മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായപ്പോള്‍ എന്തുകൊണ്ട് മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയില്ലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പാണ്ഡ്യ ലോകകപ്പ് ടീമിലുള്ളപ്പോഴും അക്‌സര്‍ പട്ടേലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. രണ്ടു ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ജസ്പ്രീത് ബുമ്രയെയും ബിസിസിഐ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിച്ചില്ല. എന്നാല്‍ ശുഭ്മന്‍ ഗില്‍ ട്വന്റി20 ടീമിലേക്കു വരുന്നതിനു മുന്‍പ് അക്‌സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റനെന്നാണ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞ ന്യായീകരണം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ട്വന്റി20 ടീമില്‍ ഗില്ലിനു വിശ്രമം അനുവദിച്ച സമയത്തും അക്‌സറായിരുന്നു വൈസ് ക്യാപ്റ്റന്‍. അതേസമയം മോശം ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ് പിന്നീട് ടീമിനു പുറത്തുപോയാല്‍ അക്‌സറിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരുമോയെന്നു വ്യക്തമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. അതിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലെത്തിച്ച നായകന്‍ എന്ന അംഗീകാരവും ഹാര്‍ദികിന് ഉണ്ട്. പിന്നീട് അതേ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ഗില്ലിനാകട്ടെ ടീമിന് മികച്ച നേട്ടമുണ്ടാക്കി നല്‍കാനുമായിട്ടില്ല. അതേ സമയം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നിലവിലെ ക്യാപ്റ്റനാണ് അക്‌സര്‍.

മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ മതിയെന്ന ലക്ഷ്യം വച്ചാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ ഗില്ലിനെ ട്വന്റി20 ടീമിലും വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയത്. ഗില്ലിനെ കൊണ്ടുവരുന്നതിനായി ഓപ്പണറായിരുന്ന സഞ്ജു സാംസണെ മധ്യനിരയിലേക്കും മാറ്റി. എന്നാല്‍ ബാറ്റിങ്ങില്‍ ഗില്‍ നിരാശപ്പെടുത്തിയതോടെ ലോകകപ്പ് ടീമില്‍നിന്ന് പുറത്താകുകയായിരുന്നു. ഇതോടെയാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം അക്‌സറിനു നല്‍കിയത്.

അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ സഖ്യം ക്ലിക്കായി നില്‍ക്കുമ്പോളാണ് ശുഭ്മന്‍ ഗില്ലിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയാണ് ഉള്‍പ്പെടുത്തിയത്. മൂന്നു ഫോര്‍മാറ്റിലും ഗില്ലിനെ നായകനായി കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു ബിസിസിഐ. അങ്ങനെയാണ് സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്നു മാറ്റി ഗില്ലിനെ അവിടെ പ്രതിഷ്ഠിക്കുന്നത്. എന്നാല്‍, ഒരു ടി20 ഓപ്പണര്‍ക്കൊത്ത പ്രകടനം താരത്തിന് കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഒരു ബാറ്ററെന്ന നിലയില്‍ തന്നെ പരാജയമാകുന്നതാണ് കണ്ടത്. അതോടെ ടി20 ഫോര്‍മാറ്റില്‍ നിന്നുതന്നെ താരത്തെ തത്കാലം പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. മൂന്നു ഫോര്‍മാറ്റിലും ഒരു നായകനെ കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടി നേരിട്ടത്.

2024 ല്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റന്‍. ആറ് ട്വന്റി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള പാണ്ഡ്യ അഞ്ചിലും ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ഭാവി ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചതോടെയാണ് പാണ്ഡ്യയ്ക്കു ടീമിലെ പ്രധാന ചുമതലകള്‍ നഷ്ടമാകുന്നത്. ഗില്ലിനെ മാറ്റിയപ്പോള്‍ വരുന്ന മത്സരങ്ങളില്‍ ഹാര്‍ദ്ദിക് മികച്ച പ്രകടനം തുടരുകയും ലോകകപ്പിന് ശേഷം സൂര്യകുമാര്‍ നായക പദവി ഒഴിയേണ്ട സാഹചര്യം വന്നാല്‍ സ്വാഭാവികമായും ക്യാപ്റ്റനായി ഹാര്‍ദിക് മാറും. ഈ സാഹചര്യം ഒഴിവാക്കാനുള്ള മുന്‍ കരുതല്‍ കൂടിയാണ് അക്‌സറിന് താല്‍ക്കാലികമായി വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയുള്ള ബിസിസിഐയുടെ ചുവടുമാറ്റം. ഭാവിയില്‍ ഗില്ലിനെ തിരികെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാനുള്ള പദ്ധതി ബിസിസിഐ ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.