- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശ് ടീമിനെ നയിക്കാന്‍ ഹിന്ദു ക്യാപ്റ്റന്‍; ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ നയിക്കുക ലിട്ടണ്‍ ദാസ്; മുസ്താഫിസുര്‍ റഹ്മാനും ടീമില്‍; മത്സരത്തിന്റെ ഷെഡ്യൂള്‍ മാറ്റുന്നത് ബിസിസിഐയ്ക്ക് തിരിച്ചടി; ബിസിബിയെ അനുനയിപ്പിക്കാന്‍ ജയ് ഷായും സംഘവും
ധാക്ക: മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ലിറ്റന്‍ ദാസിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സെയ്ഫ് ഹസനാണ് വൈസ് ക്യാപ്റ്റന്‍. മുസ്തഫിസുര്‍ റഹ്‌മാന്‍, ടസ്‌കിന്‍ അഹമ്മദ് എന്നീ പേസര്‍മാരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലും ഹിന്ദു ക്യാപ്റ്റനെ തന്നെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ലിട്ടണ്‍ ദാസ് തന്നെ ട്വന്റി 20 നായകനായി ലോകകപ്പില്‍ തുടരുമെന്ന് ബിസിബി വ്യക്തമാക്കി. 2025 ലാണ് ബോര്‍ഡ് ലിട്ടണ്‍ ദാസിനെ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുന്നത്. ടീമിന്റെ ബാറ്റിങ് നിരയുടെ നെടുംതൂണാണ് ലിട്ടണ്‍ ദാസ്. തന്‍സിദ് ഹസ്സന്‍, മുഹമ്മദ് പര്‍വേസ് എന്നിവരും ബാറ്റിങ് നിരയ്ക്ക് ശക്തി പകരും.
നയിക്കാന്‍ ഹിന്ദു ക്യാപ്റ്റന്‍
ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായത്. കൊല്‍ക്കത്തയുടെ സഹ ഉടമ ഷാറൂഖ് ഖാനെതിരെയും വിമര്‍ശനം നീണ്ടു. കൊല്‍ക്കത്തയില്‍ ഐപിഎല്‍ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദവും ശക്തമായതോടെയാണ് മുന്‍പ് എട്ട് ഐപിഎല്‍ സീസണുകളില്‍ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമില്‍നിന്നു നീക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്.
എന്നാല്‍ ട്വന്റി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദുവായ ലിറ്റന്‍ ദാസാണ് ബംഗ്ലദേശിന്റെ ക്യാപ്റ്റന്‍ എന്നതു ശ്രദ്ധേയമാണ്. 2025 മേയിലാണ് ലിറ്റന്‍ ദാസിനെ ട്വന്റി20 ക്യാപ്റ്റനായി ബിസിബി നിയമിച്ചത്. ലോകകപ്പിലും ലിറ്റന്‍ ദാസ് തന്നെ തുടരാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
1994ല്‍ ബംഗ്ലദേശിലെ ദിനാജ്പുര്‍ ജില്ലയിലെ ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ലിറ്റന്‍ ദാസ് ജനിച്ചത്. 2015ല്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റവും ഏകദിന അരങ്ങേറ്റവും നടത്തി. അതേ വര്‍ഷം തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിലും അരങ്ങേറി. സ്‌പെഷലിസ്റ്റ് ബാറ്ററായി തുടക്കം കുറിച്ച ലിറ്റന്‍ ദാസിന് 2017ലാണ് ടീമിന്റെ വിക്കറ്റ് കീപ്പിങ് ചുമതല കൂടി ലഭിച്ചത്. വെറ്ററന്‍ താരം മുഷ്ഫിഖുര്‍ റഹീം ബാറ്ററായി മാത്രം ടീമില്‍ തുടര്‍ന്നതോടെയാണ് ഇത്.
2018ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചറി നേടിയാണ് ലിറ്റന്‍ ദാസ് മിന്നിയത്. ഫൈനലില്‍ ബംഗ്ലദേശ് തോറ്റെങ്കിലും ലിറ്റന്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായി. 2020 മാര്‍ച്ചില്‍, സിംബാബ്വെയ്ക്കെതിരെ 143 പന്തില്‍ നിന്ന് 176 റണ്‍സ് നേടിയ ലിറ്റന്‍ ഏകദിനത്തില്‍ ഒരു ബംഗ്ലദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കുറിച്ചു. വിവിധ സമയങ്ങളിലായി എല്ലാ ഫോര്‍മാറ്റുകളിലും ലിറ്റന്‍ ദാസ് ബംഗ്ലദേശിനെ നയിച്ചിട്ടുണെങ്കിലും 2025 മേയിലാണ് താരത്തെ ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചത്.
