ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. വണ്‍ഡൗണായി ക്രീസിലെത്തി ബാറ്റിംഗ് വെടിക്കെട്ടോടെ അര്‍ധ സെഞ്ചറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്‌സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 36 പന്തുകള്‍ നേരിട്ട റാണ 81 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്‌സുകളും 10 ഫോറുകളും റാണ അടിച്ചുകൂട്ടി.

നിതീഷ് റാണയൊഴികയെുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ 200 പിന്നിടുമെന്ന് കരുതിയ രാജസ്ഥാന്‍ 20 ഓവറില്‍ 182 റണ്‍സിലൊതുങ്ങി. 36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു. ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.

സ്‌കോര്‍ നാലില്‍ നില്‍ക്കെ സ്പിന്നര്‍ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ രാജസ്ഥാനു നഷ്ടമായി. തൊട്ടുപിന്നാലെ വന്ന നിതീഷ് റാണ വെടിക്കെട്ടിനു തിരികൊളുത്തിയതോടെ പവര്‍പ്ലേയില്‍ രാജസ്ഥാന്‍ നേടിയത് 79 റണ്‍സ്. നൂര്‍ അഹമ്മദിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം രചിന്‍ രവീന്ദ്രയുടെ ക്യാച്ചിലാണ് അവസാനിച്ചത്.

12ാം ഓവറില്‍ തന്ത്രപൂര്‍വമാണ് ചെന്നൈ റാണയെ മടക്കിയത്. അശ്വിന്റെ പന്ത് വൈഡ് ആയി ധോണിയുടെ കൈകളിലെത്തിയപ്പോള്‍ റാണ ക്രീസിനു വെളിയിലെത്തിയിരുന്നു. അതിവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്തപ്പോള്‍ നിരാശയോടെ നോക്കിനില്‍ക്കാന്‍ മാത്രമാണു റാണയ്ക്കു സാധിച്ചത്. പിന്നാലെയെത്തിയ ധ്രുവ് ജുറേല്‍ (മൂന്ന്), വാനിന്ദു ഹസരംഗ (നാല്), ജോഫ്ര ആര്‍ച്ചര്‍ (പൂജ്യം), ഇംപാക്ട് പ്ലേയര്‍ കുമാര്‍ കാര്‍ത്തികേയ (ഒന്ന്) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ(4) മിഡോണില്‍ അശ്വിന്റെ കൈകളിലെത്തിച്ച ഖലീല്‍ അഹമ്മദാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെയിംസ് ഓവര്‍ടണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നിതീഷ് റാണ തകര്‍ത്തടിച്ച് 14 റണ്‍സെടുത്തു. കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജെയിംസ് ഓവര്‍ടണെതിരെ സഞ്ജു ആദ്യ സിക്‌സ് പറത്തി. നാലാം ഓവറില്‍ 15 റണ്‍സടിച്ച സഞ്ജുവും റാണയും അശ്വിനെറിഞ്ഞ അഞ്ചാം ഓവറില്‍ 19 റണ്‍സ് കൂടി നേടി രാജസ്ഥാന്റെ പവര്‍ പ്ലേ പവറാക്കി.1 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍തത് രാജസ്ഥാനെ 79ല്‍ എത്തിച്ചു.

എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ സഞ്ജു മടങ്ങി. നൂര്‍ അഹമ്മദിനെ സിക്‌സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. 16 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും പറത്തി 20 റണ്ണുമായാണ് സഞ്ജു മടങ്ങിയത്. നിതീഷ് റാണയും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ 12ാം ഓവറില്‍ 124ല്‍ എത്തിച്ച് വന്‍ സ്‌കോറിന് അടിത്തറയിട്ടെങ്കിലും റാണയെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ രാജസ്ഥാന്റെ സ്‌കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു.

റിയാന്‍ പരാഗിനെ(28 പന്തില്‍ 37) പതിരാന യോര്‍ക്കറില്‍ മടക്കിയപ്പോള്‍ ധ്രുവ് ജുറെലും(3), വാനിന്ദു ഹസരങ്കയും(4), ജോഫ്ര അര്‍ച്ചറും(0), കുമാര്‍ കാത്തികേയയുമെല്ലാം നിരാശപ്പെടുത്തിയതോടെ അവസാന ഏഴോവറില്‍ രാജസ്ഥാന് 41 റണ്‍സെ നേടാനായുള്ളു. 16 പന്തില്‍ 19 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ ചെറുത്തുനില്‍പ്പാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ചെന്നൈക്കായി പതിരാനയും ഖലീല്‍ അഹമ്മദും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.