ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശകരമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കലാശപ്പോരിലെ താരമായപ്പോള്‍, ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്രയെ ടൂര്‍ണമെന്റിലെ താരമായി മാറിയിരുന്നു. ആവേശകരമായ ടൂര്‍ണമെന്റില്‍ ഒറ്റ തോല്‍വി പോലും അറിയാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. എന്നാല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം ചാമ്പ്യന്‍ ടീമിന്റെ നായകന് ഐസിസി ടീമില്‍ ഇടമില്ലെന്ന വാര്‍ത്തയാണ്. എന്നാല്‍ ടൂര്‍ണമെന്റിലെ ജേതാക്കളായ ടീം ഇന്ത്യയില്‍നിന്ന് അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടം നേടാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നറാണ് ടീമിന നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ നാല് താരങ്ങളും അഫ്ഗാനിസ്ഥാന്റെ രണ്ട് താരങ്ങളും ടീമില്‍ ഇടം പിടിച്ചു. അതേസമയം ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിംഗ് ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 12-ാമനായി അക്സര്‍ പട്ടേലും ഐസിസി ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടീമില്‍ ഇടമുണ്ടായില്ല. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന ടീമില്‍, ടൂര്‍ണമെന്റില്‍ 62.75 ശരാശരിയില്‍ 251 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് ഓപണിങ് സ്ഥാനത്തെത്തുന്നത്. കിവീസിനായി മികച്ച സ്പിന്‍ ആക്രമണം പുറത്തെടുക്കാനും താരത്തിനായി. അഫ്‌നാനിസ്താന്റെ ഇബ്രാഹിം സദ്‌റാനാണ് രചിന്റെ ഓപണിങ് പെയര്‍. ഒരു സെഞ്ച്വറി ഉള്‍പ്പെടെ 216 റണ്‍സാണ് സദ്‌റാന്റെ ചാമ്പ്യന്‍സ് ട്രോഫി സമ്പാദ്യം. ഇന്ത്യയുടെ റണ്‍ മെഷീന്‍ വിരാട് കോഹ്ലി മൂന്നാം നമ്പരില്‍ ഇടംനേടി. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോഹ്ലി, ടൂര്‍ണമെന്റിലാകെ 54.5 ശരാശരിയില്‍ 218 റണ്‍സാണ് സ്വന്തമാക്കിയത്. വിമര്‍ശകരുടെ വായടപ്പിച്ച് തിരിച്ചുവരവ് ആഘോഷിച്ച ശ്രേയസ് അയ്യരാണ് നാലാം നമ്പരിലുള്ളത്. ടൂര്‍ണമെന്റിലാകെ 243 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ വിശ്വസ്ത താരമായ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ അഞ്ചാം നമ്പരില്‍ ഇടംനേടി. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ രാഹുലിനെ പുറത്താക്കുന്നതില്‍ എതിര്‍ ടീമുകള്‍ പരാജയപ്പെട്ടു.

കിവീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ്, അഫ്ഗാന്‍ താരം അസ്മത്തുല്ല ഒമര്‍സായ്, ഇന്ത്യന്‍ ബോളിങ്ങിനെ നയിച്ച മുഹമ്മദ് ഷമി, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹന്റെി, ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ആദ്യ പതിനൊന്നിലെ മറ്റു താരങ്ങള്‍. അക്‌സര്‍ പട്ടേലാണ് പന്ത്രണ്ടാമന്‍. സെമിയിലെത്തിയ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ആതിഥേയരായ പാകിസ്താന്‍ ടീമുകളില്‍നിന്ന് ഒരാള്‍ക്കുപോലും ഐ.സി.സി ടീമില്‍ ഇടം നേടാനായില്ല.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്: രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്‌റാന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാുല്‍, ഗ്ലെന്‍ ഫിലിപ്‌സ്, അസ്മത്തുല്ല ഒമര്‍സായി, മിച്ചല്‍ സാന്റ്‌നര്‍, മുഹമ്മദ് ഷമി, മാറ്റ് ഹെന്റ്‌റി, വരുണ്‍ ചക്രവര്‍ത്തി. പന്ത്രണ്ടാമന്‍: അക്‌സര്‍ പട്ടേല്‍