ക്വീന്‍സ്ലാന്‍ഡ്: ഓസ്ട്രേലിയക്കെതിരായ നിര്‍ണായക നാലാം ട്വന്റി 20 മത്സരത്തില്‍ 168 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നല്ല തുടക്കമിട്ടെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്. 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ 28 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 20ഉം ശിവം ദുബെ 22ഉം റണ്‍സെടുത്തു. സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയ ജിതേഷ് ശര്‍മ രണ്ട് റണ്‍സ് നേടി പുറത്തായി. ഓസീസിനായി മൂന്ന് വീതം വിക്കറ്റെടുത്ത് ആദം സാംപയും നതാന്‍ എല്ലിസും തിളങ്ങി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആറോവറില്‍ 49-ലെത്തിച്ചു. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അഭിഷേക് പുറത്തായിതിന് പിന്നാലെ വണ്‍ഡൗണായി ശിവം ദുബെയാണ് ക്രീസിലിറങ്ങിയത്. 18 പന്തില്‍ 22 റണ്‍സെടുത്ത് ദുബെയും കൂടാരം കയറിയതോടെ ടീം 88-2 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യയുമായി ചേര്‍ന്ന് ഗില്‍ ടീമിനെ നൂറുകടത്തി.

ആദം സാംപയുടെ ഒരോവറില്‍ രണ്ട് സിക്‌സ് പറത്തിയ സൂര്യകുമാര്‍ യാദവും സ്റ്റോയ്‌നിസിന്റെ പന്തില്‍ എല്‍ബഡബ്ല്യുവില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ട ശേഷം പടുകൂറ്റന്‍ സിക്‌സ് പറത്തിയ ഗില്ലും പ്രതീക്ഷ നല്‍കിയെങ്കിലും പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ(39 പന്തില്‍ 46) മടക്കിയ നഥാന്‍ എല്ലിസ് ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനെ(10 പന്തില്‍ 20) സേവിയര്‍ ബാര്‍ട്ലെറ്റും തിലക് വര്‍മയെയും(5), ജിതേഷ് ശര്‍മയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 121-2ല്‍ നിന്ന് 136-6ലേക്ക് കൂപ്പുകുത്തി. പ്രതീക്ഷ നല്‍കിയ വാഷിംഗ്ടണ്‍ സുന്ദര്‍(12) സ്‌കോര്‍ 150 കടന്നതിന് പിന്നാലെ മടങ്ങി. അവസാന ഓവറില്‍ സിക്‌സും ഫോറും അടക്കം റണ്‍സടിച്ച അക്‌സര്‍ പട്ടേലാണ്(10 പന്തില്‍ 19*) പിന്നീട് ഇന്ത്യയെ 165ല്‍ എത്തിച്ചത്. ഒടുക്കം ഇന്ത്യ 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഓസീസിനായി ആദം സാംപയും നതാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്‌ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാര്‍ഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയാറായില്ല.