- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് തുടങ്ങും മുമ്പെ ഫൈനലില്‍ വിജയറണ്‍ നേടുമെന്നു പറഞ്ഞു; ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേരിട്ട ഏക പന്ത് ബൗണ്ടറി കടത്തി റിങ്കു വാക്കുപാലിച്ചു; റിങ്കുവിന്റെയും തിലകിന്റെയും പ്രവചനം അച്ചട്ടായെന്ന് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍; ജ്യോതിഷത്തില്‍ ഒരു കൈ നോക്കാമെന്ന് രവി ശാസ്ത്രി
റിങ്കുവിന്റെയും തിലകിന്റെയും പ്രവചനം അച്ചട്ടായെന്ന് വെളിപ്പെടുത്തി ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍
ദുബായ്: ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം നേടിയപ്പോള്‍ 69 റണ്‍സുമായി ടോപ് സ്‌കോററായത് തിലക് വര്‍മയായിരുന്നെങ്കിലും വിജയ റണ്ണെടുക്കാനുള്ള നിയോഗം റിങ്കു സിംഗിനായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന റിങ്കുവിന് ഫൈനലിന് തൊട്ടു മുമ്പ് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഫൈനലില്‍ അവസരം ലഭിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ 20/3 ലേക്ക് തകര്‍ന്നെങ്കിലും ആദ്യം സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പിന്നാലെ തിലക് വര്‍മയും-ശിവം ദുബെയും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.
എന്നാല്‍ പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെ പുറത്തായതോടെ ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സായിരുന്നു. ഈ സമയം റിങ്കു സിംഗ് ക്രീസിലെത്തി. എന്നാല്‍ തിലക് വര്‍മക്കായിരുന്നു സ്‌ട്രൈക്ക്. ആദ്യ പന്തില്‍ രണ്ട് റണ്ണെടുത്ത തിലക് അടുത്ത പന്ത് റൗഫിനെ സിക്‌സിന് പറത്തി ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ചു. അടുത്ത പന്തില്‍ തിലക് സിംഗിളെടുത്തത്തോടെ സ്‌കോര്‍ തുല്യമായി. ഇതോടെ വിജയറണ്ണെടുക്കാനുള്ള നിയോഗം റിങ്കുവിലായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റിങ്കു ഇന്ത്യയുടെ അവിസ്മരണീയ ജയം പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ മത്സരശേഷം ഏഷ്യാ കപ്പ് ഫൈനലില്‍ വിജയറണ്‍ നേടുമെന്നു ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ് വളരെ നേരത്തേ പ്രവചിച്ചിരുന്നതായി ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശന്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ആരാധകരാണ്. സെപ്റ്റംബര്‍ 6ന് എഴുതി നല്‍കിയ കാര്‍ഡിലാണ് താന്‍ വിജയറണ്‍ കുറിക്കുമെന്നു റിങ്കു സിങ് സൂചിപ്പിച്ചിരുന്നതായി, ആ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി സഞ്ജന പറഞ്ഞു. രവി ശാസ്ത്രിയും വസീം അക്രവും പങ്കെടുത്ത ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു സഞ്ജനയുടെ തുറന്നുപറച്ചില്‍.
റിങ്കുവിന്റെ പ്രവചനം യാഥാര്‍ഥ്യമായതിലുള്ള ആശ്ചര്യത്തിലാണു ക്രിക്കറ്റ് ലോകം. ഏഷ്യാകപ്പില്‍ അവസരം കിട്ടിയ ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വിജയറണ്‍ നേടാന്‍ റിങ്കുവിനായി. നേരത്തേ, മുഹമ്മദ് ഹാരിസിന്റെയും മുഹമ്മദ് നവാസിന്റെയും ക്യാച്ചുകളെടുത്ത് ഫീല്‍ഡിങ്ങിലും റിങ്കു തിളങ്ങിയിരുന്നു. താന്‍ ഫൈനലില്‍ സ്‌കോര്‍ ചെയ്തു വിജയത്തില്‍ പങ്കാളിയാകുമെന്നായിരുന്നു തിലക് വര്‍മയുടെ പ്രവചനമെന്നും സഞ്ജന ടെലിവിഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തി. ഇന്ത്യ ചാമ്പ്യന്മാരാകുമെന്നാണ് സഞ്ജു സാംസണ്‍ കുറിച്ചിരുന്നത്. ഇന്ത്യയുടെ അപരാജിത തോരോട്ടം തുടരുമെന്ന് വരുണ്‍ ചക്രവര്‍ത്തിയും പറഞ്ഞു. എല്ലാ താരങ്ങളുടെയും പ്രവചനം സത്യമാകുകയും ചെയ്തു.
എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് റിങ്കു നടത്തിയ പ്രവചനമാണ്. ഇന്ത്യന്‍ താരങ്ങളായ തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരോട് ടൂര്‍ണമെന്റിനെക്കുറിച്ച് പ്രവചിക്കാനും ഇതൊരു കടലാസില്‍ എഴുതി നല്‍കാനും ബ്രോഡ്കാസ്റ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബര്‍ ആറിനായിരുന്നു ഇത്. റിങ്കു അതില്‍ എഴുതി നല്‍കിയിരുന്നത് 'വിന്‍ റണ്‍' എന്നായിരുന്നു. ടീമിനായി വിന്നിംഗ് റണ്‍ എടുക്കുമെന്നായിരുന്നു റിങ്കു ഉദ്ദേശിച്ചത്. ഒടുവില്‍ ഫൈനലില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച റിങ്കുവിന് ഒരു നിയോഗം പോലെ വിജയറണ്ണെടുക്കാനുള്ള അവസരം ലഭിച്ചു.
മത്സരശേഷം നടന്ന ചര്‍ച്ചയില്‍ ജസ്പ്രീത് ബുമ്രയുടെ ഭാര്യ കൂടിയായ അവതാരക സഞ്ജന ഗണേശനാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രവചനം വെളിപ്പെടുത്തിയത്. തിലക് വര്‍മ എഴുതിയിരുന്നത് ഫൈനലില്‍ ടീമിനായി സ്‌കോര്‍ ചെയ്യുമെന്നതായിരുന്നു. തിലകിന്റെ പ്രവചനവും അച്ചട്ടായി. ഫൈനലില്‍ ഇന്ത്യക്കായി ടോപ് സ്‌കോററായത് തിലക് വര്‍മയായിരുന്നു. സഞ്ജു സാംസണും ശിവം ദുബെയും ഇന്ത്യ ചാമ്പ്യന്‍മാരാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. അതും ഫലിച്ചു. ഇന്ത്യന്‍ താരങ്ങളുടെ പ്രവചനം ഫലിച്ചതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത രവി ശാസ്ത്രി പറഞ്ഞത് ഇവര്‍ക്ക് വേണമെങ്കില്‍ ജ്യോതിഷത്തിലും ഒരു നോക്കാമെന്നതായിരുന്നു.