- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറില്ല; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൂട്ടിവെച്ച നിലയില്‍; അനുമതിയില്ലാതെ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം; പാക്കിസ്ഥാന്റെ കനത്ത തോല്‍വിയില്‍ മാനം കെട്ടതിന്റെ കലിപ്പ് തീരാതെ മൊഹ്‌സിന്‍ നഖ്വി
കറാച്ചി: ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനുള്ള ട്രോഫി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) ദുബായിലെ ഓഫീസില്‍ തന്നെ സൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി. ഏഷ്യാ കപ്പ് ഫൈനലിനുശേഷം മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ടീം നിലപാട് എടുത്തതിനെ തുടര്‍ന്ന് നഖ്വി കിരീടവുമായി ഗ്രൗണ്ട് വിടുകയായിരുന്നു. ഇതുവരെ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കര്‍ശനനിര്‍ദേശമാണ് നഖ്വി നല്‍കിയിക്കുന്നത്.
ട്രോഫി ദുബായിലെ എസിസി ഓഫീസില്‍ പൂട്ടി വെച്ച നിലയിലാണെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഖ്വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ അത് മാറ്റുകയോ ആര്‍ക്കും കൈമാറുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശമെന്നും നഖ്വിയുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. താന്‍ നേരിട്ടെത്തി മാത്രമേ ഇന്ത്യന്‍ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണ് നഖ്വി നിര്‍ദേശിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൈനലില്‍ പാകിസ്ഥാനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്ഥാനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, നഖ്വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.
ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ്വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാല്‍ താന്‍ തന്നെയായിരിക്കും ട്രോഫി നല്‍കുകെന്നും നഖ്വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷമാണ് ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കാനും താനറിയാതെ ആര്‍ക്കും കൈമാറരുതെന്നും നഖ്വി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. തന്റെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആര്‍ക്കും കൈമാറരുതെന്നാണ് നഖ്വി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ പാക് ആഭ്യന്തര മന്ത്രി കൂടിയായി നഖ്വി ഇന്ത്യ വിരുദ്ധ പ്രസ്താവനകള് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ നഖ്വിയില്‍ നിന്ന് ട്രോഫി ഏറ്റു വാങ്ങില്ലെന്ന നിലപാടെടുത്തത്. നഖ്വി കിരീടം സമ്മാനിക്കാതെ മടങ്ങിയപ്പോള്‍ കിരീടമില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടിയത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്‌കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.