അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. മൂന്നാം ട്വന്റി20 കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം അഹമ്മദാബാദില്‍ ഇറങ്ങുന്നത്.

പരുക്കേറ്റ ശുഭ്മാല്‍ ഗില്ലിനു പകരം സഞ്ജു സാംസണ്‍ ഓപ്പണറാകും. ജിതേഷ് ശര്‍മ തന്നെയാണ് വിക്കറ്റ് കീപ്പര്‍. പരമ്പരയില്‍ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടന്‍ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആന്റിച്ച നോര്‍ട്യയ്ക്കു പകരം ജോര്‍ജ് ലിന്‍ഡെ ടീമിലെത്തി.

ലക്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മഞ്ഞുമൂലം ഉപേക്ഷിച്ചതോടെ, 2 - 1ന് മുന്നില്‍ നില്‍ക്കുന്ന ടീം ഇന്ത്യ 5 മത്സര പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ചിരുന്നു. എങ്കിലും 5ാം ട്വന്റി20 ജയിച്ച്, 3 - 1ന് പരമ്പര സ്വന്തമാക്കാന്‍ തന്നെയാകും ഇന്ന് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ശ്രമം. മറുവശത്ത് ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

സഞ്ജുവിന് ജീവന്‍ മരണ പോരാട്ടം

പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണിന് ടീമില്‍ ഇടംലഭിച്ചതോടെ മലയാളി താരത്തിന്റെ പ്രകടനം ഉറ്റുനോക്കുകയാണ് ആരാധകര്‍. ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. ഓപ്പണര്‍ സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ആരെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല. ഓപ്പണര്‍ സ്ഥാനത്ത് ഒട്ടേറെ അവസരം ലഭിച്ചിട്ടും നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും മലയാളി താരം സഞ്ജു സാംസണിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാരന്‍ ഇഷാന്‍ കിഷനും രംഗത്തെത്തിയിട്ടുണ്ട്.

സഞ്ജുവും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരാണെന്നതിനാല്‍ ആരെയാകും ലോകകപ്പ് ടീമിലെടുക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഗില്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ പരിഗണിച്ചാല്‍ ഓപ്പണിംഗില്‍ ഇടംകൈ വലംകൈ കോംബിനേഷന്‍ നഷ്ടമാകും. ഇവര്‍ക്കൊപ്പം ഇപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിലുണ്ട്. സഞ്ജുവും ഇഷാനും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവരാണ്. ജിതേഷ് ആകട്ടെ മധ്യനിരയിലും. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍.

പ്രതീക്ഷയോടെ സൂര്യകുമാര്‍

12, 5, 12 എന്നിങ്ങനെയാണ് ആദ്യ 3 ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്‌കോര്‍. ഒരു വര്‍ഷത്തിലേറെയായി രാജ്യാന്തര ട്വന്റി20യില്‍ അര്‍ധ സെഞ്ചറി നേടാന്‍ സൂര്യയ്ക്കു സാധിച്ചിട്ടില്ല. ഈ വര്‍ഷം ട്വന്റി20യില്‍ 15ല്‍ താഴെ ബാറ്റിങ് ശരാശരിയുള്ള സൂര്യയ്ക്ക് അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിനു മുന്‍പ് ആത്മവിശ്വാസം തിരിച്ചുപിടിക്കണമെങ്കില്‍ അവസാന ട്വന്റി20യില്‍ എങ്കിലും ഫോം കണ്ടെത്തിയേ മതിയാകൂ.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്സ്, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ്‌ ്രേബവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.