- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് രോഹിത്; ഓള്‍റൗണ്ട് മികവുമായി വില്‍ ജാക്സ്; മികച്ച പ്രകടനവുമായി റിക്കില്‍ട്ടണും; വാങ്കഡെയില്‍ വിജയത്തുടര്‍ച്ചയുമായി മുംബൈ ഇന്ത്യന്‍സ്; സീസണിലെ മൂന്നാം വിജയം; സണ്‍റൈസേഴ്സിനെ കീഴടക്കിയത് നാല് വിക്കറ്റിന്
വാങ്കഡെയില്‍ വിജയത്തുടര്‍ച്ചയുമായി മുംബൈ ഇന്ത്യന്‍സ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് മുന്നോട്ട്. വാംഖഡെയിലെ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാലുവിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇംഗ്ലണ്ട് താരം വില്‍ ജാക്സിന്റെ ഓള്‍റൗണ്ടിങ് മികവാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്തുകള്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ആറു പോയിന്റുള്ള മുംബൈ പോയിന്റു പട്ടികയില്‍ ആറാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഒന്‍പതാമതു തുടരുന്നു.
മുംബൈയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങിയ മത്സരമാണിത്. 26 പന്തില്‍ 36 റണ്‍സടിച്ച വില്‍ ജാക്‌സ് ടോപ് സ്‌കോററായി. റയാന്‍ റിക്കിള്‍ട്ടന്‍ (31), രോഹിത് ശര്‍മ (26), സൂര്യകുമാര്‍ യാദവ് (26), ഹാര്‍ദിക് പാണ്ഡ്യ (21) എന്നിവരെല്ലാം അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. സണ്‍റൈസേഴ്‌സിനു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മുംബൈയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും, 18.1 ഓവറില്‍ മുംബൈ വിജയത്തിലെത്തി. 17 പന്തില്‍ 21 റണ്‍സെടുത്ത തിലക് വര്‍മ പുറത്താകാതെനിന്നു.
മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും 26 പന്തില്‍ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 36 റണ്‍സും നേടിയ വില്‍ ജാക്സാണ് വാംഖഡെയിലെ വ്യാഴാഴ്ചത്തെ താരം. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണ്‍ (23 പന്തില്‍ 31), രോഹിത് ശര്‍മ (16 പന്തില്‍ 26), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26), തിലക് വര്‍മ (21), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (എട്ടുപന്തില്‍ 21) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് 26 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടി.
ജയിക്കാന്‍ രണ്ടുറണ്‍സ് ബാക്കിനില്‍ക്കേ 18-ാം ഓവറില്‍ മുംബൈ രണ്ട് വിക്കറ്റുകള്‍ കളഞ്ഞു. സിക്‌സടിച്ച് ടീമിനെ ജയിപ്പിക്കാന്‍ ശ്രമിച്ച ഹാര്‍ദിക്, ബൗണ്ടറി ലൈനിനരികേ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെയെത്തിയ നമന്‍ ധിര്‍, രണ്ടു പന്തുകള്‍ നേരിട്ട് റണ്ണെടുക്കാനാവാതെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇഷാന്‍ മലിംഗയ്ക്കാണ് വിക്കറ്റുകള്‍ രണ്ടും. ഒടുക്കം 19-ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ ബൗണ്ടറിയടിച്ച് ടീമിനെ ജയിപ്പിച്ചു.
ഈര്‍പ്പമുള്ള ഗ്രൗണ്ടില്‍ ആദ്യഘട്ടത്തില്‍ റണ്‍സ് നേടാന്‍ ഹൈദരാബാദ് നന്നായി വിയര്‍ത്തു. എങ്കിലും അഭിഷേക് ശര്‍മ സ്വതസിദ്ധമായ ശൈലിതന്നെ സ്വീകരിച്ചു. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസനും അങ്കിത് വര്‍മയും മികച്ച പ്രകടനം നടത്തി.28 പന്തില്‍ ഏഴ് ഫോറുമായി 40 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്റിച്ച് ക്ലാസന്റെയും (28 പന്തില്‍ 37 റണ്‍സ്) ഇന്നിങ്‌സുകള്‍ വേറിട്ടുനിന്നു.
ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡും അഭിഷേകും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടാം ഓവറില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. അഭിഷേകാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ (29 പന്തില്‍ 28) വില്‍ ജാക്സ് സാന്റ്നറുടെ കൈകളിലേക്കെത്തിച്ചു.
ആദ്യ മത്സരത്തിലെ സെഞ്ചുറി ഒഴിച്ചാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും നിറംമങ്ങിയ ഇഷാന്‍ കിഷനെയും (2) വില്‍ ജാക്സ് തന്നെ മടക്കി. നിതീഷ് കുമാര്‍ റെഡ്ഢി (19), അങ്കിത് വര്‍മ (എട്ട് പന്തില്‍ 18), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (8) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. മുംബൈക്കായി ജാക്സ് രണ്ടും ഹാര്‍ദിക്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
മുംബൈയ്ക്കു വേണ്ടി പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ പിടിച്ചെറിഞ്ഞപ്പോള്‍ മധ്യ ഓവറുകളില്‍ ഹൈദരാബാദിന്റെ റണ്ണൊഴുക്കിനു വേഗം കുറഞ്ഞു. അവസാന പന്തുകളില്‍ ഇന്ത്യന്‍ താരം അനികേത് വര്‍മ തകര്‍ത്തടിച്ചതോടെയാണ് ഹൈദരാബാദ് സുരക്ഷിതമായ സ്‌കോറിലെത്തിയത്. എട്ടു പന്തുകള്‍ നേരിട്ട അനികേത് 18 റണ്‍സുമായി പുറത്താകാതെനിന്നു. മുംബൈ ഇന്ത്യന്‍സിനായി സ്പിന്നര്‍ വില്‍ ജാക്‌സ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)