മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കുന്ന വിവരം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ അറിയിച്ചത് അവസാന നിമിഷം. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് ലോകകപ്പ് ടീമിലില്‍ ഇടം ഇല്ലെന്ന വിവരം ഏകദിന - ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഗില്ലിനെ അറിയിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം നായകനും ട്വന്റി 20 ടീമില്‍ നിന്നും താരത്തെ ഒഴിവാക്കാനുളള തീരുമാനം എടുത്തത്. പവര്‍പ്ലേയിലെ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും മുന്‍നിര്‍ത്തിയാണ് ഗില്ലിനെ ഒഴിവാക്കയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20യില്‍ അടുത്തിടെയായി അത്ര മികച്ച റെക്കോര്‍ഡില്ല ഗില്ലിന്. 18 ഇന്നിങ്സുകളില്‍ അര്‍ധസെഞ്ച്വറി നേടാനാവാതെ വിഷമിക്കുകയായിരുന്നു ഗില്‍. ലോകകപ്പ് ടീമില്‍ ഗില്ലിന്റെ സ്ഥാനം സെലക്ഷന്‍ പാനല്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.

സമീപകാലത്തെ മോശം പ്രകടനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചത്. ഗില്ലിന് പകരം മലയാളി താരം സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിലും മാനേജ്‌മെന്റെത്തി. ജിതേഷ് ശര്‍മയേയും ഒഴിവാക്കുകയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെ ഉള്‍പ്പെടുത്തുകയും ചെയ്തു. പരിശീലകന്‍ ഗൗതം ഗംഭീറാണ് ഗില്ലിനെ ഒഴിവാക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതെന്നാണ് വിവരം. ഒരു മുന്‍ ദേശീയ സെലക്ടറെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'ഇംഗ്ലണ്ട് ടെസ്റ്റിലെ മികച്ച പ്രകടനം പരിഗണിച്ച് ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് തെറ്റായ നീക്കമായിരുന്നു. കാരണം സഞ്ജുവിന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് വെറും അഞ്ച് മത്സരങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത് അഗാര്‍ക്കറുടെ പാനലിന്റെ തെറ്റ് തിരുത്തലാണ്. ഈ തീരുമാനത്തില്‍ മുഖ്യ പരിശീലകനാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയത്.'- ഒരു മുന്‍ സെലക്ടര്‍ പിടിഐയോട് പറഞ്ഞു.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ നാലാം ട്വന്റി 20 ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഗില്ലിന് അഹമ്മദാബാദിലെ അഞ്ചാം മത്സരം കളിക്കണമെന്നുണ്ടായിരുന്നു. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലായിരുന്നു. എന്നാല്‍ മാനേജ്മെന്റ് മറിച്ചുള്ള തീരുമാനം എടുത്തു. ശനിയാഴ്ച രാവിലെ വരെ ഇക്കാര്യം ഗില്ലിനെ അറിയിച്ചതുമില്ല. മുഖ്യ സെലക്ടറോ, പരിശീലകനോ നായകനോ തീരുമാനം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

തുടര്‍ച്ചയായി അവസരം കിട്ടിയിട്ടും ടി20 ഫോര്‍മാറ്റില്‍ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതാണ് ഗില്ലിന് തിരിച്ചടിയായത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലടക്കം ഗില്‍ പരാജയമായിരുന്നു. തുടര്‍ച്ചയായി താരം മോശം പ്രകടനം കാഴ്ചവെക്കുന്നത് കടുത്ത അതൃപ്തിയുമുണ്ടാക്കി. പിന്നാലെ ആരാധകരും മുന്‍ താരങ്ങളടക്കം ഗില്ലിനെ ടീമിലുള്‍പ്പെടുത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തി. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റിലടക്കം ടീമിലെ അനിഷേധ്യ സാന്നിധ്യമായിരുന്നിട്ടും ട്വന്റി 20 യില്‍ പിഴച്ചതോടെയാണ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

സഞ്ജുവിനെ ഓപ്പണറാക്കുന്നത് സംബന്ധിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം മത്സരത്തിന് മുന്‌പേ സെലക്ടര്‍മാര്‍ തീരുമാനമെടുത്തെന്നാണ് വിവരം. അതിന്റെ ഭാഗമായാണ് അഞ്ചാം മത്സരത്തില്‍ ഓപ്പണരായും വിക്കറ്റ് കീപ്പറായും സഞ്ജുവിനെ ടീമിലെടുത്തത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഗില്ലിനോട് കൃത്യമായി പറഞ്ഞിരുന്നില്ലെന്നാണ് സൂചനകള്‍. വാര്‍ത്താസമ്മേളനത്തിന് തൊട്ട് മുന്പ് മാത്രമാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഗില്ലിനോട് സംസാരിച്ചത്. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം നായകനോട് കൂടുതല്‍ മികച്ച ആശവിനിമയം നടത്താമായിരുന്നു എന്ന വാദവും ഉയരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തില്‍ വെറും നാലുറണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. മൂന്നാം ടി20 യില്‍ 28 പന്തില്‍ 28 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതായത് ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണായിറങ്ങിയ ഗില്‍ നേടിയത് വെറും 32 റണ്‍സ് മാത്രം. ഗില്‍ ടീമിലെത്തിയതോടെ ഓപ്പണറായിരുന്ന മലയാളി താരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിയും വന്നു. എന്നാല്‍ നാലാം മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ ഗില്‍ പരമ്പരയില്‍ നിന്ന് പുറത്തായി. നാലാം മത്സരത്തില്‍ സഞ്ജു തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മത്സരം മഴമൂലം ഉപേക്ഷിച്ചു. അഞ്ചാം മത്സരത്തില്‍ സഞ്ജു ഓപ്പണറായെത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

നിര്‍ണായക മാറ്റങ്ങള്‍

അഞ്ച് കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്‍-അഭിഷേക് ഓപ്പണിങ് സഖ്യത്തെക്കാള്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നത് സഞ്ജു സാംസണ്‍-അഭിഷേക് സഖ്യമാണെന്ന് സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തി. ആറ് വേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ റണ്‍സ് നിര്‍ണായകമാണെന്ന് കമ്മറ്റി വിലയിരുത്തി. അഭിഷേക് ശര്‍മ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുമ്പോള്‍ ഗില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിശബ്ദനായിരുന്നു. എന്നാല്‍ അഭിഷേകിനെപ്പോലും പലപ്പോഴും നിഷ്പ്രഭനാക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെന്നതും പവര്‍ പ്ലേയില്‍ രണ്ട് വശത്തുനിന്നും റണ്‍സ് വരേണ്ടതിന്റെ അനിവാര്യതയും സെലക്ടര്‍മാര്‍ കണക്കിലെടുത്തു.

നായകന്‍ സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ മോശം ഫോമിലുള്ള മറ്റൊരു താരത്തെ കൂടി ഉള്‍ക്കൊള്ളേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. ഫിനിഷിങ്ങിന് ഹാര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിക്കുമെന്ന് കണ്ടാണ് ഫിനിഷറായി റിങ്കു സിങ്ങിനെ കൂടി ടീമിലെടുത്തത്. ഫിനിഷറായി റിങ്കുവും ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലെത്തിയതോടെയാണ് ബാക്കപ്പ് ഒപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷനെ ടീമിലെടുത്തത്.