- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
80ാം പന്തില്‍ സെഞ്ചുറി; 121 പന്തില്‍ ഇരട്ട സെഞ്ചുറി; യൂത്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ച് അഭിഗ്യാന്‍ കുണ്‍ഡു; വൈഭവിന്റെ റെക്കോഡ് തകര്‍ത്ത് 17കാരന്‍; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ 400 കടന്ന് ഇന്ത്യ
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരായ ഏകദിനത്തില്‍ മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ അണ്ടര്‍ 19 താരം അഭിഗ്യാന്‍ കുണ്‍ഡു. ചൊവ്വാഴ്ച അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യയ്ക്കെതിരായ മത്സരത്തിലായിരുന്നു 17-കാരന്‍ അഭിഗ്യാന്റെ റെക്കോഡ് പ്രകടനം. 125 പന്തില്‍ 209 റണ്‍സുമായി പുറത്താവാതെ നിന്ന കുണ്‍ഡുവിന്റെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷടത്തില്‍ 408 റണ്‍സ് നേടി. വേദാന്ത് ത്രിവേദി (106 പന്തില്‍ 90), വൈഭവ് സൂര്യവന്‍ഷി (26 പന്തില്‍ 50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.
യൂത്ത് ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും അഭിഗ്യാന്‍ സ്വന്തം പേരിലാക്കി. 14-കാരന്‍ വൈഭവ് സൂര്യവംശിയുടെ 171 റണ്‍സിന്റെ റെക്കോഡാണ് അഭിഗ്യാന്‍ മറികടന്നത്. യുഎഇക്കെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ റെക്കോഡ് പ്രകടനം.
മലേഷ്യയ്ക്കെതിരേ 125 പന്തില്‍ നിന്ന് 209 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ഒമ്പത് സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അഭിഗ്യാന്റെ ഇരട്ട സെഞ്ചുറി മികവില്‍ മലേഷ്യയ്ക്കെതിരേ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും സ്വന്തമാക്കി. 106 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത വേദാന്ത് ത്രിവേദി, 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത വൈഭവ് സൂര്യവംശി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ മാത്രെ മടങ്ങി. സത്നകുമാരന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് ഓണില്‍ ഡീസ് പത്രോ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മല്‍ഹോത്രയും പവലിയനില്‍ തിരിച്ചെത്തി. അക്രമിന്റെ ഔട്ട്സ്വിങ്ങറില്‍ ഹബാറ്റ് വച്ച താരം സ്ലിപ്പില്‍ മുഹമ്മദ് ആലിഫിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ വൈഭവ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ വൈഭവിന് സാധിച്ചില്ല. അക്രമിനെതിരെ ലോംഗ് ഓഫിലൂടെ സിക്സടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി. 26 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും അഞ്ച് ഫോറും നേടി.
വൈഭവ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ അഭിഗ്യാന്‍ 44 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ചുറിയിലെത്തിയത്. പിന്നീട് 80-ാം പന്തില്‍ സെഞ്ചുറിയിലെത്തി. 121 പന്തിലായിരുന്നു ഇരട്ട സെഞ്ചുറി. വേദാന്ത് ത്രിവേദിയുമായി ചേര്‍ന്ന് 181 പന്തില്‍ 209 റണ്‍സും, കനിഷ്‌ക് ചൗഹാനുമായി ചേര്‍ന്ന് 36 പന്തില്‍ നിന്ന് 87 റണ്‍സും അഭിഗ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കക്കാരന്‍ ജോറിച്ച് വാന്‍ ഷാല്‍ക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അഭിഗ്യാന്‍. വാന്‍ ഷാല്‍ക്വിക്കിന്റെ 215-ന് ശേഷം അണ്ടര്‍ 19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇന്ത്യന്‍ താരത്തിന് സ്വന്തമായി. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്.




