സിഡ്നി: മാസങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റിന്റെ വിശുദ്ധ വസ്ത്രത്തോട് വിടപറയാന്‍ നിര്‍ബന്ധിതമാക്കിയ അതേ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്ക് എതിരെ പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്നി മത്സരത്തിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടായിരുന്നു രോഹിത് ശര്‍മ തിരിച്ചുവരവ് രാജകീയമാക്കിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിത് തന്നെ. അതിന് പരമ്പരയിലെ താരമായും രോഹിത് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. അഞ്ച് സിക്സും 21 ഫോറും രോഹിത് നേടി.

അഡ്‌ലെയ്ഡില്‍ അര്‍ധ സെഞ്ചുറി നേടി ക്രിക്കറ്റിലെ തന്റെ കാലം കഴിഞ്ഞില്ലെന്ന് തെളിയിച്ച രോഹിത് സിഡ്‌നിയില്‍ 125 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38.3 ഓവറില്‍ മറികടന്നു. രോഹിത്തിനൊപ്പം വിരാട് കോലിയും (81 പന്തില്‍ 74) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മത്സരത്തിന് ശേഷം ഓസ്ട്രേലിയയോട് നന്ദി പറഞ്ഞാണ് രോഹിത് മടങ്ങിയത്. മത്സരശേഷം രോഹിത് പറഞ്ഞതിങ്ങനെ... ''ഞാനെപ്പോഴും ഓസ്ട്രേലിയ ഇഷ്ടപ്പെടുന്നു. സിഡ്നിയില്‍ കളിക്കുന്നത് എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. 2008ലാണ് ഞാന്‍ ആദ്യമായി ഓസ്ട്രേലിയ സന്ദര്‍ശിച്ചത്, അന്ന് മുതലുള്ള ഓര്‍മകള്‍ കൂടെയുണ്ട്. ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. നന്ദി ഓസ്ട്രേലിയ...'' രോഹിത് പറഞ്ഞു

ഓസ്ട്രേലിയന്‍ പിച്ചിനെ കുറിച്ചും സാഹചര്യത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഓസ്ട്രേലിയയില്‍ ബൗളര്‍മാരെ നേരിടുന്നത് എളുപ്പമുള്ള കാര്യമല്ല. സാഹചര്യങ്ങള്‍ നന്നായി പഠിച്ചിരിക്കണം. ക്രീസിലെത്തിയപ്പോഴെല്ലാം ഞാനത് മനസില്‍ കുറിച്ചിരുന്നു. ഒരുപാടായി ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാല്‍ ഇവിടെ വരുന്നതിന് മുമ്പ് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. പരമ്പര നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഒരുപാട് പോസിറ്റീവ്സ് ഞങ്ങള്‍ക്കുണ്ടായി. ഇന്ത്യയുടേത് യുവനിരയാണ്. ഒരുപാട് പേര്‍ ആദ്യമായിട്ടാണ് ഇവിടെ കളിക്കുന്നത്. ഞാന്‍ ആദ്യം ഇവിടെ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. അവരുടെ കരുതല്‍ വലുതായിരുന്നു. ഇപ്പോള്‍ അത് ഞങ്ങളുടെ ജോലിയാണ്.'' രോഹിത് വിശദീകരിച്ചു.

നന്ദിപറഞ്ഞ് വിരാട് കോലിയും

ഓസ്ട്രേലിയയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും സിഡ്‌നിയില്‍ അര്‍ധ സെഞ്ചുറിയോടെ തന്റെ കാലം കഴിഞ്ഞില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിട്ടാണ് വിരാട് കോലി ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുന്നത്. സിഡ്നി ഏകദിനത്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ തന്നെ രണ്ടാമനാവാന്‍ കോലിക്ക് സാധിച്ചു. 380 ഇന്നിംഗ്സില്‍ 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (13,704), മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (13,439) എന്നിവര്‍ കോലിക്ക് പിന്നിലായി. കോലിക്ക് നിലവില്‍ 14,255 റണ്‍സായി കോലിക്ക്. 452 ഇന്നിംഗ്സില്‍ 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സിഡ്നിയില്‍ ഓസീസിനെതിരെ 81 പന്തില്‍ 74 റണ്‍സുമായി കോലി പുറത്താവാതെ നിന്നിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.

''അടുത്ത കുറച്ച് ദിവസങ്ങള്‍ക്കിടെ എനിക്ക് 37 വയസ് പൂര്‍ത്തിയാകും. പക്ഷേ, സ്‌കോര്‍ പിന്തുടരുമ്പോള്‍ മിക്കപ്പോഴും എനിക്ക് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. രോഹിത്തിനൊപ്പം മത്സരം ജയിക്കാന്‍ വേണ്ടി ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. തുടക്കം മുതല്‍ തന്നെ, ഞങ്ങള്‍ സാഹചര്യം നന്നായി മനസ്സിലാക്കിയിരുന്നു. അതുതന്നെയാണ് ഞങ്ങള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്.'' കോലി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇപ്പോള്‍ ടീമില്‍ ഏറ്റവും പരിചയസമ്പന്നരായ ജോഡിയാണ് ഞങ്ങള്‍. പക്ഷേ ഞങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത്, വലിയ കൂട്ടുകെട്ടിലൂടെ മത്സരം എതിരാളികളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഞങ്ങള്‍ക്ക് ആവുമെന്ന് കരുതാറുണ്ടായിരുന്നു. ഇതെല്ലാം ആരംഭിച്ചത് 2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പര ആണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഏകദേശം 20 ഓവറുകള്‍ കളിക്കുകയാണെങ്കില്‍, ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എതിരാളികള്‍ പോലും അത് മനസ്സിലാക്കും. ഓസ്ട്രേലിയയില്‍ വരുന്നത് ഞങ്ങള്‍ക്ക് വളരെ അധികം ഇഷ്ടപ്പെടുന്നു. പിന്തുണച്ച കാണികള്‍ക്ക് നന്ദി.'' കോലി കൂട്ടിചേര്‍ത്തു.

ടി20യും ഏകദിനവും ഒന്നിച്ചെടുത്താന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 18,143 റണ്‍സാണ് കോലി നേടിയത്. ഈ മത്സരത്തിലൂടെ കോലി സച്ചിനെ മറികടക്കുകയായിരുന്നു. 14,255 റണ്‍സ് ഏകദിനത്തിലും 4188 റണ്‍സ് ടി20 ഫോര്‍മാറ്റിലും. അതേസമയം, സച്ചിന്‍ ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. അതില്‍ 10 റണ്‍സിന് പുറത്താവുകയും ചെയ്തു. ഏകദിനത്തില്‍ 8,426 റണ്‍സ്. കുമാര്‍ സംഗക്കാര (15,616), രോഹിത് ശര്‍മ (15,601), മഹേല ജയവര്‍ധനെ (14,143), റിക്കി പോണ്ടിംഗ് (14,105) എന്നിവര്‍ പിന്നിലായി.