മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ലഞ്ചിന് ശേഷം ബാറ്റിംഗ് തുടരുന്ന ഇന്ത്യ 95 ഓവറില്‍ നാല് വിക്കറ്റിന് 250 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് ഒപ്പമെത്താന്‍ ഇനിയും 61 റണ്‍സ് കൂടി വേണം. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ തകര്‍പ്പന്‍ സെഞ്ചുറി പേരില്‍ കുറിച്ച ശുഭ്മാന്‍ ഗില്ലിന്റെയും 10 റണ്‍സിന് സെഞ്ചുറി നഷ്ടമായ കെ എല്‍ രാഹുലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ചരിത്രനേട്ടത്തില്‍ ഗില്‍

78 റണ്‍സുമായി ക്രീസിലിറങ്ങിയ ഗില്‍ 228 പന്തിലാണ് അവസാന ദിനം ടെസ്റ്റ് കരിയറിലെ ഒമ്പതാം സെഞ്ചുറിയിലെത്തിയത്. 35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ചുറി നേടുന്നത്. 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയ അവസാന ഇന്ത്യന്‍ ബാറ്റര്‍. മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് ഗില്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് ഗില്‍. 1947-48ല്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കറും ക്യാപ്റ്റനായിരിക്കെ ഒരു പരമ്പരയില്‍ നാലു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സുനില്‍ ഗവാസ്‌കറുടെയും വിരാട് കോലിയുടെയും റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി.

1971ലും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗവാസ്‌കറും 2014-2015ല്‍ ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലിയും നാലു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമാണിത്. 228 പന്തിലാണ് ഗില്‍ മാഞ്ചസ്റ്ററില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 209 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പത്തെ വേഗം കുറഞ്ഞ സെഞ്ചുറി. 238 പന്തില്‍ 103 റണ്‍സെടുത്ത ഗില്‍ ലഞ്ചിന് തൊട്ടു മുമ്പ് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി. മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 188 റണ്‍സ് കൂട്ടുകെട്ടിലും ഗില്‍ പങ്കാളിയായി.

ഇന്ത്യ പതറുന്നു

ഒമ്പതാം ടെസ്റ്റ് സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും(103) കെഎല്‍ രാഹുലിന്റെയും(90) വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ബെന്‍ സ്റ്റോക്‌സിനും ജോഫ്ര ആര്‍ച്ചര്‍ക്കുമാണ് വിക്കറ്റ്. 174-2 എന്ന സ്‌കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റോക്‌സിന്റെ പല പന്തുകളും താഴ്ന്നു വന്നപ്പോള്‍ ഗില്ലും രാഹുലും പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുങ്ങാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇതിനിടെ സ്റ്റോക്‌സിന്റെ പന്തില്‍ ഗില്‍ നല്‍കിയ പ്രയാസമുള്ളൊരു ക്യാച്ച് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കാനുള്ള ഒല്ലി പോപ്പിന്റെ ശ്രമം വിഫലമായത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ തൊട്ടു പിന്നാലെ രാഹുലിനെ താഴ്ന്നു വന്നൊരു പന്തില്‍ യാതൊരു അവസരവും നല്‍കാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്‌സ് 188 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു.

അഞ്ചാം നമ്പറില്‍ ഋഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലിന്റെ സാഹസം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ജോഫ്ര ആര്‍ച്ചറുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ കട്ടിന് ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈയിലൊതുക്കി.

പിന്നീടെത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയെങ്കിലും റൂട്ട് കൈവിട്ടത് ഇന്ത്യക്ക് ആശ്വാസമായി. അവസാന ദിനം 58 ഓവറുകളാണ് ഇനി ബാക്കിയുള്ളത്. ആറ് വിക്കറ്റ് കൈയിലുള്ള ഇന്ത്യക്ക് പ്രധാന ബാറ്റര്‍മാരെല്ലാം പുറത്തായതോടെ പ്രതിരോധിച്ചു നില്‍ക്കാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോര്‍ഡ്‌സില്‍ പുറത്തെടുത്തതുപോലൊരു ചെറുത്തു നില്‍പ്പിന് മാത്രമെ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനാവു. രണ്ടാം ഇന്നിംഗ്‌സില്‍ ഋഷഭ് പന്ത് ബാറ്റിംഗിനിറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.