- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗില്ലിന് വേണ്ടി ജയ്സ്വാളിനെ തഴഞ്ഞു! റെഡ്ഡിയും പുറത്ത്; കിവീസിനെ എറിഞ്ഞിടാന്‍ ആറ് ബോളര്‍മാര്‍; കരുതലോടെ തുടക്കമിട്ട് സന്ദര്‍ശകര്‍; ടീമില്‍ ഇന്ത്യന്‍ വംശജനായ ആദിത്യ അശോകും ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും അരങ്ങേറും; വഡോദരയില്‍ രണ്ടു മാറ്റങ്ങളുമായി ഇന്ത്യ
വഡോദര: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുതലോടെ തുടക്കമിട്ട് ന്യൂസിലന്‍ഡ്. ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 17 റണ്‍സ് എന്ന നിലയിലാണ് കിവീസ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മധ്യനിരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ആറു ബോളര്‍മാരുമായാണ് ഇറങ്ങുന്നതെന്ന് ഗില്‍ പറഞ്ഞു. രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച ബോളര്‍മാര്‍.
സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡി ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയുമാണ് പേസര്‍മാരായി ടീമിലെത്തിയത്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരുക്കേറ്റ്, രണ്ടു മാസത്തോളം ഗ്രൗണ്ടിന് പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യരും കിവീസ് പരമ്പരയിലൂടെ തിരിച്ചുവരവിന് തയാറെടുക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിനായി മിന്നും പ്രകടനം കാഴ്ചവച്ച ശ്രേയസ്, ഇതിനോടകം മാച്ച് ഫിറ്റ്‌നസും ഫോമും തെളിയിച്ചുകഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിനാണ് മധ്യനിരയില്‍ ബാറ്റിങ്ങിന്റെ ചുമതല.
രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇതോട യശസ്വി ജയ്സ്വാളും പുറത്തായി. വിക്കറ്റ് കീപ്പറായി കെ.എല്‍.രാഹുല്‍ തന്നെയാണ്. ധ്രുവ് ജുറേല്‍ പുറത്തിരിക്കും. ന്യൂസീലന്‍ഡ് ടീമില്‍ ഇന്ത്യന്‍ വംശജനായ ഇരുപത്തിമൂന്നുകാരന്‍ ലെഗ് സ്പിന്നര്‍ ആദിത്യ അശോക് അരങ്ങേറും. ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും ന്യൂസിലന്‍ഡിനായി അരങ്ങേറ്റം കുറിക്കും. പ്രമുഖ താരങ്ങളില്ലാത്ത ന്യൂസിലന്‍ഡ് ടീമിനെ മൈക്കല്‍ ബ്രേസ്വെല്ലാണ് നയിക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം 14ന് രാജ്‌കോട്ടിലും മൂന്നാം മത്സരം 18ന് ഇന്‍ഡോറിലും നടക്കും.
സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് കിവീസ് എത്തുന്നത്. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമില്‍ ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍ക്ക് പഞ്ഞമില്ല. ഡെവന്‍ കോണ്‍വേ, ഹെന്റി നിക്കോളാസ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങി വാലറ്റം വരെ നീളുന്ന ബാറ്റിങ് നിരയാണ് കിവീസിന്റെ ശക്തി.
ആദ്യ ഏകദിനത്തിനായി ടീം ഇന്ത്യ ഇന്ന് വഡോദരയില്‍ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും രോ - കോ സഖ്യത്തില്‍ തന്നെ. ഇതാദ്യമായാണ് വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ (ബിസിഎ) സ്റ്റേഡിയം ഒരു രാജ്യാന്തര പുരുഷ ഏകദിന മത്സരത്തിന് വേദിയാകുന്നത്.
ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ, മൈക്കല്‍ ബ്രേസ്വെല്‍(ക്യാപ്റ്റന്‍), സക്കറി ഫോള്‍ക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജൈമിസണ്‍, ആദിത്യ അശോക്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.