ബംഗ്ലാദേശ് ടീം - ലിട്ടണ്‍ കുമാര്‍ ദാസ് (ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസ്സന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സിദ് ഹസ്സന്‍, മുഹമ്മദ് പര്‍വേസ് ഹൊസ്സൈന്‍, തൗഹിദ് ഹ്രിദോയ്, ഷഹീം ഹൊസ്സൈന്‍, നൂറുല്‍ ഹസ്സന്‍, ഷാക്ക് മഹെദി ഹസ്സന്‍, റിഷാദ് ഹൊസ്സൈന്‍, നാസും അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, തന്‍സീം ഹസ്സന്‍, ടസ്‌കിന്‍ അഹമ്മദ്, എംഡി ഷൈഫുദ്ദീന്‍, ഷൊറിഫുള്‍ ഇസ്ലാം.
നിലപാട് കടുപ്പിച്ച് ബിസിബി
അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) കത്ത് നല്‍കിയതിനു പിന്നാലെയാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി ഒരുങ്ങുകയാണ്. മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യം ഉന്നയിച്ചതോടെയാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.
2024-ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് കളിക്കളത്തിലേക്ക് നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് താരങ്ങളെ ഐപിഎലില്‍ കളിപ്പിക്കുന്നതില്‍ ഇന്ത്യയിലെ പലഭാഗത്തും വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നിര്‍ബന്ധിതരായത്. ബിസിസിഐയുടെ നിര്‍ദേശമനുസരിച്ച് കൊല്‍ക്കത്ത ടീം താരത്തെ ഒഴിവാക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചിരുന്നു.
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചതാണ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. ഇന്ത്യ ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ ഐപിഎലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനോട് ബിസിസിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമില്‍നിന്ന് ഒഴിവാക്കിയതായി കൊല്‍ക്കത്ത അറിയിച്ചു. ഇതാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. തങ്ങളുടെ താരങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ബിസിസിഐക്കു സാധിക്കില്ലെങ്കില്‍ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കു വരാന്‍ തയാറല്ലെന്നും ഗ്രൂപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു.
അനുനയിപ്പിക്കാന്‍ ജയ് ഷാ
ബിസിബിയുടെ ആവശ്യം തുറന്ന സമീപനത്തോടെ പരിഗണിക്കാനാണ് ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെങ്കിലും ബിസിസിഐ കൂടി സമ്മതിച്ചാല്‍ ബംഗ്ലദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റുന്നതില്‍ ഐസിസി എതിര്‍പ്പ് പ്രകടിപ്പിച്ചേക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.. ലോകകപ്പ് ആരംഭിക്കാന്‍ വെറും ഒരു മാസം മാത്രം ശേഷിക്കെ, 16 ടീമുകള്‍ ഉള്‍പ്പെടുന്ന ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നത് ദുഷ്‌കരമാണ്.
ഗ്രൂപ്പ് സിയില്‍ മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലദേശ്. ഷെഡ്യൂളിലെ മാറ്റം ഈ ടീമുകളെയും ബാധിക്കും. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ബംഗ്ലദേശിന്റെ എല്ലാ ലീഗ് മത്സരങ്ങളും ഇന്ത്യയിലാണ്. മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒരെണ്ണം മുംബൈയിലും. പുനഃക്രമീകരണം ലീഗ് ഘട്ടത്തില്‍ മാത്രം ഒതുങ്ങണമെന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ ബംഗ്ലദേശ് സൂപ്പര്‍ 8 ഘട്ടത്തിലെത്തിയിരുന്നു. അങ്ങനെയെങ്കില്‍ ഷെഡ്യൂള്‍ അടിമുടി പൊളിക്കേണ്ടി വരും. താരങ്ങളുടെ യാത്ര, ഹോട്ടല്‍ ബുക്കിങ് എന്നിവയെ എല്ലാം ഇതു ബാധിക്കും. ഇക്കാര്യങ്ങളെല്ലാം ബിസിബിയോട് ഐസിസി വിശദീകരിക്കും. എങ്കിലും ഇരുകൂട്ടരെയും തുറന്ന സമീപനത്തോടെ കേള്‍ക്കും.




