- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസ് പൊരുതിയത് അഞ്ചാം ദിനത്തിലെ അവസാന സെഷന്‍ വരെ; ആഷസ് പരമ്പരയില്‍ പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍ പതിച്ച പന്തുകള്‍ കുതിച്ചത് തീക്കാറ്റായി; രണ്ട് ദിവസത്തിനിടെ വീണത് 36 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ആവേശ വിജയത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍താരങ്ങള്‍
മെല്‍ബണ്‍: പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ടെസ്റ്റ് വിജയം നേടിയിരിക്കുന്നത്. മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ വീണത് 36 വിക്കറ്റുകളാണ്. 175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്, അഞ്ച് വിക്കറ്റെടുത്ത ബ്രയ്ഡന്‍ കാഴ്സെ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ പിന്തുണച്ച പിച്ച് ആഷസ് പരമ്പരയില്‍ ബാറ്റര്‍മാരുടെ കുരുതിക്കളമായി മാറുകയായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടം ദിനം തന്നെ മത്സരം പൂര്‍ത്തിയായി. ആദ്യ ദിനം 20 വിക്കറ്റാണ് വീണത്. പിന്നാലെ പിച്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരങ്ങള്‍ രംഗത്തെത്തി. ഓസ്ട്രേലിയ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മെല്‍ബണില്‍ തുടങ്ങും മുമ്പ് ക്യുറേറ്റര്‍ മാറ്റ് പേജ് വാഗ്ദാനം ചെയ്തത് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന പോരാട്ടം. എന്നാല്‍ മൂന്നാം ഓവറിലെ മൂന്നാം പന്ത് മുതല്‍ എല്ലാം തകിടം മറിഞ്ഞു. പേസര്‍മാരുടെ സീം മുവ്മെന്റിന് മുന്നില്‍ ഇരുടീമിലെയും ബാറ്റമാര്‍ നിലംപൊത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ ഇന്നിംഗ്സില്‍ 152ല്‍ അവസാനിച്ചു. ജോഷ് ടംഗിന് അഞ്ച് വിക്കറ്റ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പ്രതിരോധം 110ല്‍ അവസാനിച്ചു. നെസറിന് നാലും ബോളണ്ടിന് മൂന്നും വിക്കറ്റ്. രണ്ടാം ദിനം ഓസീസ് 132ന് പുറത്തായി. പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍നിന്ന് പന്തുകള്‍ കുതിച്ചത് തീക്കാറ്റായി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതേ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസിന് അഞ്ചാം ദിവസത്തെ അവസാന സെഷന്‍ വരെ പൊരുതേണ്ടി വന്നിരുന്നു.
ക്യൂറേറ്റര്‍ പേജ് പിച്ചില്‍ അന്നത്തേക്കാള്‍ മൂന്ന് മില്ലീമീറ്റര്‍ പുല്ല് നിലനിര്‍ത്തിയതാണ് ബാറ്റര്‍മാരുടെ നിലതെറ്റിച്ചത്. ബൗളര്‍മാരെ മാത്രം പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത് പറഞ്ഞു. ഇത്തരം വിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വ്യക്തമാക്കി. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയുടെ ആദ്യദിനം ഇരുപത് വിക്കറ്റ് വീഴുന്നത്. 116 വര്‍ഷം മുന്‍പ് സമാന സംഭവം നടന്നത് ഇതെ മെല്‍ബണില്‍ എന്നതും കൗതുകം. ഈ പരന്പരയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണിരുന്നു.
അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസ് പരമ്പര നേരത്തെ തന്നെ ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും അവര്‍ക്കായിരുന്നു വിജയം. അഞ്ചാം ടെസ്റ്റ് ജനുവരി നാലിന് മുറെ പാര്‍ക്കില്‍ നടക്കും.




