- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍; പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്
ദുബായ്: പതിവ് പോലെ സാഹിബ്സാദാ ഫര്‍ഹാന്റെ ബാറ്റിങ് വെടിക്കെട്ടും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും കണ്ട് ആര്‍ത്തലച്ച പാക്കിസ്ഥാന്‍ ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഴിഞ്ഞാട്ടം. പാക്ക് ഓപ്പണര്‍മാര്‍ നല്‍കിയ മിന്നുന്ന തുടക്കം കണ്ട് പാക്കിസ്ഥാന്‍ ആരാധകര്‍ കലാശപ്പോരില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു കൂറ്റന്‍ വിജയലക്ഷ്യം മനസില്‍ ഉറപ്പിച്ചെങ്കിലും കാര്യങ്ങള്‍ മാറിമറിഞ്ഞത് അവസാന എട്ട് ഓവറുകളില്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കുത്തിത്തിരിഞ്ഞ പന്തുകളില്‍ ചീട്ടുകൊട്ടാരം പോലെ പാക്ക് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ 146 റണ്‍സില്‍ ഒതുങ്ങി. ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം.
ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താന്‍ ദയനീയമായി തകര്‍ന്നത്. 16 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ വീണത്. അവസാന 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. രണ്ട് വിക്കറ്റിന് 113 റണ്‍സ് എന്ന നിലയില്‍ നിന്നും പത്തിന് 146 എന്ന നിലയില്‍ പാക്ക് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ പാകിസ്താനുവേണ്ടി ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ചുറി നേടി. 19.1 ഓവറിലാണ് പാക്കിസ്ഥാന്‍ കൂടാരം കയറി. കുല്‍ദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എത്തിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാഹിബ്സാദാ ഫര്‍ഹാനും (38 പന്തില്‍ 57), ഫഖര്‍ സമാനം (35 പന്തില്‍ 46) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്സാദാ ഫര്‍ഹാന്‍ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. 10ാം ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി, വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാക്കിസ്ഥാന് ആദ്യപ്രഹരം.
പിന്നീട് ക്രീസിലെത്തിയ ടൂര്‍ണമെന്റില്‍ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 10 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം. 13ാം ഓവറില്‍ കുല്‍ദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോള്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 113/2. ഈ നിലയില്‍നിന്നാണ് 146 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായത്. 20 റണ്‍സു കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.
അവിശ്വസനീയമായ തകര്‍ച്ച
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതില്‍ത്തന്നെ അവസാന ആറു വിക്കറ്റുകള്‍ വീണത് 16 റണ്‍സെടുക്കുന്നതിനിടെ. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. ഓപ്പണര്‍ സാഹിബ്സദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി നേടി പുറത്തായി. 38 പന്തുകളില്‍നിന്ന് 57 റണ്‍സാണ് സമ്പാദ്യം. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. 23 പന്തില്‍ 23 റണ്‍സോടെ ഫഖര്‍ സമാനും സായിം അയ്യൂബും (0) ആണ് ക്രീസില്‍.
നിലയുറപ്പിച്ച ശേഷം തകര്‍ത്തുകളിച്ച സാഹിബ്സദ, ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖര്‍ മികച്ച പിന്തുണ നല്‍കി നിലയുറപ്പിച്ചു. ഒടുവില്‍ പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്‌സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ചായാണ് മടക്കം.
തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തില്‍ 14 റണ്‍സാണ് സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്സും ഫോറുമായി 46 റണ്‍സാണ് സമ്പാദ്യം.
ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഷഹീന്‍ അഫ്രീദിയെയും ഫഹീം അഷ്‌റഫിനെയും മടക്കി കുല്‍ദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. പകരം റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്താന്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും സ്‌ക്വാഡിലില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്.