- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദിന പരമ്പരയില്‍ കെയ്ന്‍ വില്യംസണില്ല; ടീമിന് പുതിയ നായകന്‍; ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; തമിഴ്നാട്ടുകാരനായ യുവതാരവും ഏകദിന ടീമില്‍
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുളള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണെ ഒഴിവാക്കിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിന് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി. സാന്റ്‌നറുടെ അഭാവത്തില്‍ മൈക്കല്‍ ബ്രെയ്സ്വെല്ലാണ് കിവീസിന്റെ ഏകദിന ക്യാപ്റ്റന്‍. മാറ്റ് ഹെന്റി, മാര്‍ക് ചാപ്മാന്‍, രച്ചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവര്‍ക്കും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ വിശ്രമം നല്‍കി. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നും ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ യുവതാരം ആദിത്യ അശോകും ഏകദിന ടീമില്‍ ഇടംപിടിച്ചു.
തിരുവനന്തപുരം കാര്യവട്ടത്ത് ഉള്‍പ്പടെ നടക്കുന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സാന്റ്‌നറാണ് ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്ന് ടിം സീഫര്‍ട്ട്, നഥാന്‍ സ്മിത്ത് എന്നിവരെ ഒഴിവാക്കിയപ്പോള്‍ ബെവോണ്‍ ജേക്കബ്‌സ്, ഗ്ലെന്‍ ഫിലിപ്‌സ് മാറ്റ് ഹെന്റി എന്നിവരെ തിരിച്ചുവിളിച്ചു. ടി20 ടീമില്‍ പ്രധാന താരങ്ങള്‍ എല്ലാമുണ്ട്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റെയും അവസാന ടി20 പരമ്പരയാണിത്.
ജനുവരിയില്‍ ഇന്ത്യക്കെതിരേ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മല്‍സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ഏഴ് മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പ് ആണ് വൈറ്റ് ബോള്‍ സീരീസ്. കിവികള്‍ക്ക് ലോകകപ്പിന് മുമ്പ് ഉപഭൂഖണ്ഡത്തിലെ പിച്ചുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനുള്ള അവസരമാണിത്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് കിവീസ്.
ഏകദിന പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സൗത്ത് ആഫ്രിക്ക ടി20 ലീഗില്‍ പങ്കെടുക്കുന്നതിനാലാണ് വിട്ടുനില്‍ക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു.
ഇഷ് സോധി, അജാസ് പട്ടേല്‍ എന്നീ ഇന്ത്യന്‍ വംശജരായ താരങ്ങള്‍ക്ക് പിന്നാലെയാണ് ആദിത്യ അശോകും കിവീസ് ടീമില്‍ ഇടംപിടിക്കുന്നത്. തമിഴ്‌നാട്ടിലെ വെള്ളൂരില്‍ ജനിച്ച താരത്തിന് നാല് വയസുള്ളപ്പോഴാണ് ഇവരുടെ കുടുംബം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. സ്പിന്‍ ബൗളറാണ് ആദിത്യ അശോക്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അരങ്ങേറ്റം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍ക്‌സ്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, രച്ചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീം: മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്‌സണ്‍, ഡെവോണ്‍ കോണ്‍വേ, സാക്ക് ഫോള്‍ക്‌സ്, മിച്ച് ഹേ, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്‌സ്, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റേ, വില്‍ യംഗ്.




