ങനെയാണ് സഞ്ജുവിന്റെ സമ്പാദ്യം. പരമ്പരയിലാകെ 35 റണ്‍സ്. ശുഷ്‌കമായ റണ്ണിനുമപ്പുറം, പരമ്പരയില്‍ സഞ്ജു ഔട്ടായ രീതിയാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഷോര്‍ട്ട് പിച്ച് ഡെലിവറി കെണിയൊരുക്കിയാണ് ഇംഗ്ലണ്ട് എല്ലാ മത്സരത്തിലും സഞ്ജുവിനെ വീഴ്ത്തിയത്. സഞ്ജുവാകട്ടെ, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഈ കെണിയില്‍ വീഴുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നന്നായി നേരിട്ട സഞ്ജുവിനാണ് ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി പിഴക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറാണ് സഞ്ജുവിനെ മടക്കിയത്. അതിനാല്‍ത്തന്നെ പുണെയില്‍ നടന്ന നാലാംമത്സരത്തില്‍ ഒരു സഞ്ജു-ആര്‍ച്ചര്‍ ദ്വന്ദ്വ യുദ്ധം എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, പരമ്പരയില്‍ ആദ്യമായിറങ്ങിയ സാഖിബ് മഹ്‌മൂദ് ആദ്യ ഓവറില്‍ത്തന്നെ സഞ്ജുവിനെ മടക്കി. ആര്‍ച്ചറിന്റെ പന്ത് നേരിടേണ്ടി വന്നുമില്ല. പക്ഷേ, ആര്‍ച്ചറൊരുക്കിയ ഷോര്‍ട്ട്പിച്ച് കെണിതന്നെയാണ് സാഖിബും സഞ്ജുവിനായി കരുതിവെച്ചത്. കെണി ഒന്നുതന്നെയായിരുന്നെങ്കിലും ആര്‍ച്ചറിന്റേതിനു സമാനമായ വേഗം സാഖിബ് മഹ്‌മൂദിന്റെ പന്തുകള്‍ക്കുണ്ടായിരുന്നില്ല എന്നതാണൊരു വ്യത്യാസം.

ആദ്യ മത്സരത്തില്‍ ആര്‍ച്ചര്‍ എറിഞ്ഞ 145.9 കിലോമീറ്റര്‍ വേഗത്തിലുള്ള പന്ത് പുള്‍ ഷോട്ട് ചെയ്യാന്‍ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റില്‍ ക്യാച്ചായി പുറത്ത്. രണ്ടാംമത്സരത്തിലും ആര്‍ച്ചറുടെ പേസിനും ബൗണ്‍സിനും മുന്നില്‍ സഞ്ജുവിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ആര്‍ച്ചറിനെ നേരിടാന്‍വേണ്ടി പ്ലാസ്റ്റിക് പന്തിലടക്കം പരിശീലനം നടത്തിയെങ്കിലും ഫലവത്തായില്ല. ഷോര്‍ട്ട് ബോളുകളിലും ബൗണ്‍സറുകളിലും കട്ട് ഷോട്ടുകളും റാംപ് ഷോട്ടുകളും താരം പരിശീലിച്ചെങ്കിലും ആര്‍ച്ചറിന്റെ ഷോര്‍ട്ട് പിച്ചില്‍ വീണ്ടും വീണു. മിഡ് ഓണില്‍ ക്യാച്ചായായിരുന്നു ആ മടക്കം. നാലാംമത്സരത്തില്‍ മഹ്‌മൂദും ഇതേ കെണിയൊരുക്കി വിജയിച്ചു. ശരീരത്തിലേക്ക് ആംഗിള്‍ ചെയ്തെത്തിയ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഇംഗ്ലണ്ട് ഫീല്‍ഡറുടെ കൈയിലെത്തിയതോടെ സഞ്ജുവിന് കൂടാരംകയറേണ്ടിവന്നു.

ക്രിക്ഇന്‍ഫോ നല്‍കുന്ന വിവരമനുസരിച്ച്, ട്വന്റി 20യില്‍ സീമര്‍മാരുടെ പന്തുകളില്‍ സഞ്ജു 18 തവണ വീണപ്പോള്‍, ഒന്‍പത് തവണയും ഷോര്‍ട്ട്ബോളുകളാണ് ചതിച്ചത്. ഈ പരമ്പരയില്‍ത്തന്നെ 36 പന്തുകള്‍ നേരിട്ടപ്പോള്‍ അതില്‍ 23 പന്തും ഷോര്‍ട്ട്പിച്ച് ഡെലിവറികളായിരുന്നു. ഈ പന്തുകളില്‍ നേടിയത് 19 റണ്‍സും.

ഷോര്‍ട്ട് ബോളുകളെ സമര്‍ഥമായി നേരിടേണ്ടത് സഞ്ജുവിന് ഇനി നിര്‍ണായകമാണ്. അല്ലെങ്കില്‍ ടീമിലെ സ്ഥാനം പോലും തുലാസിലായേക്കാം. കഴിഞ്ഞവര്‍ഷം തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികള്‍ നേടിയ താരമാണ് കേരളത്തില്‍നിന്നുള്ള ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ള പുറത്തുള്ളപ്പോള്‍, സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവു.

അവസാന മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. നാല് ടി20 മത്സരങ്ങളില്‍ നിന്ന് 26 റണ്‍സാണ് സൂര്യ ഇതുവരെ നേടിയത്. ആദ്യ ടി20യില്‍ സൂര്യ പൂജ്യത്തിന് പുറത്തായി സൂര്യ രണ്ടാം ടി20യില്‍ 12 റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ 14 റണ്‍സിനും പുറത്തായി. പൂനെയില്‍ അവസാനിച്ച അവസാന ടി20യിലും സൂര്യക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല.

ഇന്ത്യ പരമ്പര നേടിയതിനാല്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. സഞ്ജുവിന് ഫോം വീണ്ടെടുക്കാന്‍ മറ്റൊരു അവസരം കൂടി നല്‍കിയേക്കും. ബാറ്റിംഗില്‍ നിറം മങ്ങിയെങ്കിലും നായകനായി മിന്നിയ സൂര്യയും തുടരും. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണറായി തന്നെ കളിക്കും. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ അല്ലെങ്കില്‍ തിലക് വര്‍മ. സാഹചര്യത്തിനനുസരിച്ച് ഇരുവരുടേയും സ്ഥാനം മാറികൊണ്ടിരിക്കും.

പിന്നാലെ റിങ്കു സിംഗ്. ഹാര്‍ദിക് പാണ്ഡ്യക്ക് നാളെ വിശ്രമം നല്‍കിയേക്കും. പകരം രമണ്‍ദീപ് സിംഗ് കളിക്കും. ശിവം ദുബെ ടീമിനൊപ്പം തുടരും. ധ്രുവ് ജുറലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കണമെങ്കില്‍ ഒരു ബൗളറുടെ അഭാവം നേരിടേണ്ടി വരും. ഉപനായകനായ അക്സര്‍ പട്ടേലും കളിച്ചേക്കും. ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കും. രവി ബിഷ്ഷോണിക്ക് പകരം ഹര്‍ഷിത് റാണ ടീമിലെത്തിയേക്കും. അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും തുടരും.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ / രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ് / ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.