- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റന്‍'; അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ; ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യ
അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ചതിനു പിന്നാലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചരിത്രത്തില്‍ സ്വന്തം ടീമിനെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്.
രോഹിത്തിനു കീഴില്‍ ഇന്ത്യ 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും 2023 ഏകദിന ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഫൈനല്‍ കളിച്ചിരുന്നു. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയതോടെയാണ് രോഹിത് അപൂര്‍വ റെക്കോഡിന് ഉടമയായത്. ടി20 ലോകകപ്പില്‍ കിരീടം ചൂടിയപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും തോല്‍ക്കാനായിരുന്നു വിധി.
മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കു കീഴില്‍ ഇന്ത്യ 2007-ലെ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും വിജയിച്ചിരുന്നു. എന്നാല്‍, ധോനിയുടെ കാലത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉണ്ടായിരുന്നില്ല. പക്ഷേ, ധോനിക്കു കീഴില്‍ അക്കാലത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന് ലഭിക്കുന്ന ടെസ്റ്റ് മെയ്സ് ഇന്ത്യ നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ അഞ്ചാം ഫൈനലും തുടര്‍ച്ചയായ മൂന്നാം ഫൈനലുമാണ് ഇത്തവണത്തേത്. രണ്ടുതവണ ഇന്ത്യ ജേതാക്കളാകുകയും ചെയ്തിട്ടുണ്ട്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഒരു തവണ ശ്രീലങ്കക്കൊപ്പം സംയുക്ത ചാമ്പ്യന്‍മാരും 2013ല്‍ ധോണിക്ക് കീഴിലും. ഇന്നത്തെ വിജയത്തോടെ ദുബായില്‍ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ ഡുനെഡിനില്‍ 10 ജയം നേടിയ ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കാവും.