ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ പോരാട്ടങ്ങളുടെ അന്തിമചിത്രം ഞായറാഴ്ച വ്യക്തമാകും. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കിയാല്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാകും ഇന്ത്യയുടെ എതിരാളി. മറിച്ചായാല്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെതിരെ ഏഴു വിക്കറ്റിന്റെ ഗംഭീര ജയത്തോടെ ഗ്രൂപില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിനെത്തുന്നത്. രണ്ട് മത്സരങ്ങളില്‍ പ്രോട്ടീസ് ജയിച്ചപ്പോള്‍, ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മറുഭാഗത്ത് ഇംഗ്ലണ്ടാകട്ടെ, കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്റെ റെക്കോഡുമായാണ് പാകിസ്താനില്‍നിന്ന് മടങ്ങുന്നത്.

ഗ്രൂപ് എയില്‍ നേരത്തെ സെമി ഉറപ്പിച്ച ഇന്ത്യയും ന്യൂസിലന്‍ഡും ഞായറാഴ്ച പരസ്പരം ഏറ്റുമുട്ടും. ഇതില്‍ ഇന്ത്യ ജയിച്ചാല്‍ ഗ്രൂപ് ചാമ്പ്യന്മാരാകുകയും, സെമിയില്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ ചൊവ്വാഴ്ച ഒന്നാം സെമിയില്‍ നേരിടുകയും ചെയ്യും. അങ്ങനെയെങ്കില്‍ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ തൊട്ടടുത്ത ദിവസം നേരിടും.

എന്നാല്‍ കിവികള്‍ക്കെതിരെ ഇന്ത്യ തോറ്റാല്‍ സംഗതി അല്‍പം മാറും. മത്സരത്തിന്റെ തീയതി മാറില്ല, പക്ഷേ എതിരാളികള്‍ മാറും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ ചൊവ്വാഴ്ചത്തെ സെമിയില്‍ ഇന്ത്യ നേരിടുക ദക്ഷിണാഫ്രിക്കയെ ആകും. ബുധനാഴ്ച രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡ് -ഓസീസ് പോരാട്ടവും നടക്കും. ഗ്രൂപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഞായറാഴ്ചത്തെ മത്സരം കടുക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ആദ്യ സെമിക്ക് ദുബായ് വേദിയാകുമ്പോള്‍, രണ്ടാം സെമി കറാച്ചിയിലാകും നടക്കുക. വേദി അന്തിമമാകാത്തതിനാല്‍ ശനിയാഴ്ച തന്നെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ദുബായിലെത്തും. ഞായറാഴ്ചത്തെ ഫലം അനുസരിച്ച്, കിവീസിനൊപ്പം ഒരു ടീം തിരിച്ച് കറാച്ചിയിലേക്ക് പറക്കും. ഫൈനലിന്റെ വേദി, ഇന്ത്യയുടെ സെമി പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യ ജയിച്ചാല്‍ ദുബായിലും തോറ്റാല്‍ പാകിസ്താനിലുമാകും ഫൈനല്‍.

അതേ സമയം ന്യൂസീലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. മുഹമ്മദ് ഷമിക്കു പകരം ഇടങ്കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ന്യൂസീലന്‍ഡ് നിരയില്‍ അഞ്ച് ഇടംകൈയന്‍ ബാറ്റര്‍മാരുള്ള പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ഷമിയുടെ കാലിന് വേദന അനുഭവപ്പെട്ടതും ഒരു കാരണമാണ്.

പഞ്ചാബ് പേസറായ അര്‍ഷ്ദീപ് വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയതും ഷമിക്ക് പകരമിറങ്ങാനുള്ള സാധ്യതയായി കണക്കാക്കുന്നു. ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കലിന്റെ കീഴിലാണ് അര്‍ഷ്ദീപിന്റെ പരിശീലനം നടന്നത്. 13 ഓവറോളം എറിഞ്ഞ് അര്‍ഷ്ദീപ് പരിശീലനം നടത്തിയപ്പോള്‍ 6-7 ഓവര്‍ മാത്രമാണ് ഷമി എറിഞ്ഞത്.

ഫെബ്രുവരി 23-ന് പാകിസ്താനെതിരായ മത്സരത്തിനിടെ വലതുകാലിന് വേദന അനുഭവപ്പെട്ട ഷമിയെ വൈദ്യസംഘം പരിശോധിച്ചിരുന്നു. മത്സരത്തില്‍ ഷമിയുടെ മൂന്നാം ഓവറിനു പിന്നാലെയായിരുന്നു വേദന അനുഭവപ്പെട്ടത്. ഇന്ത്യ ഇതിനകംതന്നെ സെമി ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഷമിക്ക് തത്കാലം വിശ്രമം നല്‍കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. സെമി ഉള്‍പ്പെടെ മുന്നിലുള്ളത് പരിഗണിച്ചാണിത്.