ന്യൂഡല്‍ഹി: അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. 17നു ബെംഗളൂരുവില്‍ നടക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെ പുനരാരംഭിക്കുന്ന ഐപിഎല്‍ 18ാം സീസണില്‍,ആറ് വേദികള്‍ മാത്രമേ ഉണ്ടാകൂ. ബെംഗളൂരുവിനു പുറമേ, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വേദികളുടെ എണ്ണം കുറച്ചത്. ജൂണ്‍ 3നാണ് ഫൈനല്‍. 17 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മേയ് 9നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോഴും നാട്ടിലേക്കു മടങ്ങിയ വിദേശതാരങ്ങളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ ടീമുകള്‍ക്കു വ്യക്തതയില്ല. സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് വിദേശതാരങ്ങളെ നാട്ടിലേക്കു മടങ്ങാന്‍ ബിസിസിഐ അനുവദിച്ചത്. ഇവരെ തിരിച്ചെത്തിക്കാന്‍ ടീമുകള്‍ക്കു മേല്‍ ബിസിസിഐ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പുതുക്കിയ മത്സരക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ ടീമുകള്‍ പരിശീലനം ആരംഭിച്ചു.

ഐപിഎല്‍ നിര്‍ത്തിവച്ചതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ വിദേശതാരങ്ങളെ തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി ബിസിസിഐ. ഓരോ ക്രിക്കറ്റ് ബോര്‍ഡുകളെയും പ്രത്യേകം ബന്ധപ്പെട്ട് കളിക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കാന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹേമങ് അമിനെ ബിസിസിഐ ചുമതലപ്പെടുത്തി.

പുതുക്കിയ മത്സരക്രമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ടീമുകള്‍ തങ്ങളുടെ വിദേശതാരങ്ങളെ ബന്ധപ്പെട്ടു തുടങ്ങി. എല്ലാ വിദേശതാരങ്ങളെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പല വിദേശതാരങ്ങളും തിരികെവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം.

അതേ സമയം ഐപിഎലിനു പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗും തുടങ്ങാനൊരുങ്ങുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്ന മേയ് 17നു തന്നെ പിഎസ്എല്‍ മത്സരങ്ങളും വീണ്ടും തുടങ്ങുമെന്നു പാക്ക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അറിയിച്ചു. എലിമിനേറ്ററും ഫൈനലും ഉള്‍പ്പെടെ 8 മത്സരങ്ങളാണു ബാക്കി. ഇവ റാവല്‍പിണ്ടിയിലും ലഹോറിലുമായാണു നടക്കുക. വിദേശതാരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ അന്തിമധാരണയായിട്ടില്ല.

ഐപിഎല്‍ മത്സരങ്ങള്‍ 17ന് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്ന് അധികം വൈകാതെയാണ് പിഎസ്എലും അതേ ദിവസം പുനരാരംഭിക്കുമെന്ന പിസിബി ചെയര്‍മാന്റെ പ്രഖ്യാപനം. ഐപിഎലിന്റെ പുനഃക്രമീകരിച്ച ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. പ്ലേഓഫ്, ഫൈനല്‍ മത്സരങ്ങള്‍ ഒഴികെയുള്ള മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്തുവിട്ടത്. ആറു വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക. പെഷാവര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മില്‍ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മേയ് 17നു നടക്കുന്ന മത്സരത്തോടെയാണ് പിഎസ്എല്‍ പുനരാരംഭിക്കുക. കലാശപ്പോരാട്ടം മേയ് 25ന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.

നേരത്തെ പ്രഖ്യാപിച്ചതിലും ഒരു ആഴ്ച വൈകിയാകും പിഎസ്എല്‍ ഇത്തവണ പൂര്‍ത്തിയാകുക. അതേസമയം, ഡേവിഡ് വാര്‍ണറും ഡാരില്‍ മിച്ചലും ഉള്‍പ്പെടെയുള്ള വിദേശ താരങ്ങള്‍ ലീഗിനായി തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വിട്ടതിനു പിന്നാലെ, ഇനി അവിടേക്കു തിരിച്ചില്ലെന്ന് ഡാരില്‍ മിച്ചല്‍ പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തിലാണ് ഐപിഎല്‍, പിഎസ്എല്‍ മത്സരങ്ങള്‍ നീട്ടിവച്ചത്. ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചിരുന്നെങ്കിലും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് താല്‍പര്യം കാണിക്കാതിരുന്നത് അവര്‍ക്കു തിരിച്ചടിയായിരുന്നു.