- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധ സെഞ്ചുറിയുമായി പരസ് ദോഗ്ര; പിന്തുണച്ച് കനയ്യ വധാവന്‍; തകര്‍ച്ചയില്‍ നിന്നും കരകയറിയ ജമ്മു കശ്മീര്‍ പൊരുതുന്നു; മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 179 റണ്‍സ് ലീഡ്
കേരളത്തിനെതിരെ ജമ്മു കശ്മീരിന് 179 റണ്‍സ് ലീഡ്
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ജമ്മു കശ്മീര്‍ പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ കേരളം ഒരു റണ്‍സിന്റെ ലീഡ് നേടിയെങ്കിലും ജമ്മു രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. ഇപ്പോള്‍ 179 റണ്‍സിന്റെ ലീഡുണ്ട് ജമ്മുവിന്. പരസ് ദോഗ്ര (73), കനയ്യ വധാവന്‍ (42) എന്നിവരാണ് ക്രീസില്‍. നേരത്തെ സല്‍മാന്‍ നിസാറിന്റെ (പുറത്താവാതെ 119) ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 280നെതിരെ കേരളം 281ന് എല്ലാവരും പുറത്താവുകയായിരുന്നു. ലീഡ് സമ്മാനിക്കുന്നതില്‍ ബേസില്‍ തമ്പിയുടെ (15) ഇന്നിംഗ്സും നിര്‍ണായകമായിരുന്നു.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ജമ്മുവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 39 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭം ഖജൂരിയയെ (2) ആദ്യം നിധീഷ് എം ഡി പുറത്താക്കി. പിന്നാലെ യാവര്‍ ഹസ്സനും (16) നിധീഷിന്റെ പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ രണ്ടിന് 39 എന്ന നിലയിലായി അവര്‍. പിന്നീട് വിവ്രാന്ത് ശര്‍മ (37) ദോഗ്ര സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. വിവ്രാന്തിനെ പുറത്താക്കി ബേസിന്‍ എന്‍ പി ഒരിക്കല്‍കൂടി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ദോഗ്ര - കനയ്യ സഖ്യം ക്രീസില്‍ ഉറച്ചതോടെ കാര്യങ്ങള്‍ ജമ്മുവിന്റ നിയന്ത്രണത്തിലായി.
രണ്ട് ദിവസം ഇനിയും ശേഷിക്കെ ജമ്മു വലിയ ലീഡിലേക്ക് നീങ്ങിയാല്‍ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. വലിയ വിജയലക്ഷ്യം മുന്നോട്ടുവച്ചാല്‍ കേരളം മത്സരം സമനിലയിലാക്കാനാണ് ശ്രമിക്കുക. സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് സെമി ബര്‍ത്ത് ഉറപ്പിക്കാം. നാലാം ദിനത്തിലെ ആദ്യ സെഷനില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനാകും ജമ്മു കശ്മീര്‍ ശ്രമിക്കുക.
രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലായിരുന്ന കേരളത്തെ സല്‍മാന്‍, ബേസിലിനെ കൂട്ടുപിടിച്ച് ലീഡിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 81 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. മൂന്നാം ദിനം തുടങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു സല്‍മാന്റെ സ്‌കോര്‍. 67 റണ്‍സ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ അടുത്ത ടോപ് സ്‌കോറര്‍. നിധീഷ് എം ഡി (30), അക്ഷയ് ചന്ദ്രന്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കേരളത്തിന് രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു.
മൂന്നാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്വാന്റെ കൈകളിലെത്തിച്ച് അക്വിബ് നബി കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു. പിന്നാലെ ജലജ് സക്‌സേന (67) അക്ഷയ് ചന്ദ്രന്‍ (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അക്വിബ് നബി ബ്രേക്ക് ത്രൂമായെത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സക്‌സേന പുറത്ത്. 78 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ആറ് ഫോറും നേടി. അതേ സ്‌കോറില്‍ അക്ഷയ് ചന്ദ്രനെയും (29) നഷ്ടമായതോടെ കേരളം വീണ്ടും തകര്‍ച്ചയിലായി. മുഹമ്മദ് അസറുദ്ദീന്‍ (15), ആദിത്യ സര്‍വാതെ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല.
നിധീഷ് വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ സഹില്‍ ലോത്ര റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് - സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ എന്‍ പി ബേസും (0) പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അകിബ് അലി ദറാണ് കേരളത്തെ തകര്‍ത്തത്. നേരത്തെ 228-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റ് നേടിയിരുന്നു.